Sunday, July 15, 2012

ദ്രാണകൂർമ്മാസനം







യോ ശരീരത്തിനെന്നപോലെ മനസ്സിനും ഉന്മേഷം നൽകുമെന്ന് എന്നെ പ്രലോഭിപ്പിച്ചത്  എന്റെ ഡോക്ടറായിരുന്നു.  നഗരത്തിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ മാനസിക പിരിമുറുക്കങ്ങളുമായി ധാരാളം രോഗികൾ എത്താറുണ്ടായിരുന്നു.  ചിലർക്കെങ്കിലും, ഏതു മരുന്നിനേക്കാളും പ്രയോജനപ്പെട്ടത് യോഗയായിരുന്നെന്നും കൂടി പറഞ്ഞു വെച്ചിട്ട് അതു പരിശീലിപ്പിക്കുന്ന ഒരാചാര്യന്റെ വിലാസം അദ്ദേഹം മേശവലിപ്പിൽ നിന്നും  എടുത്തു തന്നത് ഏതാനും മാസങ്ങൾക്കു മുമ്പാണ്.
ഞാൻ ഡോക്ടറെ പരിചയപ്പെട്ടിട്ട് പത്തു വർഷത്തോളമാകുന്നു.  എന്റെ മനസ്സിൽ ഇടയ്ക്കിടെ ഉരുണ്ടു കൂടുന്ന കാർമേഘങ്ങളെയെല്ലാം ആട്ടിയോടിച്ച് അവിടെയൊരു നീലാകാശം പുനസ്സൃഷ്ടിച്ചു തരുന്നത് അദ്ദേഹത്തിന്റെ ജോലിയാണ്. അതദ്ദേഹം ഭംഗിയായി ചെയ്തു വന്നു. കാർമേഘങ്ങൾ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും കടന്നു വരാം.  ശോക പര്യവസായിയായ ഒരു കഥയിൽ നിന്നാവാം ചിലപ്പോളവ ഉരുവം കൊള്ളുക. ഭൂഖണ്ഡങ്ങൾക്കപ്പുറത്ത് വിശപ്പാൽ മെലിഞ്ഞ ഒരു രൂപത്തെ ആർത്തിയോടെ നോക്കുന്ന  കഴുകന്റെ ദൃശ്യം കാണുമ്പോഴോ, ഏതെങ്കിലും കാമാർത്തന്റെ കൈകളാൽ പിച്ചിച്ചീന്തപ്പെട്ട ഒരു പിഞ്ചു ശരീരം പത്രത്താളിൽ നിവർന്നു കിടക്കുമ്പോഴോ, കുത്തകക്കമ്പനിയുടെ കെണിയിൽപ്പെട്ടു കൃഷി നശിച്ച്  കടത്തിൽ മുങ്ങിച്ചത്ത കർഷകന്റെ വാർത്ത വായിക്കുമ്പോഴോ,  അതങ്ങനെ  തിടം വെക്കുന്നു.  പിന്നെ വാക്കുകൾ മനസ്സിൽത്തന്നെ ഛിദ്രമാക്കപ്പെടുകയും  ചുണ്ടുകൾ മൗനമുദ്രിതങ്ങളാവുകയും ചെയ്യുന്നു.  ഊഷരമായ മരുഭൂമിയാൽ വലയം ചെയ്യപ്പെട്ട നിലയിലാവും ഞാൻ.  എനിക്കു ചുറ്റും താപം ഉയർന്നു വരും.  ഉറക്കം തരുന്ന ഗുളികകളെല്ലാം നിഷ്ഫലമാവുകയും, പത്തുവർഷമായി ശൂന്യമായ കിടക്കയുടെ പാതി നോക്കി, രാത്രി മുഴുവൻ നെടുവീർപ്പിടുകയും ചെയ്യും.  അഥവാ ഒന്നു മയങ്ങിപ്പോവുകയാണെങ്കിൽ നീണ്ടു വളഞ്ഞ കൊക്കും കൂർത്ത നഖങ്ങളുമായി ഒരു കഴുകൻ എവിടെ നിന്നോ പറന്നു വന്നു് നേരത്തേതന്നെ ചോര വാർന്നുകൊണ്ടിരുന്ന എന്റെ ഹൃദയം കൊത്തി വലിക്കാൻ തുടങ്ങും.  അതി കഠിനമായ ദാഹത്തോടെ ഞാൻ ഞെട്ടിയെഴുന്നേൽക്കും.  ദുരയും കപടതയും നിറഞ്ഞ ലോകത്തു നിന്നും പുറത്തേയ്ക്കുള്ള വഴിയന്വേഷിച്ച് എന്റെ വലിയ വീടിന്റെ മുറികളോരോന്നും കയറിയിറങ്ങും. എന്നാൽ രാവണൻകോട്ടയിൽ, പുറത്തേയ്ക്കുള്ള വഴികളൊന്നും അപ്പോൾ കാണപ്പെടുകയില്ല.  വീട്ടുജോലിക്കാർ ഉറങ്ങുന്ന മുറികളിൽ നിന്നുയർന്നു കേൾക്കുന്ന, ഉറക്കത്തിന്റെ താളനിബദ്ധമായ സംഗീതം സഹിക്കാനാവാതെ വല്ല വിധേനയും വിശാലമായ ഊണുമുറിയിലെത്തി തണുത്ത ജലം മതിവരുവോളം കുടിക്കും.  തങ്ങളുടെ സ്വന്തം നീലാകാശങ്ങൾ തേടി പറന്നു പോയ മക്കളുടെ ബാല്യകാല കുതൂഹലങ്ങൾ മുറിയിലെ അലമാരകളിൽ നിറഞ്ഞിരിക്കുന്നുണ്ട്. അവ പകർന്നു തരുന്ന അല്പ ശാന്തിയിൽ ഞാൻ തിരിച്ച് വേച്ചു വേച്ച് മുറിയിലെത്തും.


ഉറക്കച്ചടവു നിഴലിക്കുന്ന കണ്ണുകളുമായി രാവിലെ തന്നെ എത്തുന്ന എന്നെ ഡോക്ടർ സാന്ത്വനം തരുന്ന ഒരു പുഞ്ചിരിയോടെ സ്വീകരിക്കും.  പിന്നെ അത്യന്തം വിവേകപൂർണ്ണമായ വാക്കുകൾ കൊണ്ട് അദ്ദേഹം തന്റെ ജോലി തുടങ്ങുകയായി.  ഏറെ സമയത്തിനു ശേഷം ചെറിയ ചില മരുന്നുകളും തെളിഞ്ഞ നീലാകാശവുമായി ഞാൻ വീട്ടിലേക്കു തിരിക്കും. 
എന്റെ സന്ദർശനങ്ങളുടെ ഇടവേള കുറഞ്ഞു വരാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം യോഗയെപ്പറ്റി എന്നെ ബോധ്യപ്പെടുത്തിയത്.  എന്നിട്ടും, കുറച്ചുനാൾ കഴിഞ്ഞാണ് ഞാൻ മേൽവിലാസം വീണ്ടും തപ്പിയെടുത്തത്.  നഗര പ്രാന്തത്തിലായിരുന്നു അതിൽ പറഞ്ഞിരുന്ന ആശ്രമം.  മുൻകൂട്ടി അനുവാദം വാങ്ങിയിട്ട്, വെള്ളിമേഘങ്ങളും സൗമ്യമായ സൂര്യനുമുള്ള ഒരു ദിവസം ഞാൻ അവിടെച്ചെന്നു.  നഗര ജീവിതത്തെ വളരെ വേഗം വിസ്മൃതമാക്കുന്ന ഒരന്തരീക്ഷം അവിടെ നിലനിന്നിരുന്നു.  പച്ചപ്പിന്റെ സാന്ദ്രത അതൊരു കാടിന്റെ തുടക്കമാണോ എന്ന് സംശയം ജനിപ്പിക്കും.  തണലത്തയവിറക്കുന്ന പുള്ളിമാനുകളെവിടെയെന്ന്  സന്ദർശകന്റെ കണ്ണുകൾ ഉഴറും.
 

കാത്തിരിപ്പൊന്നുമില്ലാതെ തന്നെ ഞാൻ ആചാര്യന്റെ അടുക്കലേയ്ക്ക് ആനയിക്കപ്പെട്ടു. ശാന്തി വികിരണം ചെയ്യുന്ന കണ്ണുകളും നെഞ്ചോളമെത്തുന്ന നര ബാധിക്കാത്ത താടിരോമങ്ങളും സ്ത്രൈണത തുളുമ്പുന്ന സൗമ്യമായ ശബ്ദവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. എന്റെ ഡോക്ടർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു.  അതുകൊണ്ടുതന്നെ എനിക്കു മാത്രമായി ദിവസവും കുറച്ചു സമയം നീക്കിവെക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.  ആദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വലിയൊരു തുക സംഭാവനയായി നൽകാൻ എനിക്കു മടിയുമില്ലായിരുന്നു.  പിറ്റേന്നു മുതൽ ഞാൻ പരിശീലനം ആരംഭിക്കുകയും ചെയ്തു. 
യോഗയെപ്പറ്റി വിശദമായി പറഞ്ഞുകൊണ്ടാണ്  അദ്ദേഹം തുടങ്ങിയത്.  കൂട്ടിച്ചേർക്കുക, ബന്ധിപ്പിക്കുക എന്നൊക്കെ അർത്ഥം വരുന്നയുജ്എന്ന സംസ്കൃത ശബ്ദത്തിൽ നിന്നാണ് യോഗ എന്ന വാക്കുണ്ടായത്.  മനസ്സ്, ശരീരം, ആത്മാവ് എന്നിവയുടെ പൂർണ്ണമായ ഐക്യപ്പെടലാണ് യോഗ. ശാരീരികവും മാനസികവുമായ അടിസ്ഥാനങ്ങൾ അതിനുണ്ട്.  ശാരീരിക വിഷയത്തിൽ ആസനങ്ങൾ, ക്രിയകൾ, ബന്ധനം, പ്രാണായാമം എന്നിവയും നാലു മാത്രകളുമാണുള്ളത്.”  തുടർന്നു്, പല തരത്തിലുള്ള ആസനങ്ങളെപ്പറ്റിയും അവയുടെ പ്രയോജനങ്ങളെപ്പറ്റിയും വിവരിച്ചിട്ട്, ശരിയായ പരിശീലനം തുടങ്ങാനായി ശരീരത്തെ പാകപ്പെടുത്തിയെടുക്കാൻ നാലഞ്ചു മാസങ്ങൾ എടുക്കുമെന്നു് അദ്ദേഹം സൂചിപ്പിച്ചു.

എന്റെ ദിവസങ്ങൾ ശാന്തമായി കടന്നു പൊയ്ക്കൊണ്ടിരുന്നു.  പാഠങ്ങൾക്ക്, എന്റെ ശരീരം പെട്ടെന്നു വഴങ്ങി.  ഒന്നിലധികം നിലകളുടെ യോഗമായ സൂര്യ നമസ്കാരം, കടിചക്രാസനം, പദഹസ്താസനം, അർദ്ധ ചന്ദ്രാസനം, തദാസനം, മകരാസനം, ശവാസനം, മയൂരാസനം, മത്സ്യാസനം, പദ്മാസനം ആചാര്യൻ ഓരോന്നും ക്ഷമാപൂർവം പഠിപ്പിച്ചുകൊണ്ടിരുന്നു.  ഞാനവയെല്ലാം അടുക്കോടെ സ്വായത്തമാക്കി വന്നു.  ഡോക്ടറെ കാണുന്നത് സൗഹൃദം പുതുക്കാൻ മാത്രമായിത്തീർന്നു.

ഒരു ദിവസം ആചാര്യൻ പറഞ്ഞു.  ഇന്നൊരു പുതിയ നിലയാണ് പഠിക്കുന്നത്.  ദ്രാണകൂർമ്മാസനം’.  ഉറങ്ങുന്ന ആമയാണു മാതൃക.  ശാരീരികവും മാനസികവുമായ ഒരു തരം സുഷുപ്താവസ്ഥ.  പഞ്ചേന്ദ്രിയങ്ങളെയും ബാഹ്യാവയവങ്ങളെത്തന്നെയും നമുക്കുള്ളിലുള്ള ഒരു സാങ്കല്പിക ബിന്ദുവിലേക്ക് ചുരുക്കുന്നു.  പരമമായ വിശ്രാന്തിയിലെത്തുകയാണു ലക്ഷ്യം.”  അനന്തരം പുൽപ്പായിൽ കമിഴ്ന്നു കിടന്ന് അതിന്റെ രീതികൾ അദ്ദേഹം വിശദമാക്കിത്തന്നു.  ഞാനത് അനുകരിക്കാൻ ശ്രമിച്ചു.  ഉച്ഛ്വസിക്കുക!”.  ഞാൻ ശ്വാസം ഉള്ളിലേക്കു വലിച്ചു.  കൈകാലുകൾ, കണ്ണുകൾ. വായ്, ചെവി, മൂക്ക്;  ഇനി തലയാകെത്തന്നെ ഉള്ളിലേക്കു ചുരുക്കുക.  ഷഡാധാര പ്രതിഷ്ഠയിൽ ഹൃദയ പദ്മത്തിൽ പ്രതിപാദിച്ചിരിക്കുന്ന കൂർമ്മമാവുക!”  എനിക്കു തല കറങ്ങി.  അദ്ദേഹത്തിന്റെ വാക്കുകൾ അർത്ഥരഹിതമായ ജല്പനങ്ങൾ പോലെ എനിക്കു ചുറ്റും വലം വെച്ചു. തോൽവി സമ്മതിച്ച് ഞാൻ പായിൽ നിന്നും എഴുന്നേറ്റു.  ആചാര്യൻ എനിക്ക് വിശ്രമം കല്പിച്ചു.     

ഏതാനും ദിവസങ്ങൾക്കു ശേഷം, അത്താഴം കഴിഞ്ഞ് നീലാകാശവും നോക്കി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഞാൻ; എന്നെ നോക്കി കണ്ണിറുക്കാറുള്ള ഒരു നക്ഷത്രത്തെ തെരഞ്ഞു കൊണ്ട്. പത്തു വർഷമായി ഞാനതിനെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. എന്റെ മന്ദസ്മിതങ്ങളെപ്പോലും കവർന്നിട്ടായിരുന്നു അതവിടെ ചേക്കേറിയത്.  പെട്ടെന്നു് തെരുവിൽ ഒരു വാഹനം കരച്ചിലോടെ വന്നു നിന്നു.    അതിൽ നിന്നും ഏതാനും ആൾരൂപങ്ങൾ ചാടിയിറങ്ങി. ചില ആക്രോശങ്ങൾ, തെരുവു വിളക്കിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന ഒരു വാൾമുന,  പാതിയിൽ നിലച്ചുപോയ ഒരു നിലവിളി...

എന്റെ കണ്ണിൽ ഇരുട്ടു കയറി.  കാലുകൾ ബലഹീനങ്ങളായി.  ആകാശത്ത് കറുകറുത്ത മേഘങ്ങൾ ഉരുണ്ടു കൂടി.  ഇനിയൊരിക്കലും ഏച്ചുചേർക്കാനാവാത്ത തരത്തിൽ എന്റെ നീലാകാശം ചിന്നിപ്പോയെന്ന് എനിക്ക് മനസ്സിലായി.  ഞാൻ വേച്ചു വേച്ച് എന്റെ വ്യായാമ മുറിയിലെത്തി.  പുല്പായ നിവർത്തിയിട്ട് അതിൽ കമിഴ്ന്നു കിടന്നു.  ഉച്ഛ്വസിക്കുക!” ആചാര്യന്റെ ശബ്ദം കാതുകളിൽ മുഴങ്ങി.  ഞാൻ ശ്വാസം ഉള്ളിലേക്കു വലിച്ചു.  കൈകാലുകൾ, കണ്ണുകൾ. വായ്, ചെവി, മൂക്ക്;  ഇനി തലയാകെത്തന്നെ ഉള്ളിലേക്കു ചുരുക്കുക.”  ഞാൻ അങ്ങനെ ചെയ്തു.  എന്റെ കൈകാലുകൾ ശരീരത്തിലേയ്ക്ക് ഉൾവലിഞ്ഞു.  കണ്ണുകൾ അതിന്റെ കുഴികളിൽ ആണ്ടിറങ്ങി.  തല ശരീരത്തിൽ ഒതുങ്ങിക്കൂടി.  ത്വക്കിനു കനം ഏറി വന്നു.  അവസാനം അതൊരു പുറന്തോടായി മാറി. ലോകത്തിന്റെ നൃശംസതകളൊന്നും ഇപ്പോൾ എന്നെ അലട്ടുന്നില്ല.  വിശക്കുന്നവന്റെ ഞരക്കമോ കൊല ചെയ്യപ്പെടുന്നവന്റെ നിലവിളിയോ എന്റെ കർണ്ണങ്ങളിൽ പതിയുന്നില്ല. എന്റെ ഹൃദയം യാതൊരു കഴുകനും പ്രാപ്യമല്ലാത്തവണ്ണം കവചിതമായി.  സൃഷ്ടിയോ സ്ഥിതിയോ സംഹാരമോ വേവലാതിപ്പെടുത്താത്ത, തിരിച്ചുണരാൻ ആഗ്രഹമില്ലാത്ത യോഗനിദ്രയിലേക്ക് ഞാൻ ആണ്ടു പോയി. 

                          ***                  ***                ***

(ഇതിൽ പ്രതിപാദിച്ചിരിക്കുന്നദ്രാണകൂർമ്മാസനംഭാവനാസൃഷ്ടി മാത്രമാണ്.  യോഗാചാര്യന്മാർ മൂലഗ്രന്ഥങ്ങൾ ഉദ്ധരിച്ച് വഴക്കിനു വരുകയോ വായനക്കാർ നില അനുകരിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നപേക്ഷ.)


ചിത്രം :  മീനാക്ഷി ചാറ്റർജിയുടെ ഒരു പെയിന്റിങ്ങ്. 






49 comments:

  1. മഴവില്ലിൽ വായിച്ചു.... ദ്രാണകൂർമ്മാസനം ശരിക്കും ഉള്ളതാന്നാ വിചാരിച്ചത്... നല്ലൊരാശയം.തല അകത്തേക്ക് വലിച്ച് നമുക്കു കൂർമ്മങ്ങളാകാം...

    ReplyDelete
  2. വളരെ നല്ല കഥ നാസര്‍., ചുറ്റുപാടുകളില്‍ നിന്നകന്ന് സ്വന്തം തോടിനുള്ളിലേക്ക് വലിയുന്ന മനുഷ്യ ജീവി ഒട്ടകപ്പക്ഷിയെയും ഒച്ചിനെയും കുറ്റം പറയുന്നു. അവനവനെവിടെയെന്ന് നോക്കുന്നില്ല. കഥ വികസിപ്പിച്ച രീതിയും ഉള്‍ച്ചേര്‍ത്ത വിവരങ്ങളും താങ്കളുടെ വായനകളെ പ്രതിഫലിപ്പിക്കുന്നു.

    ReplyDelete
  3. ഇനി ഒരേയൊരാഗ്രഹമേ ബാക്കിയുള്ളു..!!
    കൂര്‍മ്മങ്ങളുടെ നാട്ടിലെ രാജകൂര്‍മ്മമാവുക

    കഥ വളരെ നന്നായിട്ടുണ്ട് സുഹൃത്തേ

    ReplyDelete
  4. പോസ്റ്റ്‌ കാണാന്‍ വൈകി..
    ഇത് ഡാഷ് ബോര്‍ഡില്‍ വന്നിട്ടില്ലല്ലോ ഭായീ...
    കൊമ്പന്റെ ബ്ലോഗിനും ഈ പ്രശ്നം ഉണ്ടെന്നു തോന്നുന്നു...

    കഥ നന്നായിട്ടുണ്ട്...
    മികച്ച അവതരണവും...
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആസനം ശവാസനമാണ്...:-)

    ReplyDelete
    Replies
    1. 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.' എന്ന് പറഞ്ഞ പോലെ ശവങ്ങളുടേയും ആസനത്തിലാണല്ലേ ഡോക്ടറുടെ കണ്ണ്.!





      ചുമ്മാതാ തല്ലല്ലേ,ഞാനോടി.

      Delete
  5. നല്ല രീതിയില്‍ എഴുതിയ ഒരു കഥ. 'മഴവില്ലില്‍' ഇത് വായിച്ചിരുന്നു.
    ആശംസകള്‍

    ReplyDelete
  6. അതു ശരി.
    ഭാവനാസനം ആയിരുന്നല്ലേ?
    അല്ലെങ്കിൽ ഞാൻ തല്ലുണ്ടാക്കാൻ വരുവായിരുന്നു!
    നല്ല എഴുത്ത്.

    ReplyDelete
  7. പുതുമയുള്ളൊരു പ്രമേയം എന്നതിലുപരി..,
    ഇതിന്റെ അവതരണ ശൈലി വല്ലാതെ ഇഷ്ടപ്പെട്ടു ...
    ഇത്-പോലുള്ളവയെ ഇനിയും,പ്രതീക്ഷിക്കുന്നു..
    ആശംസകളോടെ......

    ReplyDelete
  8. നറഹിസ്സിസ് ഹാശിട്ടപാഞ്ഞെഗ്ഗിസും കൊമ്മുമൂചെ ഹാശിട്ടു..ഇചുഅഅമ്...

    ReplyDelete
    Replies
    1. കപു കെമിഉ കിര്ചത്തെച്ചു. :)

      Delete
  9. കുത്തകക്കമ്പനിയുടെ കെണിയിൽപ്പെട്ടു കൃഷി നശിച്ച് കടത്തിൽ മുങ്ങിച്ചത്ത കർഷകന്റെ വാർത്ത വായിക്കുമ്പോഴോ, അതങ്ങനെ തിടം വെക്കുന്നു. പിന്നെ വാക്കുകൾ മനസ്സിൽത്തന്നെ ഛിദ്രമാക്കപ്പെടുകയും ചുണ്ടുകൾ മൗനമുദ്രിതങ്ങളാവുകയും ചെയ്യുന്നു. ഊഷരമായ മരുഭൂമിയാൽ വലയം ചെയ്യപ്പെട്ട നിലയിലാവും ഞാൻ. എനിക്കു ചുറ്റും താപം ഉയർന്നു വരും.

    ഇതിൽ പ്രതിപാദിച്ചത് ഭാവനാസൃഷ്ടി മാത്രമാവും. പക്ഷെ ഇക്ക ഒരുപാട് പഠനം നടത്തിയിട്ടുണ്ട് ഇങ്ങനൊരു കൊച്ച് കുറിപ്പ് തയ്യാറാക്കാൻ. എന്റെ ദൈവമേ ഇതിന്റെ പത്തിലൊരംശം ചിന്തയും പഠന കാര്യങ്ങളോടുള്ള ത്വരയും എനിക്ക് തരണേ അങ്ങ്. അത്രയ്ക്കും എനിക്ക് ബോധിച്ചു ഈ ഒരു കുറിപ്പിനു പിന്നിലുള്ള താങ്കളുടെ ശ്രദ്ധയും പഠനവും. ആശംസകൾ.

    ReplyDelete
  10. മനുഷ്യനിലെ സ്വാർത്ഥമോഹങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് അവനെ സ്വന്തം തോടിനുള്ളിലേക്ക് വിദഗ്ദമായി ഉൾവലിയുന്ന വിവിധ തരം ക്രിയകൾ പഠിപ്പിച്ചു കൊടുക്കുന്ന കപടയോഗികൾക്കും, ആസനക്രിയാവിദഗ്ദർക്കും മാർക്കറ്റ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ശ്വാസനിശ്വാസങ്ങളെണ്ണി സ്വന്തം ജീവിതാഹ്ലാദം എങ്ങിനെ ഉത്പാദിപ്പിക്കാമെന്ന് അവർ പഠിപ്പിച്ചു കൊടുക്കുന്നു. എങ്ങിനെ അയൽക്കാരന്റെ ജീവിത ദുരിതങ്ങൾക്കു നേരെ പുറം തിരിയാമെന്നും, അപരനെ മലർത്തിയടിച്ച് സ്വന്തം വിജയം മാത്രം എങ്ങിനെ ഉറപ്പാക്കാം എന്നും ഇവർ പറഞ്ഞു കൊടുക്കുന്നു....

    ഇപ്രകാരം ദുരമൂത്ത മനുഷ്യൻ സ്വാർത്ഥതയുടെ പോളകൾക്കുള്ളിലേക്ക് വലിഞ്ഞ് സ്വന്തം സുരക്ഷിതത്ത്വം ഉറപ്പിക്കുന്ന വിദ്യ ഫീസുകൊടുത്തു പഠിച്ചെടുക്കുന്ന നമ്മുടെ കാലത്തോട് ശക്തമായി സംവദിക്കുന്നു ഈ കഥാശിൽപ്പം....

    ബ്ലോഗെഴുത്തിടങ്ങളിൽ അപൂർവ്വമായി കാണുന്ന വ്യത്യസ്ഥമായ പ്രമേയം. ശക്തമായ പ്രചരാണാംശം ഉൾച്ചേർന്നിരിക്കുമ്പോഴും ശിൽപ്പഭദ്രത ഒട്ടും ചോർന്നു പോവാതെയുള്ള എഴുത്ത്. സ്വന്തം കൈയ്യൊപ്പിട്ട നവീനമായ ഭാഷ.....

    അഭിനന്ദനങ്ങൾ നാസർ........

    ReplyDelete
    Replies
    1. കഥയുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നുള്ള ഇത്തരം ഒരു വായന നടന്നു കാണുന്നത് ഏതൊരെഴുത്തുകാരന്റെയും സ്വപ്നമാണ്. പ്രിയ കഥാകൃത്തിൽ നിന്നാകുമ്പോൾ ഇരട്ടി മധുരം.

      Delete
  11. @ സുമേഷ്
    @ ആരിഫ് ഭായ്
    @ അജിത് ഭായ്
    @ ഡോ. അബ്സർ
    @ റോസാപൂക്കൾ
    @ ഡോ. ജയൻ
    @ സഹീർ
    @ ജുനു
    @ മണ്ടൂസൻ

    കഥ വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിന് എന്റെ സ്നേഹം.

    ReplyDelete
  12. ഒറ്റ വായനയില്‍ ഒന്നുമില്ലാത്ത ഒരു സാധാരണ വിഷയം..
    അവതരിപ്പിച്ച ശൈലിയും, ഭാഷയും, കൂട്ടിച്ചേര്‍ത്ത വിഷയങ്ങളുമെല്ലാം വച്ച് നോക്കുമ്പോള്‍ നല്ലൊരു രചന..

    നല്ലൊരു പഠനം തന്നെ വേണ്ടിവരുമല്ലോ ഇങ്ങനെ എഴുതാന്‍..
    എഴുത്ത് തുടരട്ടെ..
    നന്മകള്‍ നേരുന്നു...

    ReplyDelete
  13. നല്ലൊരു വേറിട്ട രിതിയിലുള്ള പോസ്റ്റ്
    ഇഷ്ടായി

    ReplyDelete
  14. പതഞ്‌ജലി യോഗ സൂത്ര പോലെ മനോഹരം ഈ അഞ്ജലികവും, ഇതില്‍ വന്ന ആ സഡന്‍ ഷിഫ്റ്റ്‌ എനിക്ക് ഒരുപാട് ഇഷ്ടം ആയി... സമൂഹ അനാചാരങ്ങളെ എന്നും കണ്ടില്ല എന്ന് നടിക്കാന്‍ സമധാനം ലഭിക്കാന്‍ എന്ത് ചെയണം എന്ന് അറിയാതെ ഉഴലുന്ന എനിക്ക് എന്നെ തന്നെ ഈ പോസ്റ്റില്‍ കാണാന്‍ പറ്റി

    ReplyDelete
  15. വളരെ നന്നായെഴുതി.. നല്ല ശൈലി, അതിലേറെ കഥയെഴുതാന്‍ നടത്തിയ ഹോം വര്‍ക്ക്.. ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  16. വേറിട്ട ആശയം,നല്ല അവതരണം...യോഗ ഗുരുവാണോ താങ്കള്‍? നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. യോഗയെപ്പറ്റി അല്പം വായിച്ചിട്ടേ ഉള്ളൂ, വെള്ളിക്കുളങ്ങരക്കാരാ. നന്ദി, ഇവിടെയെത്തിയതിന്.

      Delete
  17. നല്ലൊരുമെസേജ് ഈ കഥ നല്‍കുന്നുണ്ട്...സമൂഹത്തോട്‌ യാതൊരുവിധ ഉത്തരവാദിത്വവുമില്ലാതെ പള്ളികളില്‍ ആരാധനകളുമായി കയിയുന്നവര്‍ ഒരുപാടുണ്ട് നമ്മുടെ സമൂഹത്തില്‍

    ReplyDelete
  18. സുപ്രഭാതം...

    "Put yourself in to a state of being that is favourable to achieve success.."
    -a single second of boldness..
    Good thought...congrats...!

    ReplyDelete
    Replies
    1. Thank u teacher, 4 ur visit. Here that 'state of being' was forced upon the character by the out side world. It was not his own chosing.

      Delete
  19. രണ്ടാമത്തേയോ മൂന്നാമത്തേയോ തവണയാണ്‌ വായിക്കുന്നത്‌. നല്ല കഥ. നന്നായി എഴുതി. അഭിനന്ദനങ്ങൾ.

    ReplyDelete
  20. വ്യത്യസ്തമായ ഭാഷ കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായ കഥ ...
    ആശംസകള്‍...

    ReplyDelete
  21. വ്യത്യസ്തമായ കഥ ...
    ആശംസകള്‍

    ReplyDelete
  22. എവിടെയൊക്കെയോ കൊളുത്തിവലിക്കുന്ന എഴുത്ത്..

    ReplyDelete
  23. മഴവില്ലില്‍ വായിച്ചിരുന്നു....വ്യത്യസ്തമായ കഥ...ആശയം പുതുമ ഉള്ളതയിരുന്നു

    ReplyDelete
  24. താങ്കളുടെ ഈ കഥ ഇപ്പോഴാണ്‌ വായിക്കുന്നത്‌... വര്‍ത്തമാനകാല ലോകത്ത്‌ നിന്നും ഓടിയൊളിക്കാന്‍, അല്ലെങ്കില്‍ ഒന്നും കാണാതിരിക്കാന്‍, കേള്‍ക്കാതിരിക്കാന്‍ കൊതിക്കുന്ന ഒരു കഥാപാത്രത്തെ ഈ കഥയില്‍ ഞാന്‍ അനുഭവിച്ചു... ആശംസകള്‍ നാസര്‍

    ReplyDelete
  25. ‎"ദ്രാണകൂര്‍മ്മാസനം" ഇന്ന് പൊതുവില്‍ ആളുകള്‍ അറിഞ്ഞോ അറിയാതെ ചെയ്യുന്ന നിത്യാസനം. ഇവിടെ എഴുത്തുകാരന്‍ കഥാപാത്രത്തിന്‍റെ മനോഗതിയെ അടുത്തറിഞ്ഞു വിവരിക്കുംപോലെ ഹൃദ്യമാക്കിയിരിക്കുന്നു.ഓരോ വാക്കും സൂക്ഷ്മം നിരത്തി അടുക്കി വായനക്കാരന്‍റെ മനസ്സില്‍ അതിന്റെ പ്രതിഫലനം സൃഷ്ടിക്കുന്ന എഴുത്തുകാരന്റെ കഴിവിനെ അഭിനന്ദിക്കുവാനുള്ള വാക്കുകള്‍ ഞാന്‍ തിരയട്ടെ. Nassar Ambazhekel താങ്കള്‍ വീണ്ടും, മനുഷ്യമനസ്സിന്‍റെ സങ്കീര്‍ണതകളില്‍ ഊഴിയിട്ടു കഥകള്‍ വാരുന്ന മുങ്ങല്‍ വിദഗ്ധന്‍ എന്ന് തെളിയിച്ചിരിക്കുന്നു.

    ReplyDelete
  26. സ്വന്തം അയല്‍വാസി ആരെന്നറിയാത്ത രീതിയിലേക്ക് ലൈഫ് സ്റ്റയില്‍ മാറിപ്പോയിരിക്കുന്നു. ചുറ്റുപാടുകളിലെ സംഭവങ്ങള്‍ എന്നെ ബാധിക്കുന്ന ഒന്നല്ല എന്ന ചിന്തയെ വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍ നാസര്‍ ഭായ്.

    ReplyDelete
  27. പ്രിയപ്പെട്ട നാസര്‍,

    പുതിയ ഒരു രക്ഷാമാര്‍ഗം കാണിച്ചു തന്നതിന്,വളരെ നന്ദി ! :)

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. ഈ രക്ഷാമാർഗ്ഗം അനുകരണീയമല്ല അനൂ.

      Delete
  28. ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ്‌ ലിവിങ്ങിനു ഒരാഴ്ചത്തെ ക്ലാസിനു പണ്ട് ഞാന്‍ പോയിട്ടുണ്ട്..
    ഈ 'ദ്രാണകൂർമ്മാസനം’ ഭാവനാസൃഷ്ടി ആയത് നന്നായി പഴേ ഓര്‍മ്മ വച്ചു അത് അനുകരിക്കാന്‍ വല്ലോം പോയാല്‍ എന്തായേനെ ന്റെ അവസ്ഥ പടച്ചോനെ ഓര്‍ക്കാന്‍ പോലും വയ്യ ...
    വ്യത്യസ്തമായ കഥ .. നന്നായി എഴുതി... അഭിനന്ദനങ്ങൾ ..!!

    ReplyDelete
  29. വളരെ വ്യത്യസ്തമായി അവതരിപ്പിച്ചു .... ............ ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

    ReplyDelete
  30. അനുഭവക്കുറിപ്പ് ആയി വായിച്ചുവന്നതാ.
    കഥ എന്ന് ലേബല്‍ കണ്ടത് അവസാനമാണ്.

    ReplyDelete
  31. @ഖാദു,
    ഷാജു അത്താണി
    പടന്നക്കാരൻ
    വിഗ്നേഷ്
    ഇലഞ്ഞിപ്പൂക്കൾ
    കുമ്മാട്ടി
    കോയാസ്
    സാബു
    ഷലീർ
    നാച്ചി
    ഫസലു
    അനാമിക
    മൊഹി
    അംജദ്
    ജെഫു
    കൊചുമോൾ
    ജയരാജ്
    സോണി

    ഇവിടെയെത്തി കഥ വായിച്ച് അഭിപ്രായം അറിയിച്ചതിന് എന്റെ കടപ്പാട്.

    ReplyDelete
  32. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  33. പോസ്റ്റ് ചെയ്തതിനടുത്ത ദിവസം തന്നെ വായിച്ചിരുന്നു...കമന്റണമെന്നു കരുതി പിന്നെ വിട്ടുപോയി.
    ദ്രൂണകർമ്മാസനം ജന്മസിദ്ധമാണെന്നു തോന്നുന്നു. അതറിയാത്തവരുടെ ജീവിതം അസ്വസ്ഥകതളും ഉറക്കമില്ലായ്മയും നിറഞ്ഞതായിരിക്കുമല്ലൊ..
    നല്ല ഭാഷ, നല്ല കൈയ്യടക്കം..

    ReplyDelete
  34. കമന്റ്‌ ചെയ്തതാണ് എന്ന ഉത്തമവിശ്വാസത്തില്‍ ആണ് വീണ്ടും ഈ പോസ്റ്റില്‍ വന്നത് .പുതിയ കാലത്തിന്റെ വ്യഥകള്‍ ,അതിനു പരിഹാരവും കൊണ്ടെത്തുന്ന അഭിനവ ഭിഷഗ്വരന്മാരും ,,പുതുമയുള്ള വിഷയം തനിമയുള്ള ഭാഷയില്‍ അവതരിപ്പിച്ചു ..

    ReplyDelete
  35. കൊള്ളാം, വ്യത്യസ്തതയുള്ള, പുതുമയുള്ളൊരു പോസ്റ്റ്, സുന്ദരമായ ഒരു വായന നൽകി...

    ReplyDelete
  36. ഹാ! ഞാനെന്തേ ഈ അഞ്ജലികത്തിലേക്ക് വരാന്‍ താമസിച്ചത്?.എത്ര ശുദ്ധമായ ശൈലി. അതാണെനിക്കേറെ ഇഷ്ട്ടപ്പെട്ടത്. പിന്നെ വായിച്ചപ്പോള്‍ വരികളില്‍ ഞാന്‍ എന്നെതന്നെയാണ് കണ്ടുമുട്ടിയത്. ((ഭൂഖണ്ഡങ്ങൾക്കപ്പുറത്ത് വിശപ്പാൽ മെലിഞ്ഞ ഒരു രൂപത്തെ ആർത്തിയോടെ നോക്കുന്ന കഴുകന്റെ ദൃശ്യം കാണുമ്പോഴോ, ഏതെങ്കിലും കാമാർത്തന്റെ കൈകളാൽ പിച്ചിച്ചീന്തപ്പെട്ട ഒരു പിഞ്ചു ശരീരം പത്രത്താളിൽ നിവർന്നു കിടക്കുമ്പോഴോ,))എത്രയോ പകലുകളില്‍,രാവുകളില്‍ ആ ചിത്രങ്ങള്‍ എന്റെ ഹൃദയത്തെ വിഷാദത്തില്‍ മുക്കിക്കൊന്നു. മൌനം അധരങ്ങളില്‍ മുദ്ര ചാര്‍ത്തി. ഈ വായന വിഷമങ്ങളില്‍ നിന്ന് മുക്തയാകാനല്ല എന്നെ സഹായിച്ചത്.എന്നെ പോലെ ഒരു ഭ്രാന്തനെ കണ്ടുമുട്ടിയപ്പോള്‍ അത് വീണ്ടും ഘനം വെച്ചു. എന്റെ തിളച്ച ഉച്ഛ്വാസങ്ങള്‍ പുറത്തേക്ക് തൂകി ലാഘവം വരുത്താന്‍ ,ഒരു നീലാകാശമില്ല,ഒരു ജനലഴി പോലുമില്ല വാടകവീട്ടില്‍ . ആമ പുറംതോടിനുള്ളില്‍ ചുരുണ്ടുകൂടിയതാണോ പ്രശ്നം?..പുറം തോടിനുള്ളില്‍ നിന്ന് പുരം കാഴ്ച്ചകള്‍ കാണുന്നതാണോ പ്രശ്നം?..വീണ്ടും ചോദ്യങ്ങള്‍ . പ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം പ്രശ്നപരിഹാരമല്ലെന്ന ബോദ്ധ്യത്തോടെ തന്നെ,ചിലരൊക്കെയങ്ങനെയാവാം എന്ന വിശ്വാസത്തില്‍ ഈ വരികളുടെ മനോഹാരിതയില്‍ മുങ്ങി.. വീണ്ടും വിഷാദമുക്തിയും കാത്ത്....

    ReplyDelete
  37. നല്ല ഒന്നാന്തരം കഥ! നല്ല ഭാഷ! ലോകത്തോട് സമരസപ്പെട്ടുപോകാൻ കഷ്ടപ്പെടുന്ന മനുഷ്യരും ആ സമരസപ്പെടലിനായി യോഗവിദ്യകളുൾപ്പെടെയുള്ള ജീവനരീതികളുടെ പാഠങ്ങളിലേയ്ക്ക് പുതുതാളുകൾ (?) എഴുതിച്ചേർക്കുന്ന, യോഗികളുടെ താടിയും മുടിയുമായി ചേരാത്തവിധം സ്ത്രൈണശബ്ദമുള്ള പുതിയതരം ആചാര്യന്മാരും! ട്രേയ്ൻ ചെയ്തെടുക്കുകയാണ്! ഒരുകണക്കിന് കുറ്റം പറഞ്ഞിട്ടും കാര്യമില്ല ദ്രാണകൂർമ്മാസനത്തെ.. അത് പഠിച്ചെടുക്കാതിരിക്കാൻ അങ്ങേശ്വാസം വരേയ്ക്കും പരിശ്രമിക്കുകയാണ് പക്ഷേ വേണ്ടത്. (ചില സമാന ആകുലതകൾ പങ്കുവെച്ചുകേട്ടോ... ഞാനും ഇടയ്ക്കിടെ ഇങ്ങനെ കെട്ടുപോകാറുണ്ട്. പക്ഷേ അത് എങ്ങനെ ലളിതമായി വിവരിക്കണമെന്ന് അറിയില്ലായിരുന്നു..)

    ReplyDelete
  38. യോഗയെ പറ്റിയൊക്കെ നല്ലൊരു ഹോം വർക്ക് ചെയ്തിട്ടുണ്ടല്ലോ ഭായ്
    സൂപ്പറായി അവതരിപ്പിക്കുകയും ചെയ്തതിനാൽ നല്ല വായനാ സുഖവുമുണ്ട് കേട്ടൊ നാസർ

    ReplyDelete
  39. ഒരു കഥാ തന്തുവില്‍ നിന്ന് പ്രത്യേക ഇഴയടുപ്പത്തോടെ മുന്നോട്ടു നീങ്ങുക വളരെ പ്രയാസമാണ് . അത് കൊണ്ടാണല്ലോ വ്യത്യസ്തം എന്ന് ഞാനും പറഞ്ഞത് . ഇഷ്ടം . :)

    ReplyDelete
  40. മനുഷ്യന്റെ സമകാലീന യോഗാസനം. വരും നാളുകളിൽ കൂടുകയേ ഉള്ളുവെന്ന് തോന്നുന്നു..

    ReplyDelete
  41. കഥയിലെ നായകന്‍ നമ്മള്‍ ഓരോരുത്തരുമാണ്.
    തന്നിലേക്ക് ചുരുങ്ങുന്ന മനുഷ്യര്‍.
    ഉജ്ജ്വലമായി എഴുതിയിരിക്കുന്നു.

    ReplyDelete

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഒരാളോടെങ്കിലും പറയുക.