Sunday, December 25, 2011

ഗ്രാമചത്വരത്തിലെ പക്ഷി


ഗ്രാമചത്വരത്തിലെ പക്ഷി


We have a natural right to make use of our pens as of our tongue, at our peril, risk and hazard. ~Voltaire
                                         

അതവിടെ വന്നതെങ്ങനെയെന്ന് ഞാൻ ഓർമ്മിക്കുന്നില്ല.  അതിനെ ചൂഴ്ന്നുനിന്ന വിസ്മയവർണ്ണങ്ങളാണു` ആദ്യം കണ്ണിൽപ്പെട്ടത്. പിന്നെ ഒരു ദിവസം തന്റെ മധുരശബ്ദത്തിൽ അത് പാടിത്തുടങ്ങി.  ഗ്രാമത്തിലുള്ളവരെല്ലാം അതിന്റെ ശബ്ദത്തിന്റെയും വർണ്ണത്തിന്റെയും മാസ്മരികതയിൽ ഭ്രമിച്ച് അതിനു ചുറ്റും നൃത്തം വെച്ചു.  അവർക്കിടയിലുണ്ടായിരുന്ന കവികളിൽ പാരമ്പര്യക്കാർ വൃത്തബദ്ധമായും ആധുനികർ വൃത്തമില്ലാതെ മുറിഞ്ഞ വരികളിലും അതിനെപ്പറ്റി കവിതകളെഴുതി, പാടിനടന്നു.  ക്രമേണ ഞങ്ങളുടെയെല്ലാം ദിവസങ്ങളിൽ ഒരു ഭാഗം, അതിരുന്ന ഗ്രാമചത്വരത്തിലെ വൃക്ഷത്തിനു ചുറ്റുമായി കറങ്ങിത്തിരിഞ്ഞു.  ഗ്രാമത്തിലെ കുട്ടികൾ പാഠശാലകളിലെത്താതെ ചത്വരത്തിലും അതിനടുത്തുള്ള ഊടുവഴികളിലും ചുറ്റിനടന്നു.  അവിടെ പുതുതായുയർന്ന മുറുക്കാൻ കടകളിൽ നിന്നും വാങ്ങിയ വർണ്ണക്കടലാസിൽ പൊതിഞ്ഞ ലഹരിത്തരികൾ നുണഞ്ഞ് ഇടവഴികളിൽ തുപ്പി അവിടമാകെ ചുവപ്പുനിറം പടർത്തി.  അവരുടെ അമ്മമാർ തങ്ങളുടെ മക്കൾക്കു നഷ്ടപ്പെടുന്ന പാഠങ്ങളെയോർത്ത് വേവലാതിപ്പെട്ടെങ്കിലും ചത്വരത്തിലെത്തുന്നത് ആധുനികതയുടെ വഴക്കമായി അതിനകം തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞതിനാൽ അവർ തങ്ങളുടെ വേപഥുവൊതുക്കി ശാന്തരായി.

ഗ്രാമത്തിലെ പക്ഷിശാസ്ത്രജ്ഞരും പ്രകൃതിസ്നേഹികളും തങ്ങൾ പഠിച്ച പരിണാമശാസ്ത്രത്തിലോ വർഗ്ഗീകരണപ്പട്ടികയിലോ അങ്ങനെയൊരു ജനുസ്സിനെ കാണാഞ്ഞ് ആശങ്കപ്പെട്ടു.  സൂക്ഷ്മനിരീക്ഷണത്തിൽ, മിക്ക പക്ഷികളെയും പോലെ ഫലാഹാരിയായ ഒരു സാധുവാണതെന്ന് അവർ മനസ്സിലാക്കി.  ചില യുവാക്കൾ, ചത്വരത്തിനടുത്ത് പുതുതായിത്തുടങ്ങിയ തീന്മാളികയിൽ നിന്നും വാങ്ങിയ പന്നിയുടെ മാംസം അരച്ചുപരത്തി പൊരിച്ചെടുത്ത് വശങ്ങളിൽ അപ്പക്കഷണങ്ങൾ വെച്ചു പൊതിഞ്ഞ പുതിയൊരു വിഭവം (എന്നാലത് പടിഞ്ഞാറുകാരുടെ നിത്യഭക്ഷണത്തിന്റെ ഭാഗമായിരുന്നു) പക്ഷിയുടെ മുന്നിൽ വെച്ച് അതിനെ പ്രലോഭിപ്പിക്കാൻ നോക്കി.  പക്ഷിയാകട്ടെ, നിർമമമായ ഒരു നോട്ടത്തോടെ അതിനെ അവഗണിച്ചു.  എന്നാൽ ചത്വരം വിജനമായ രാത്രികാലത്ത് പക്ഷിനിരീക്ഷകരുടെ കണ്ണുകൾ തന്റെമേൽ ഇല്ലെന്ന് ഉറപ്പാക്കിയ പക്ഷി ക്ഷണനേരംകൊണ്ട് അതെല്ലാം അകത്താക്കി തന്റെ ഗൃഹാതുരതയോട് കൂറുകാട്ടി.

അങ്ങനെയിരിക്കെ ഒരുദിവസം പക്ഷി സംസാരിക്കാൻ തുടങ്ങി.  തനിക്കുചുറ്റും കൂടുന്നവരുടെ ആശംസകളും കുശുകുശുക്കലുകളും ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു തുടക്കം.  ക്രമേണ, ഗ്രാമം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നവയൊക്കെ, രഹസ്യം സൂക്ഷിപ്പുകാരിൽനിന്നു തന്നെ പക്ഷിയുടെ ചെവിയിലെത്തി.  പക്ഷി തന്നെത്തേടിയെത്തിയവരോട് അതൊക്കെ രഹസ്യമായി എറ്റുപറഞ്ഞു.  ഗ്രാമമുഖ്യന്റെ അപഥസഞ്ചാരവും ഖജനാവുസൂക്ഷിപ്പുകാരന്റെ കയ്യിട്ടുവാരലും മുതൽ ഗ്രാമസമൂഹത്തിന്റെ ഓരോ അപഭ്രംശവും അങ്ങാടിപ്പാട്ടായി.  കൂട്ടിക്കൊടുപ്പുകാരനും നോട്ടിരട്ടിപ്പുകാരനും തങ്ങൾ സൂര്യനു താഴെ നഗ്നരായി നിൽക്കുന്നതായി അനുഭവപ്പെട്ടു.  പൂഴ്ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും തങ്ങളുടെ ഗുദാമുകളുടെ വാതിലുകൾ അനാവൃതമാകുന്നതുകണ്ട് ഞെട്ടി. തങ്ങളെ നിത്യദാരിദ്ര്യത്തിലേക്കു തള്ളിയിട്ടിരിക്കുന്ന ഭരണക്കാരുടെ നൃശംസതകൾ കണ്ട് ഗ്രാമജനത ഇളകിവശായി.  അവർ ചത്വരത്തിനു ചുറ്റും ഒത്തുകൂടുകയും ഭരണാധിപന്മാർക്കെതിരെ പന്തം കൊളുത്തി ആക്രോശിക്കുകയും ചെയ്തു.  പക്ഷിയാകട്ടെ, ദേശാന്തരങ്ങൾ താണ്ടുന്ന തന്റെ ശബ്ദത്താൽ, അയൽഗ്രാമങ്ങളിലും പൂമണമുള്ള പന്തങ്ങൾക്ക് തീ പകർന്നു.  

ഏതൊരു സമൂഹത്തിന്റെയും കെട്ടുറപ്പ്, അതിനെ ബാധിച്ച വ്രണങ്ങളെ മൂടിവെക്കുന്നതിലുള്ള അധികാരികളുടെ ശുഷ്കാന്തിയെ ആശ്രയിച്ചാണിരിക്കുന്നത്.  തങ്ങൾക്കെതിരെ രൂപം കൊള്ളുന്ന കൊടുങ്കാറ്റിനെപ്പറ്റി ഭരണാധിപന്മാർ ജാഗ്രവാന്മാരായി.  മുഖ്യ ന്യായാധിപനെ കാര്യങ്ങൾ തെര്യപ്പെടുത്തി, തങ്ങൾക്കു വേണ്ട ഉത്തരവുകൾ എഴുതിവാങ്ങി.  അനന്തരം ഉത്തരവുകളുമായി മുന്നേറിയ പീരങ്കിപ്പട ചത്വരത്തിനു ചുറ്റും തടിച്ചുകൂടിയ ജനതതിക്കുനേരെ കനിവുണ്ടകൾ കത്തിച്ചുവിട്ടു.  ശ്വാസം നിലച്ചുപോയവരെ ഗ്രാമത്തിന്റെ പടിഞ്ഞാറുള്ള ചതുപ്പു നികത്താൻ വിട്ട് മറ്റുള്ളവരെ കോട്ടയ്ക്കുള്ളിലെ പ്രകാശനിബദ്ധമായ അറകളിൽ സുഖവാസത്തിനയച്ചു. 

ചത്വരത്തിൽ മടങ്ങിയെത്തിയ കിങ്കരന്മാർ ന്യായശാസനങ്ങളിൽ എഴുതിയിരുന്നതുപോലെ, പക്ഷിയെപ്പിടിച്ച് നാവരിഞ്ഞ് ചുണ്ടുകൾ ചേർത്തുവെച്ച് ഭരണമുദ്രയായ സ്വസ്തിക അടയാളപ്പെടുത്തി വർണ്ണമനോഹരമായ ചില്ലുകൂട്ടിലടച്ചു. 

                                      ***                ***                ***

ഗ്രാമത്തിലിപ്പോൾ ശാന്തിയും സമാധാനവും കളിയാടുന്നു.  ന്യായപാലനം എത്രയും ശുഷ്കാന്തിയോടെ നടത്തപ്പെടുന്നു.  ഞാനിതാ, വളരെനാളായി നിലച്ചുപോയ എന്റെ രാത്രിസഞ്ചാരത്തിനായി ഇറങ്ങുന്നു.

38 comments:

 1. ആവശ്യമുള്ളതേ കേള്‍ക്കാവൂ ആവശ്യത്തില്‍ കുറച്ചേ പറയാവൂ......
  ആയിരത്തിയൊന്നു രാവുകളിലെ ഒരു കഥ വായിച്ചത് പോലെ ....

  ReplyDelete
 2. സ്റ്റൈലന്‍ എഴുത്താണല്ലോ, മാഷെ
  ഇഷ്ടായി

  ReplyDelete
 3. സ്റ്റീരിയോ ടൈപ്പ് ബ്ലോഗ് കഥകളില്‍നിന്നൊക്കെ വ്യത്യസ്ഥമായ ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന ഈ കഥയെയും കഥാകാരനെയും അഭിനന്ദിക്കാതെ വയ്യ... കഥയുടെ ഘടനാപരമായ സവിശേഷതകള്‍ ശ്രദ്ധേയമാണ്... എനിക്ക് ഉറപ്പാണ്., താങ്കളില്‍ നിന്ന് ഇതിലും മികച്ച രചനകള്‍ വരാനിരിക്കുന്നതേയുള്ളു...

  ചില അക്ഷരങ്ങളുടെ ടൈപ്പിങ്ങില്‍ എന്തോ പ്രശ്നമുള്ളതായി തോന്നി... എന്റെ തോന്നലാവാം... ശ്രദ്ധിക്കുമല്ലോ...

  ReplyDelete
 4. @ ജുനു,
  നന്ദി ജുനൂ, വീണ്ടും ഇതുവഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും.

  @പൊട്ടൻ,
  നന്ദി, ഇവിടെയെത്തി കഥ വായിച്ചതിനും പ്രോൽസാഹനം നൽകിയതിനും.

  @അനോനി,
  നന്ദി, മർമ്മം കണ്ട വായനക്ക്. വീണ്ടും വരിക.

  @പ്രദീപ് കുമാർ,
  "വിശുദ്ധരുടെ യാത്രകൾ" എഴുതി എന്റെ ഇഷ്ട കഥാകാരന്മാരിൽ ഒരാളായ താങ്കളിൽ നിന്നും കിട്ടിയ ഈ നല്ല വാക്കുകൾ എനിക്ക് വിലമതിക്കാനാകാത്തതാണു`. കുറവുകൾ കൂടി ചൂണ്ടിക്കാട്ടാൻ അല്പം സമയം കണ്ടെത്തുമെന്ന് കരുതട്ടെ. പ്രശ്നമുള്ളതായിക്കണ്ട അക്ഷരങ്ങൾ ഏതൊക്കെയെന്ന് അറിയിക്കുമല്ലോ.

  ReplyDelete
 5. നന്നായിട്ടുണ്ട്....

  ന്രു, വ്രു, ഗ്രു തുടങ്ങിയവയാണ് പ്രശ്നമുള്ളതായിക്കണ്ട അക്ഷരങ്ങൾ.
  ഇതെങ്ങെനെ ടൈപ്പ് ചെയ്യണമെന്ന് എനിക്കും അറിയില്ല. അതിന് എന്റെ കുറുക്കുവഴി ഇങ്ങനെയാണ് programs>accessories>system tools>character map ഇവിടെയെത്തി ക്യാരക്റ്റെര്‍ കോപ്പി ചെയ്ത് നമ്മുടെ എഴുത്തിലേക്ക് പേസ്റ്റ് ചെയ്യും. അപ്പോള്‍ ഇങ്ങനെയിരിക്കും നൃ, വൃ, ഗൃ.

  ReplyDelete
 6. നിഘൂടതയിലൂടെയുള്ള...അവതരണം..
  വ്യത്യസ്തമായ..പ്രമേയം...
  നന്നായിരിക്കുന്നു...
  ഭാവുകങ്ങള്‍...

  ReplyDelete
 7. @ മനോജ്,

  നന്ദി. വായിച്ച് അഭിപ്രായം അറിയിച്ചതിനും ഫോണ്ടിന്റെ പ്രശ്നം ചൂണ്ടിക്കാണിച്ചതിനും. താങ്കൾ പറഞ്ഞുതന്ന കുറുക്കുവഴികൂടി പരീക്ഷിച്ചു നോക്കട്ടെ.(എന്നാൽ അഞലി ഒൾഡ് ലിപി download ചെയ്തിട്ടുള്ള windows 7 os ഉള്ള എന്റെ സിസ്റ്റത്തിൽ ആ അക്ഷരങ്ങളെല്ലാം ക്രുത്യമായിത്തന്നെ കാണിക്കുന്നുണ്ട്. Windows 7 -നോടൊപ്പമുള്ള കാർത്തിക ഫോണ്ട് മാത്രമുള്ള മറ്റൊരു കമ്പ്യൂട്ടറിലും ശരിയായി വായിക്കാനാകുന്നുണ്ട്.)

  @ സഹീർ,

  നന്ദി, വന്നതിനും വായിച്ചതിനും വിലയേറിയ അഭിപ്രായങ്ങൾ അറിയിച്ചതിനും.

  ReplyDelete
 8. സുഹുത്തേ, താങ്കളുടെ ബ്ലോഗിലെ അക്ഷരങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി കാണുന്നില്ല..

  ReplyDelete
 9. നല്ല എഴുത്ത്
  ആശംസകള്‍

  ReplyDelete
 10. കൊള്ളാം..നന്നായിട്ടുണ്ട്..വ്യത്യ്സ്ഥത സൂക്ഷിച്ച എഴുത്ത്.
  തൂതപ്പുഴയോരം

  ReplyDelete
 11. ‘ഗൃ ‘ എന്നു ടൈപ്പ് ചെയ്യേണ്ടത് g + shiftg and ^

  ReplyDelete
 12. @ അപ്പു

  അപ്പുമാഷേ, ബ്ലോഗിലെത്തി ഫോണ്ടു പ്രശ്നം നോക്കിയതിനു വളരെയധികം നന്ദി.

  @ Artof Wave
  @ Muneer

  ബ്ലോഗിലെത്തി കഥ വായിച്ച് പ്രോൽസാഹിപ്പിച്ചതിനു വളരെ നന്ദി.

  ഇപ്പോൾ ഫോണ്ടു പ്രശ്നം പരിഹൃതമായെന്നു കരുതുന്നു. ഇല്ലെങ്കിൽ ഇനി കാണുന്നവർ അറിയിക്കുമല്ലോ?

  ReplyDelete
 13. ഇതൊരു കഥയല്ല ലേഖനം ആണ് അല്ല ഇതൊരു ലേഖനമല്ല കഥയാണ് ..നല്ല വേറിട്ട രീതി ..ഒരിടത്തും കാണാത്ത ശൈലി ..നമിക്കുന്നു ...

  ReplyDelete
 14. തനിമയാര്‍ന്ന ശൈലി ,പ്രമേയം തുടക്കത്തില്‍ ഒരു പാട് പ്രതീക്ഷ നല്‍കിയെങ്കിലും ഒടുക്കം എവിടെയോ പാളിപ്പോയി എന്ന് തോന്നി ,നല്ല കഥകള്‍ എഴുതാനുള്ള ഒരു അഗ്നിസ്ഫുലിന്ഗം നിങ്ങളുടെ ഉള്ളിലുണ്ട് ,അത് എണ്ണ വറ്റാതെ കാത്തു സൂക്ഷിക്കുക ,,,

  ReplyDelete
 15. കൊള്ളാം,,ഇഷ്ടപ്പെട്ടു..

  ReplyDelete
 16. @ Pradeep Paima

  സ്വാഗതം പൈമേ. നല്ല വാക്കുകൾക്ക് നന്ദി.

  @ സിയാഫ്

  internet -ലെ സോഷ്യൽ സൈറ്റുകൾക്കെതിരെ വന്ന ചില കോടതി വിധികളിലും ആഗോള തലത്തിൽ ആശയ പ്രകാശന സ്വാതന്ത്ര്യത്തിനു നേരെ അധികാരികളിൽ നിന്നുണ്ടാകുന്ന അടിച്ചമർത്തലിലും പ്രതിഷേധ്ച്ച് എഴുതിയ കഥയായിരുന്നു ഇത്. ആ തരത്തിൽ വായിക്കപ്പെട്ടോ എന്ന് സംശയമാണ്. ആശയം സംവേദനം ചെയ്യുന്നതിൽ എനിക്കുണ്ടായ പിഴവ് ഞാൻ സമ്മതിക്കുന്നു. മേലിൽ ജാഗ്രത പാലിക്കുന്നതാണ്. പ്രോൽസാഹനത്തിനും തുറന്ന വിമർശനത്തിനും വളരെ നന്ദി. വീണ്ടും വരിക.

  @ viddiman

  ഇവിടെയെത്തിയതിനും വായിച്ച് അഭിനന്ദിച്ചതിനും എന്റെ കടപ്പാട്.

  ReplyDelete
 17. valare nannayittundu........... aashamsakal.........

  ReplyDelete
 18. നാസര്‍ ...
  ഈ കഥ പെരുത്തിഷ്ടായി...
  സിയാഫിനു കൊടുത്ത മറുപടി കൂടാതെ തന്നെ കഥ വായിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായിരുന്നു.. പക്ഷെ അനാവശ്യമായ ചില വാക്കുകള്‍ , അതായത് കഥയുടെ വ്യക്തതയ്ക്ക് തടസ്സമാകുന്ന / തെറ്റിദ്ധരിപ്പിക്കുന്ന പദങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട് ഇത്തരം രചനകളില്‍ ...

  ഉദാ : പക്ഷിയെപ്പിടിച്ച് നാവരിഞ്ഞ് ചുണ്ടുകൾ ചേർത്തുവെച്ച് ഭരണമുദ്രയായ സ്വസ്തിക അടയാളപ്പെടുത്തി വർണ്ണമനോഹരമായ ചില്ലുകൂട്ടിലടച്ചു.

  ഇവിടെ "സ്വസ്തിക" എന്ന വാക്ക് വായനക്കാരന്റെ ചിന്തകളെ പണ്ടത്തെ നാസി ഭരണത്തിലേക്ക് കൊണ്ട് പോയി വഴി തെറ്റിക്കും.. (ഞാന്‍ പറഞ്ഞു വന്നത് മനസ്സിലായിക്കാണുമല്ലോ..)

  ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ആഖ്യാനരീതി എനിക്ക് പ്രിയപ്പെട്ടതാണ്... ഇതൊന്നു വായിച്ചു നോക്കൂ... "ചരിത്രങ്ങള്‍ക്ക് മേലൊരു ഞണ്ടിറുക്കം"

  സ്നേഹപൂര്‍വ്വം
  സന്ദീപ്‌

  ReplyDelete
 19. @Sandeep.

  'സ്വസ്തിക' എന്ന വാക്ക് ഉപയോഗിച്ചത് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സ്വഭാവം അടയാളപ്പെടുത്താൻ തന്നെയാണ്. ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരുടെ നാവടക്കുകയാണ് ഫാഷിസത്തിന്റെ രീതികളിലൊന്ന്. നാസികൾ ചെയ്തതും മറ്റൊന്നല്ലല്ലോ. വഴിതെറ്റാത്ത വായനയാണ് സന്ദീപിന്റേതെന്ന് സാരം. ഇവിടെയെത്തിയതിനും അഭിപ്രായം അറിയിച്ചതിനും എന്റെ നന്ദി.

  ReplyDelete
 20. വളരെ നന്നായിട്ടുണ്ട് - ജൂലിയന്‍ അസ്സാന്ചെയെ നാം മറന്നു തുടങ്ങി.

  അപഥസഞ്ചാരത്തിന് ആയുഷ്കാല തുറുങ്കിലടക്കണം, അറുത്തെടുക്കണം ഇത്തരം നാവുകളെ.. എതിര്‍പ്പുകളെ വകവെക്കെണ്ടതില്ല, കാലവും മറവിയും സംരക്ഷിക്കും

  ReplyDelete
 21. അവതരണം വ്യത്യസ്തമായിട്ടുണ്ട്...നന്നായിരിക്കുന്നു....

  ReplyDelete
 22. വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 23. വ്യത്യസ്തമായ ഈ അവതരണ രീതി വളരെ ഇഷ്ടമായി...

  ReplyDelete
 24. ഈ കപലലോകത്തിലൊരാത്മാര്‍ത്ഥ ഹ്യദയമുണ്ടായതാണെന്‍ പരാജയം

  ഗംഭീരമായി എന്ന് പറയാതെ വയ്യ....

  ReplyDelete
 25. വ്യത്യസ്ഥ ശൈലിയിലുള്ള ഒരു കഥാ അവതരണം... എഴുത്തുകാരന്‍ ഉദ്ദേശിച്ച തലത്തിലേക്ക്‌ വായനക്കാരന്‍ എത്തി എന്ന് തന്നെ കരുതാം... പ്രയോഗങ്ങള്‍ക്ക്‌ വിവിധ അര്‍ത്ഥങ്ങള്‍ നല്‍കാന്‍ കഴിയുന്നു...

  ReplyDelete
 26. ഞാനിട്ട ഗമെന്റ് ഡിലീറ്റായോ????

  ReplyDelete
  Replies
  1. ഇല്ല മൊഹീ, സ്പാമിൽ നിന്നും ഞാൻ പൊക്കിയെടുത്തു. :)
   മുകളിലുണ്ട്.

   Delete
 27. ഞാന്‍ എന്ത് പറയാന്‍.....; ഇനിയും പറഞ്ഞാല്‍ അത് അവര്‍തന വിരസത ആയിപ്പോകും....

  ReplyDelete
 28. കഥാകാരന്റെ വിശദീകരണം കൂടാതെ തന്നെ കാര്യങ്ങള്‍ മനസ്സിലാകുന്നു. പടിഞ്ഞാറ് 'പിസ്സാ' കഴിക്കുന്നവന്റെ നാട്ടില്‍ നിന്നും മദ്ധ്യരേഖാംശത്തിലെ ഗ്രാമചത്വരത്തിലേക്ക് കുടിയേറിയ പക്ഷി ( മുഖപത്രം)അവിടുള്ള യുവാക്കളുടെ ഹരമായി മാറുന്നു.പിന്നീട് ആ ഹരം ഭരണകൂട ദോഷൈകദൃക്കുകളുടെ വികല പ്രവര്‍ത്തങ്ങള്‍ക്ക് എതിരായ വിപ്ലവത്തിന്‍റെ പൂമൊട്ടുകള്‍ ആയി മാറുവാന്‍ സഹായകമാകുന്നു (മുല്ലപൂവിപ്ലവം). പിന്നീട് കഥയില്‍ പറയുന്നത് നേരിട്ട് മുഖ്യധാരകളില്‍ നമ്മള്‍ കണ്ടതാണല്ലോ. എന്നാലും ഒളിഞ്ഞിരിക്കുന്ന പാശ്ചാത്യ ഗൃഹാതുരത്വം ആ പക്ഷി ആരും കാണാതെ പ്രകടിപ്പിക്കുന്നത് , അവിടുത്തെ യുവാക്കള്‍ നല്‍കിയ പുതുഭക്ഷണം (എന്നാല്‍ പക്ഷിയുടെ പ്രിയ ഭക്ഷണം) കഴിക്കുന്നത്‌ പാതിരാത്രിക്ക് ആരും കാണാതെ ആണല്ലോ . ആ പഞ്ച് ഇഷ്ടമായി.കാരണം സൂക്ഷിച്ചു നോക്കിയാല്‍ ആ ഗൃഹാതുരത്വം നമുക്ക് മുഖപത്രത്തിലും കാണുവാന്‍ സാധിക്കും. എഴുത്തുകാരാ അഭിനന്ദനങ്ങള്‍.

  ReplyDelete
 29. വ്യത്യസ്തമായ അവതരണം ..ഇഷ്ടായി

  ReplyDelete
 30. തുടക്കത്തില്‍ പ്രതീക്ഷ നല്‍കി ഒടുക്കം എവിടെയോ പാളിപ്പോയി .നല്ല കഥകള്‍ എഴുതാനുള്ള അഗ്നി നിങ്ങളുടെ ഉള്ളിലുണ്ട് ,എണ്ണ വറ്റാതെ കാത്തു സൂക്ഷിക്കുക

  ReplyDelete
 31. വായിച്ചു, വ്യത്യസ്ഥ ശൈലിയിലുള്ള ഒരു കഥാ അവതരണം... ഇഷ്ടമായി

  ReplyDelete
 32. നല്ല കഥ.... അടക്കവും ഒതുക്കവുമുള്ള കഥ... :)
  ആശംസകള്‍...,..

  ReplyDelete
 33. വളരെ മനോഹരമായ, ഹൃദയത്തിൽ തട്ടുന്ന ശൈലി..

  ReplyDelete
 34. ചടുലമായ വായന സാദ്ധ്യമാക്കുന്ന രചന.

  ഇതിലെ ധ്വന്യാത്മകമായ രചനാശൈലി ചിന്താശേഷിയുടെ വിനിയോഗത്തെ അനിവാര്യമാക്കുന്നുണ്ടെങ്കിലും ഉദ്ദിഷ്ട അര്‍ത്ഥത്തിലേയ്ക്ക് കൃത്യമായി കൂട്ടിക്കൊണ്ടുപോകാനുതകുന്ന ഉചിതപദപ്രയോഗങ്ങളുടെ സഹായം വായനക്കാരന്‌ കൂട്ടിനുണ്ട്.

  ഗൌരവമുള്ള വായന അര്‍ഹിക്കുന്ന ഒരു രചന.

  ReplyDelete
 35. വായനക്കാരെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതും ഭാഷാ പാണ്ഡിത്യം വിളിച്ചറിയിക്കുന്നതുമായ എഴുത്ത്.

  ReplyDelete
 36. ഞങ്ങള്‍ക്കിടയിലുള്ള ഇത്ര നല്ല ഒരു എഴുത്തുകാരനെ ഇത്രയും കാലം തിരിച്ചറിഞ്ഞില്ലല്ലോ എന്ന കുറ്റബോധം ഉള്ളില്‍ ശക്തമാവുകയാണ്...

  ReplyDelete
 37. ചത്വരങ്ങളിലെഴുതപ്പെട്ട ചരിതങ്ങളാരുടെ തിരക്കഥയ്ക്കനുസരിച്ചായിരുന്നുവെന്ന് സംശയം ബലപ്പെട്ട് വരുന്നു.

  ReplyDelete

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഒരാളോടെങ്കിലും പറയുക.