Sunday, January 29, 2012

നഗരജീവിതത്തിനുവേണ്ട അണുനാശിനികൾ

 
 



താൻ അനാവശ്യമായി അലക്കിയലക്കി പിഞ്ഞിപ്പോയ അനേകം തുണികളിലൊന്നുപോലെയായി തന്റെ ജീവിതവുമെന്ന് കമലയ്ക്കു് തോന്നാൻ തുടങ്ങിയിട്ട് നാളേറെയായി.  എന്നാൽ ജീവിതത്തെ നേരാംവണ്ണം ഒന്നലക്കിയെടുക്കാൻ പോലും തനിക്കായിട്ടില്ലെന്ന് കമലയ്ക്ക് ബോധ്യമുള്ളതാണ്.  പിന്നെങ്ങനെ അതിങ്ങനെയായെന്ന് ആലോചനാനേരങ്ങളിൽ അവൾ കുണ്ഠിതപ്പെട്ടു.  ഇടയ്ക്കിടയ്ക്ക് പൊടിതട്ടി, തിയ്യതിക്രമം തെറ്റാതെ ഷെൽഫിൽ താനടുക്കി വെച്ചിരിക്കുന്ന ദിനപ്പത്രങ്ങളും വാരികകളും പോലെ ജീവിതത്തെയും അടുക്കി ക്രമപ്പെടുത്താനായിരുന്നെങ്കിലെന്ന് കമല ആശിച്ചു.  പക്ഷേ, തന്റെ പോരാട്ടങ്ങൾ പരാജയത്തിലേക്കു വഴുതുന്നതായും താൻ ഇരുട്ടിന്റെ തുരങ്കത്തിലേയ്ക്കു വീണുപോകുന്നതായും  അവൾ പേടിച്ചു.


ഓഫീസിൽ കമല, ഘടികാരം പോലെ കൃത്യത പുലർത്തിയിരുന്നു.  ഒൻപതിനോ അതിനല്പം മുൻപോ ഓഫീസിലെത്തിയാൽ  ബാഗിൽ നിന്നും ടവ്വലെടുത്ത് ഇരിപ്പിടവും മേശയും വൃത്തിയായി തുടച്ച് തന്റെ മനസ്സിനിണങ്ങും വിധമാക്കിയിട്ടേ  ജോലി തുടങ്ങിയിരുന്നുള്ളു.  തലേന്നാൾ എഴുന്നേറ്റുപോയ കസേര ഇത്രമാത്രം തുടയ്ക്കാനെന്തിരിക്കുന്നുവെന്നുള്ള സഹപ്രവർത്തകരുടെ നോട്ടത്തെ ഒരു പുഞ്ചിരികൊണ്ടു നേരിടും.  താനൊഴിയുന്നിടത്ത് കയറിപ്പറ്റാൻ പരശ്ശതം കീടാണുക്കൾ കാത്തിരിയ്ക്കുകയാണെന്നു് കമലയ്ക്കറിയാമായിരുന്നു.  അവയെയൊക്കെ തുടച്ചകറ്റുന്നതിൽ അവൾ സദാ ജാഗരൂകയായിരുന്നു.  ഇടയ്ക്കിടെ കയ്യും മുഖവും കഴുകാൻ അല്പം സമയം പഴാക്കുമെന്നതൊഴിച്ചാൽ  തന്റെ ജോലികളെല്ലാം സമയത്തിനു തീർത്ത് സഹപ്രവർത്തകരുടെ ഈർഷ്യയ്ക്കു പാത്രമായെങ്കിലും കമലയുടെ മനസ്സ് എപ്പോഴും ബാക്കിയായ ഏതോ ജോലിയുടെ പൂർണ്ണതയ്ക്കായി വെമ്പി. 


വീട്ടിലെത്തിയാൽ കമലയ്ക്ക് മറ്റൊരങ്കം തുടങ്ങണമായിരുന്നു.  വീടിന്റെ മുക്കുമൂലകളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ശതമാനം അണുക്കൾക്കു നേരെ കമല അഹോരാത്രം പടവെട്ടി.  സാങ്കേതിക വിപ്ലവത്തിന്റെ ഇക്കാലത്ത് തൊണ്ണൂറ്റിയൊമ്പതിനു പകരം നൂറുശതമാനം ഫലം തരുന്ന അണുനാശിനികൾ ഉടൻ വിപണിയിലിറങ്ങുമെന്ന പ്രതീക്ഷയിൽ അത്തരം പരസ്യങ്ങൾക്കായി  ചാനലുകൾ പരതി. വീട്ടിൽ നടത്തുന്ന അങ്കങ്ങളിൽ അവൾക്കുണ്ടായിരുന്ന ഏക ആശ്വാസം മകൾ തന്റെ പക്ഷത്ത് നിൽക്കുമെന്നുള്ളതായിരുന്നു.  അമ്മയുടെ വിഹ്വല യുദ്ധങ്ങളിൽ മകൾ അലിവോടെ അമ്മയോടൊപ്പം നിലയുറപ്പിച്ചു..  കോളെജിൽ നിന്നു വന്നാൽ അല്പസമയം അവൾ അതിനായി നീക്കിവെച്ചു.  എന്നാൽ മകന്റെ പക്ഷം നിർണ്ണയിക്കുന്നതിൽ കമല എന്നും പരാജയപ്പെട്ടു.  ചെറുപ്പം മുതൽതന്നെ അമ്മയുടെ കോലാഹലങ്ങളോട് വിദ്വേഷമോ സഹാനുഭൂതിയോ ഇല്ലാത്ത ഒരുതരം സമദൂരം പാലിക്കുന്നതിൽ അവൻ ശ്രദ്ധിച്ചിരുന്നു.  അതാണവളെ ഏറെക്കുഴക്കിയതും.  അക്കാര്യത്തിൽ അവൻ അച്ഛനെ മാതൃകയാക്കുന്നതായി കമല സംശയിച്ചു.  ഭർത്താവ് അവധിക്ക് നാട്ടിലെത്തുന്ന സമയങ്ങളിൽ അദ്ദേഹം തന്നോടൊപ്പം ചേർന്ന് പടനയിക്കണമെന്ന് അവൾ ആശിച്ചു.  എന്നാൽ തൊടിയിറമ്പുകളിൽ പ്രത്യക്ഷപ്പെടുന്ന സിഗരറ്റു കുറ്റികളും ഷെല്ഫിൽ ക്രമം തെറ്റിയ വാരികകളും, അദ്ദേഹം ശത്രുപക്ഷത്താണെന്ന ഭീതി അവളിൽ ഉളവാക്കി.  അതുകൊണ്ടുതന്നെ, മുന്നിൽ മരവിച്ചു കിടക്കുന്ന ഒരു വർഷത്തിന്റെ വിരഹത്തെയും ഒറ്റപ്പെടലിനെയും അവഗണിച്ചും, ഭർത്താവിന്റെ അവധി ദിവസവും ചുരുങ്ങി വരുന്നത് കമല സ്വാഗതം ചെയ്തു. 


മകനാകട്ടെ, സ്വന്തം കാലിൽ നിൽക്കാനായപ്പോൾത്തന്നെ ജോലിയുടെ പേരുപറഞ്ഞ് അടുത്തുള്ള പട്ടണത്തിലേക്ക് അവന്റെ കൂട്ടുകാരോടൊപ്പം ചേക്കേറി.  ദിവസവും പോയിവരാവുന്ന ദൂരമായിരുന്നിട്ടും അതിനു തുനിയാതെ അവൻ നടത്തിയ കൂടുമാറ്റം തന്നോടുള്ള പ്രതിഷേധം കൂടിയാവാമെന്ന് കമല നീറി.  എന്നാൽ അതവനോടു ചോദിക്കാനാവുന്നതിലുമധികം അകലം ഇപ്പോൾ തങ്ങൾക്കിടയിലുണ്ടെന്ന് അവൾക്കറിയാമായിരുന്നു.. 


അങ്ങനെയുള്ള ഒറ്റപ്പെടലിന്റെ ചിന്തകൾക്കിടയിലാണ് തന്റെ ജീവിതം പിഞ്ഞിപ്പോയതായി കമല വ്യസനപ്പെട്ടത്.  ബന്ധങ്ങൾക്കിടയിലെ തുന്നിച്ചേർക്കാനവാത്ത അകലങ്ങളെപ്പറ്റി വേവലാതിപ്പെട്ടത്. 


ആയിടയ്ക്കാണ് കമല അതു ശ്രദ്ധിച്ചു തുടങ്ങിയതും.  ചെറുതും വലുതുമായ കവറുകളിൽ താൻ പടികടത്തിയിരുന്ന മാലിന്യങ്ങളത്രയും റോഡിലങ്ങോളമിങ്ങോളം തന്നെ പിന്തുടരുന്നു!  കവലകളിലും ചന്തയിലും കുമിഞ്ഞുകൂടി തന്റെ നേരെ വീർത്തു പൊട്ടുന്നു!  അതിൽനിന്നുയിർകൊണ്ട പരകോടി കീടാണുക്കൾ  തന്റെ മേൽ ചേക്കേറുന്നു!  വീട്ടിലെത്തിയാൽ കമല തൊണ്ണൂറ്റിയൊമ്പതു ശതമാനം ഫലപ്രദമായ അണുനാശിനി ഉപയോഗിച്ച് പലപ്രാവശ്യം കൈകൾ കഴുകി.  അലക്കിവെച്ചിരുന്ന തുണികളെല്ലാം ഒരുപ്രാവശ്യം കൂടി അലക്കി വെളുപ്പിച്ചു.  മുക്കുമൂലകളിൽ ഒളിച്ചിരിക്കുന്ന ഒരുശതമാനം അണുക്കൾക്കെതിരെ പൂർവ്വാധികം ശക്തിയോടെ അടരാടി. അവസാനം, ഓഫീസിലേയ്ക്കു പോകുന്ന കാര്യം ചിന്തയിൽ നിന്നുതന്നെ മായ്ച്ചു കളഞ്ഞു.  നൂറുശതമാനം ഫലപ്രദമായ അണുനാശിനിയ്ക്കായി ചാനലുകൾ അരിച്ചുപെറുക്കി. പക്ഷേ  അവിടെയൊക്കെ, കണ്ണീരും  മുറിച്ചു വിൽക്കപ്പെടുന്ന ഭക്തിയും തനിയ്ക്കാവശ്യമില്ലാത്ത നൂറായിരം ഉല്പന്നങ്ങളുടെ പരസ്യവും മാത്രമാണ് അവളെ വരവേറ്റത്.


അതിനിടയിലാണ് ആ വാർത്ത അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ‘ നിങ്ങൾ ആഹാരം കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ റിപ്പോർട്ടിന്റെ ഇനിയുള്ള ഭാഗം കാണരുത് ‘ എന്ന മുന്നറിയിപ്പോടെയാണ് വാർത്താവായനക്കാരൻ തുടർന്നുള്ള ദൃശ്യങ്ങൾ എയ്തുവിട്ടത്.  മാലിന്യനീക്കം നിലച്ച  പട്ടണത്തിന്റെ പുഴുവരിക്കുന്ന രാജരഥ്യകളൂം അങ്ങാടികളും ജലസ്രോതസ്സുകളുമാണ്  സ്ക്രീനിൽ മിന്നിമാഞ്ഞുകൊണ്ടിരുന്നത്. പട്ടണത്തിലെ സമ്പന്നരുടെ തീന്മേശകളിലും അടുക്കളകളിലും ബാക്കിയായതത്രയും നഗരജീവിതത്തെ നാറ്റത്തിൽ മുക്കി, നിരത്തുവക്കുകളിൽക്കിടന്ന് ഈച്ചയാർത്തു.  പതിവുപോലെ തങ്ങളുടെ മേൽ വർഷിക്കാൻ പട്ടണത്തിൽ നിന്നും കൊണ്ടുവന്ന മാലിന്യത്തെയും അതുമായി വന്നവരെയും  ഗ്രാമക്കാർ സംഘടിച്ച് അടിച്ചോടിച്ചിരുന്നു.  


അതെല്ലാം കണ്ടുകൊണ്ടിരിക്കെ, തന്റെ തലച്ചോറിലത്രയും വെളുത്ത നുരപ്പുഴുക്കൾ ഇഴയുന്നതായും സിരകളിലൂടെ അവയെല്ലാം ശരീരമാകെ അരിച്ചിറങ്ങുന്നതായും രോഗ ഹേതുക്കളായ കോടിക്കണക്കിനു ജീവാണുക്കളെ വഹിച്ചു കൊണ്ട് പ്രാണവായു ശ്വാസകോശങ്ങളിലേയ്ക്കു പ്രവേശിക്കുന്നതായും  കമല അറിഞ്ഞു.  ആഹാരം കഴിച്ചുകൊണ്ടിരിക്കുകയല്ലാഞ്ഞിട്ടും വായിലേയ്ക്ക് കൊഴുത്ത ഒരു ദ്രാവകം തികട്ടിവന്നു. അടുത്ത നിമിഷം, മുലപ്പാൽ മുതൽ തന്റെ ദഹനേന്ദ്രിയങ്ങളിലൂടെ കടന്നുപോയ രുചിയുടെ കണങ്ങളോരോന്നും കടലിരമ്പം പോലെ തിരിച്ചൊഴുകുന്നത് നിസ്സഹായതയോടെ കമല മനസ്സിലാക്കി.  അനുക്ഷണം ശക്തിയാർജ്ജിച്ച ആ തിരത്തള്ളലിൽ വിവശയായി , തനിക്കു മുന്നിൽപ്പടർന്ന മാലിന്യങ്ങളിലേയ്ക്കു കമല മൂക്കുകുത്തി വീണു.  ആ വീഴ്ചയിൽ, നൂറു ശതമാനം അണുനാശന ശേഷിയുള്ള ഏതോ അണുനാശിനിയുടെ പരസ്യം ചാനലിൽ മിന്നിപ്പായുന്നത് കമല കണ്ടു,


                                    ***                                ***                                ***








32 comments:

 1. പരസ്യത്തിനു പുറകെയുള്ള പരക്കം പാച്ചിൽ ,കാലിക പ്രസക്തം.
  ആദ്യഭാഗത്തുള്ള ഒഴുക്ക് അവസാനഭാഗത്ത് നഷ്ടമായ് എന്നു തോന്നി.പ്രമേയത്തിന്റെ തെരഞ്ഞെടുപ്പ് നല്ലത് എഴുത്ത് കൂടുതൽ നല്ലതാക്കാം...
  ആശംസകൾ...

  ReplyDelete
 2. സത്യത്തിൽ കമലയിൽ എന്ന പോലെ നമ്മളിലും അത്തരം Disorder ഒളിഞ്ഞു കിടപ്പില്ലേ...
  ഒരു വ്യക്തിയിൽ ഒന്നു പോലും ഇല്ല പറഞ്ഞാൽ അത് അവിശ്വസനീയമല്ലേ...
  മാര്‍ക്കറ്റില്‍ നിന്നും പഴം വാങ്ങി വന്നാല്‍ അവ കഴുകി കഴിയ്ക്കുക..
  കുളിമുറിയില്‍ പോയാല്‍ ഓരോ തവണയും വസ്ത്രം മാറ്റുക
  അങ്ങനെ പോകുന്നു ലിസ്റ്റ്..

  നല്ല പോസ്റ്റ് ട്ടൊ...ആശംസകള്‍...!

  ReplyDelete
 3. പ്രതിഭാധനനായ എഴുത്തുകാരന് എന്തും വിഷയീഭവിക്കാമെന്നും കഥയെഴുത്ത് ഏതെല്ലാം വഴികളിലൂടെ സഞ്ചരിക്കാമെന്നും മനസ്സിലാക്കിത്തരുന്നുണ്ട് ഈ രചന.കഥാപാത്രത്തിന്റെ കേവലമായൊരു വൈയക്തിക പ്രശ്നമാണ് താങ്കള്‍ അവതരിപ്പിച്ചത് - എന്നാല്‍ മികച്ച ആഖ്യാന പാടവത്തോടെ താങ്കള്‍ അതു വളര്‍ത്തിയെടുത്ത് നല്ല കഥയുണ്ടാക്കി....

  നാസര്‍ എന്റെ അഭിനന്ദനങ്ങള്‍ ...-മികച്ച വിഷയ സ്വീകരണത്തിന്, മികവാര്‍ന്ന ബിംബകല്‍പ്പനകള്‍ക്ക്, പുതുമയുള്ള ആഖ്യാനപാടവത്തിന് - ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നു താങ്കളുടെ രചനാപാടവം....

  പിന്‍കുറിപ്പ് പോലുള്ള കാര്യങ്ങള്‍ ചേര്‍ത്തുകൊണ്ട് തികച്ചും സ്വതന്ത്രമായ ഒരു വായനയില്‍ ഇടപെടാന്‍ കഥാകാരന്‍ വരേണ്ടിയിരുന്നില്ല എന്നു തോന്നുന്നു...

  ReplyDelete
 4. വളരെ നന്നായി അവതരിപ്പിച്ചു , ആശംസകള്‍

  ReplyDelete
 5. നാസറില്‍ നല്ലൊരു കാഥികന്‍ ഉണ്ട് ..വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചു പുതിയ സൃഷ്‌ടിക്കള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..

  ReplyDelete
 6. nalla posttu ...nannaaya bhaavanayum aashamshakal ...

  ReplyDelete
 7. ടിന്റു ലൂക്കാ എന്നാ ഓട്ടക്കാരി പരാജയപ്പെടുന്നതെവിടെയാനെന്നരിയാമോ? നാസര്‍ സാഹിത്യത്തിലെ ടിന്റു ലൂക്കയാണ് , വാചക ഘടനയിലെ ഒരു പിഴവ് ചൂണ്ടിക്കാണിക്കാം <<< അതുകൊണ്ടുതന്നെ, മുന്നിൽ മരവിച്ചു കിടക്കുന്ന ഒരു വർഷത്തിന്റെ വിരഹത്തെയും ഒറ്റപ്പെടലിനെയും അവഗണിച്ചും ദിവസവും ചുരുങ്ങിവരുന്ന ഭർത്താവിന്റെ അവധിയെ കമല സ്വാഗതം ചെയ്തു.>>ഇവിടെ താങ്കള്‍ ഉദ്ദേശിച്ചത് ഭര്‍ത്താവിന്റെ അവധി ചുരുങ്ങുന്നതിനെ കമല സ്വാഗതം ചെയ്തു എന്നാവണം ,പക്ഷെ അനുവാചകന്‍ മനസ്സിലാക്കുന്നത് ചുരുങ്ങിയതാനെങ്കിലും ഭര്‍ത്താവിന്റെ അവധിയെ സ്വാഗതം ചെയ്തു എന്നും .ചുരുങ്ങിയ അവധിയെ എന്നതും അവധിയുടെ ചുരുങ്ങലിനെ സ്വാഗതം ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുമല്ലോ .കഴിഞ്ഞ പോസ്റ്റിലും ഞാന്‍ സൂചിപ്പിച്ചിരുന്ന പോലെ ഒരു പ്രതിഭാ ധനനായ എഴുത്തുകാരന്‍ നിങ്ങളിലുണ്ട് ,മനനം ചെയ്യുക ,ഏകാഗ്രമായി .ആശംസകള്‍ .പ്രദീപ്‌ മാഷ്‌ ആണ് ഇപ്പോള്‍ പറഞ്ഞു വിട്ടത് ,,അദ്ദേഹത്തിനു നന്ദി ,ഒരു നല്ല പോസ്റ്റ്‌ വായിക്കാന്‍ അവസരം തന്നതിന് .മുകളിലെ വരികള്‍ സ്നേഹബുദ്ധ്യാ പരിഗണിക്കും എന്നാ ഉറപ്പോടെ എഴുതിയതാണ് ...പരിഭവിക്കില്ലല്ലോ.....

  ReplyDelete
 8. കഥപറയാനുള്ള വിഷയം തിരഞെടുത്തത് അല്ഭുടപ്പെടുത്തി.
  ആഖ്യാനത്തിലെ മേന്മയും അവതരണത്തിലെ കയ്യടക്കവും, എഴുതി പരിചയിച്ച തൂലികയാനെന്നു അടിവരയിടുന്നു.

  ReplyDelete
 9. ഒരു കാര്യം പറയാന്‍ വിട്ടു ,ഇത്തരം പിന്‍ കുറിപ്പുകളും വിശദീകരണങ്ങളും കഥാകൃത്തിന്റെ പരാജയമാണ് ,ആത്മ വിശ്വാസമില്ലായ്മയുടെ ഒന്നാം തരാം ലക്ഷണം ,മൈലേജ് കുറയും .നിങ്ങള്‍ക്കതിന്റെ ആവശ്യമില്ല ......

  ReplyDelete
 10. പ്രതീക്ഷിക്കത്ത ഒരു വിഷയം, അതും അപ്രതീക്ഷിതമായ അവതരണവും. അഭിനന്ദനങ്ങൾ..

  ReplyDelete
 11. നല്ല ആഖ്യാന ശൈലി ..പരിസരങ്ങളോട് പൊരുതുന്ന ഒരൊറ്റയാളായി കമല വേറിട്ട്‌ തന്നെ നിന്നു.കഥയെഴുതുന്നവര്‍ക്കും, കഥയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിങ്ങളില്‍ നിന്നും ഗൃഹപാഠം ചെയ്യാന്‍ ഏറെയുണ്ട്...അഭിനന്ദനങള്‍

  ReplyDelete
 12. പുതുമയുള്ള പ്രമേയം , വ്യത്യസ്തതയുള്ള ആഖ്യാനം , സുന്ദരമായ ശൈലീ ....

  ഈ എഴുത്ത് ഏറെ ഇഷ്ടപ്പെട്ടു

  ആശംസകള്‍

  ReplyDelete
 13. നല്ല കഥ പറച്ചിൽ, നല്ല ഒഴുക്ക്. തെരെഞ്ഞെടുത്ത വിഷയവും സമീപന ശൈലിയും ഒരു ഇരുത്തം വന്ന് കഥാകാരന്റേത്. ബൂലോഗത്തെ മികച്ച് പ്രതിഭകളിലൊന്ന് എന്ന് പറയട്ടെ.

  പിൻ കുറിപ്പ് വേണ്ടായിരുന്നു. ഒരു കമന്റിലൊതുക്കിയാൽ കാര്യം സാധിക്കാമായിരുന്നല്ലോ.

  ReplyDelete
 14. പ്രദീപ് കുമാറും.രമേശ് അരൂരും പറഞ്ഞ അഭിപ്രായമാൺ എന്റേയും അതുകൊണ്ട് തനീ അത് ആവർത്തിക്കുന്നില്ലാ....ഈ നല്ല കഥാകാരനു എല്ലാ ഭാവുകങ്ങളും.....

  ReplyDelete
 15. നല്ല അവതരണം.
  വിഷയവും വളരെ നല്ലത്.
  ആശംസകള്‍

  ReplyDelete
 16. സുന്ദരമായ എഴുത്ത്, നല്ലൊരു വിഷയം മനോഹരമായി അവതരിപ്പിച്ചു... പഴയത് ഒന്ന് രണ്ടെണ്ണം വായിച്ചു.. ബൂലോകത്തിലെ തഴക്കം വന്ന എഴുത്തുകാരനെ കാണാന്‍ വൈകിയല്ലോ എന്നാ സങ്കടം മാത്രം...

  അഭിനന്ദനങ്ങള്‍ ....

  പോസ്ടിടുമ്പോള്‍ അറിയിക്കണേ...

  ReplyDelete
 17. കലക്കി, ഇതാണ് ചെറു കഥ. . . പിന്‍കുറിപ്പ്‌ ഒഴിവാക്കാമായിരുന്നു. . . OCD എന്ന് പറഞ്ഞപ്പോ ഞാന്‍ അതൊക്കെ തേടി പോയി. . . .

  കേവലം നിസ്സരമായ ഒരു ആശയം. . .അത് പറഞ്ഞ ശൈലി ആണ് നന്നായത്. . . വളരെ നന്നായി. . .വാക്കുകള്‍ കൂട്ടി ചേര്‍ത്തു ഒഴുക്കി വിടുന്നതില്‍ ഇയാള വിജയിച്ചിരിക്കുന്നു. . .

  ReplyDelete
 18. നിസ്സാരമായ തകര്‍ച്ചകള്‍

  ഇതേ ശൈലി പിന്തുടരുന്ന ഒരു കഥ ഞാനും എഴുതിയിരുന്നു. . വായിച്ചു നോക്കു. . പരസ്യം എന്റെ ജന്മാവകാശം ആണ്

  ReplyDelete
 19. കഥ നിഷ്കൃഷ്ടമായി വായിച്ച് വിമർശനങ്ങളും അഭിപ്രായങ്ങളും അറിയിച്ച ഓരോരുത്തരോടും എന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു. നിങ്ങളുടെ തിരുത്തലുകൾ എന്നെ എഴുത്തിന്റെ വഴിയിൽ നേർനടത്തത്തിനു സഹായിക്കുന്ന ദി ശാസൂചകങ്ങളാണ്. പ്രദീപ് മാഷും സിയാഫും ചൂണ്ടിക്കാണിച്ചതു പോലെ അവസാനം ചേർത്ത പിൻകുറിപ്പ് അനാവശ്യമായിരുന്നുവെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. കമലയുടെ വിഭ്രാന്തികളിൽ ചിലത് Obsessive Compulsive Disorder-ന്റെ ലക്ഷണങ്ങളുമായി ചേർന്നു പോകുന്നില്ലെന്ന് ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടാണ് അങ്ങനെയൊരെണ്ണം ചേർത്തത്. അതു നീക്കം ചെയ്യുന്നു.

  സിയാഫ് ചൂണ്ടിക്കാണിച്ച വാക്യത്തിലെ പിഴവ് തിരുത്തുന്നു. നോട്ടക്കുറവിനു മാപ്പ്.

  മലയാളം ബ്ലോഗിംഗ് രംഗത്തെ സാരഥികളായ നിങ്ങളൊക്കെത്തന്ന ഈ പ്രോൽസാഹനം തുടർന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
 20. നന്നായിട്ടുണ്ട് നിസ്സാർ മാഷേ...വ്രേത്തിയെന്നതു നമ്മുക്കു നഷ്ട്ടപ്പെട്ടിരിക്കുന്നു..ജിവിതത്തിനും..മനസ്സിനും..പരസ്യം ഒരു രഹ്സ്യമാണു കച്ച്വടത്തിന്റെ രഹ്സ്യം..മനുഷ്യനു വേണ്ടി ഒരു സാധനവും മാർക്കറ്റിൽ ഇറങ്ങുന്നില്ല..പണത്തിനു വേണ്ടി മാത്രം..കദയുടെ രീതിയിൽ പറഞ്ഞിരിക്കുന്ന..ഒരു പാടു മൂല്യങ്ങൾ ഒലിച്ചിരിക്കുന്ന ഒരു പൊസ്റ്റ്..

  ReplyDelete
 21. നിസ്സാര്‍ ... നിങ്ങള്‍ നിസ്സാരക്കാരനല്ലയെന്നു എഴുത്തില്‍ നിന്നും മനസ്സിലാക്കുന്നു.. കഥ ഇഷ്ടപ്പെട്ടു.. ഈ ശൈലിയും...

  നാടന്‍ ഭാഷയില്‍ ജലപിശാച് കൂടുകയെന്നു പറയും ഈ psychic disorderനു... എന്‍ . എസ് . മാധവന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകളിലെ പീലാത്തോസച്ചന്‍ എപ്പോഴും കൈ കഴുകുന്ന ശീലമുണ്ടായിരുന്നു.. ആ കഥാപാത്രത്തിന്റെ ചേഷ്ടകളെ വിദൂരത്തിലെങ്കിലും അനുസ്മരിപ്പിച്ചു... nice....

  ഈ കഥയിലേക്ക്‌ കൈ പിടിച്ചു നടത്തിച്ച പ്രദീപ്‌ മാഷിനു പ്രത്യേകം നന്ദി പറയുന്നു... ഇനിയും വരാം.. പുതിയ പോസ്റ്റുകള്‍ ഇടുന്ന മുറയ്ക്കു അറിയിക്കുമല്ലോ..

  സ്നേഹപൂര്‍വ്വം
  സന്ദീപ്‌

  ReplyDelete
 22. അതി മനോഹരമായ കഥ വളരെ നന്നായിടുണ്ട് .......ആശംസകള്‍. പത്തു പേരെയെടുത്താല്‍ ഒരാള്‍ കാണും കമലയെ പോലെ

  ReplyDelete
 23. തെരഞ്ഞെടുത്ത വിഷയവും അത് പറഞ്ഞ രീതിയും വളരെ ഇഷ്ടായി. സ്വയം നമ്മള്‍ എത്ര ശ്രദ്ധിച്ചാലും പുറമേ നിന്ന് എല്ലാ വിധത്തിലും അടിച്ചു കയറുന്ന മലിനമായ മലിനമാക്കിക്കൊണ്ടിരിക്കുന്ന അന്തരീക്ഷം...

  ReplyDelete
 24. character ആയി മാറുന്ന ഒരു behavior നെ സൂക്ഷ്മ അവലോകനത്തിലൂടെ പാളിച്ചകള്‍ വരാതെ കഥയുടെ ഘടനയില്‍ ഒതുക്കി വിജയിപ്പിചെടുത്തത് മാത്രം മതി താങ്കളുടെ കഴിവ് മനസ്സിലാക്കാന്‍.
  അഭിനന്ദനങ്ങള്‍ നാസ്സര്‍

  ReplyDelete
 25. പ്രദീപ് ഭായ് വഴിയാണു കണ്ടത് കെട്ടൊ.... വിഷയവും രീതിയും ഇഷ്ടപ്പെട്ടു

  ReplyDelete
 26. നന്നായിരിക്കുന്നു നാസര്‍

  ReplyDelete
 27. താൻ അനാവശ്യമായി അലക്കിയലക്കി പിഞ്ഞിപ്പോയ അനേകം തുണികളിലൊന്നുപോലെയായി തന്റെ ജീവിതവുമെന്ന് കമലയ്ക്കു് തോന്നാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ജീവിതത്തെ നേരാംവണ്ണം ഒന്നലക്കിയെടുക്കാൻ പോലും തനിക്കായിട്ടില്ലെന്ന് കമലയ്ക്ക് ബോധ്യമുള്ളതാണ്. പിന്നെങ്ങനെ അതിങ്ങനെയായെന്ന് ആലോചനാനേരങ്ങളിൽ അവൾ കുണ്ഠിതപ്പെട്ടു. ഇടയ്ക്കിടയ്ക്ക് പൊടിതട്ടി, തിയ്യതിക്രമം തെറ്റാതെ ഷെൽഫിൽ താനടുക്കി വെച്ചിരിക്കുന്ന ദിനപ്പത്രങ്ങളും വാരികകളും പോലെ ജീവിതത്തെയും അടുക്കി ക്രമപ്പെടുത്താനായിരുന്നെങ്കിലെന്ന് കമല ആശിച്ചു. പക്ഷേ, തന്റെ പോരാട്ടങ്ങൾ പരാജയത്തിലേക്കു വഴുതുന്നതായും താൻ ഇരുട്ടിന്റെ തുരങ്കത്തിലേയ്ക്കു വീണുപോകുന്നതായും അവൾ പേടിച്ചു.

  ഒരു വീട്ടിലെ സാധാരണ കാര്യങ്ങളുമായി ജീവിക്കുന്ന ഒരു വീട്ടമ്മയുടെ സാധാരണ വിചാരങ്ങൾ എങ്ങനെ ഒരു കഥയ്ക്ക് വിഷയമാക്കാം എന്ന് വളരെ നന്നായി നാസറിക്ക എഴുതി വച്ചിരിക്കുന്നു. ഇതിനൊരു സാധാരണ എഴുത്തിന്റെ ശൈലിയും കഴിവും പോര എന്ന് ഞാൻ പറഞ്ഞാൽ അധികമാവില്ല. അത്രയ്ക്കും കയ്യടക്കവും എഴുത്തിലെ വശ്യതയും ഇതിനുണ്ട്. നന്നായിരിക്കുന്നു ഇക്കാ. ആശംസകൾ.

  ReplyDelete
 28. ഒരു മാധ്യമ പക്ഷിയുമായാണ് നാസ്സറിനെ ആദ്യം കാണുന്നത് , കഥയില്‍ . ഇപ്പോള്‍ പ്രദീപ്‌ മാഷ്‌ തന്ന ലിങ്കില്‍ തൂങ്ങി ഇവിടെത്തി ഇത് വായിച്ചപ്പോള്‍ മനസ്സിലായി ,.... ഇനിയും ഒരുപാട് എഴുതുക പുറകില്‍ വരുന്നവര്‍ക്ക് ഒരു പാഠശാലയാകുക....!

  ReplyDelete
 29. വീട്ടില്‍ നിന്നും പടി കടത്തപ്പെടുന്ന മാലിന്യങ്ങള്‍ റോഡില്‍ പിന്തുടരുക...Obsessive Compulsive Disorderനെ കുറിച്ചുള്ള കഥയായി തോന്നിയതെ ഇല്ല. കഥാകാരന്‍ തന്നെ കമന്റില്‍ അതിനു വീണ്ടും പരിഗണന കൊടുത്തപ്പോള്‍ അത്ഭുതം തോന്നി.

  എങ്ങനെയോ വിട്ടുപോയിരുന്നു നാസ്സര്‍. അഭിനന്ദനങ്ങള്‍

  ReplyDelete
 30. നല്ലൊരു വിഷയം നന്നായി അവതരിപ്പിച്ചു ....ഈ കമലയെപോലെ ഉള്ള ഒരാളെ എനിക്ക് നേരിട്ടറിയാം ...ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകള്‍ മൂലം മനസ്സിന്റെ താളം തെറ്റിയ മറ്റൊരു കമല...:( നല്ല അവതരണം..!!

  ReplyDelete
 31. ഭാവനാസമ്പന്നനായ കഥാകാരന്‍ ആണ് താങ്കള്‍....; പറയാതെ വയ്യ.... എനിക്ക് ശരിക്കും അസൂയ തോന്നുന്നു... ഇനിയും ഞാന്‍ വരും ഈ ഭാവനയുടെ ലോകത്തേക്ക്

  ReplyDelete
 32. ഭാവനാത്മകമായി പറഞ്ഞിരിക്കുന്ന അസ്സലൊരു കഥ..!

  ReplyDelete

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഒരാളോടെങ്കിലും പറയുക.