Friday, April 27, 2012

പറയാൻ മറന്നത്


ശവശുശ്രൂഷകരേ,
അവസാന സ്നാനത്തിനായെടുക്കുമ്പോൾ
ഉറഞ്ഞു തുടങ്ങിയ കവിളുകളിലൊന്നിൽ
ചൂടുമാറാത്ത അല്പമിടം കാണപ്പെടുന്നെങ്കിൽ
അവിടം നനയ്ക്കാതെ വിട്ടേയ്ക്കുക.
പിരിഞ്ഞ നേരത്ത് ഒരിളംകവിൾ
പകർന്നുതന്ന കനലാണത്.

കഴുത്തിൽ താമര വള്ളികൾ മുറുകിയാലെന്നവണ്ണം
ചുവപ്പു രാശി തെളിഞ്ഞു കാണുന്നെങ്കിൽ
അവിടം ഒഴിവാക്കിയേക്കുക.
പറിഞ്ഞു പോകാൻ വിസമ്മതിച്ച രണ്ടു കുഞ്ഞിക്കൈകൾ
അവശേഷിപ്പിച്ച മുദ്രയാണത്.

ഇടതുനെഞ്ചിൽ നേർത്തൊരു പൊള്ളലിന്റെ കല
സ്നാന ജലത്തെ ബാഷ്പമാക്കുന്നെങ്കിൽ
അവിടം ഉരയ്ക്കാതെ വിടുക.
നീണ്മിഴികളിൽ നിന്നും
വിരഹം പെയ്തിറങ്ങിയത്
അവിടെയായിരുന്നു.

അതിനടുത്തുനിന്നും
മിടിക്കാത്തൊരു ഹൃദയത്തിന്റെ
നെടുവീർപ്പുയർന്നു കേൾക്കുന്നെങ്കിൽ
ഭയക്കാതിരിക്കുക.
തുടിച്ചിരുന്നപ്പോൾ
പറയാൻ മറന്ന സ്നേഹത്തിന്റെ
വിങ്ങലാണത്.

          **          **          **


65 comments:

 1. വായിക്കാന്‍ തന്നെ നല്ല ഫീല്‍....
  കവിത ഇഷ്ടായി...

  ReplyDelete
 2. വരികള്‍ നന്നായി ...
  കവിതയെ വിലയിരുത്താന്‍ ആളല്ലാത്തതിനാല്‍ , കൂടുതല്‍ പറയാന്‍ അറിയില്ല . പക്ഷെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിച്ച വരികള്‍

  ReplyDelete
 3. "എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്" എന്ന് തുടങ്ങുന്ന എ അയ്യപ്പന്‍റെ കവിതയുമായി ഒരു സാമ്യം ഇല്ലാതില്ല .

  ReplyDelete
 4. വികാരതീവ്രം.. അഭിനന്ദനങ്ങൾ..

  ReplyDelete
  Replies
  1. പ്രവാസിക്ക് ഓരോ വിടപറയലും ഓരോ മരണമാണ്. സ്നേഹത്തിൽ നിന്ന് ആത്മാവിനെ പറിച്ചെടുക്കുന്ന വേദനയും.

   Delete
 5. കവിത എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു ,,പക്ഷെ നിങ്ങളുടെ തട്ടകം കവിത ആണെന്ന് തോന്നി

  ReplyDelete
 6. വരികള്‍ പറഞ്ഞറിയിക്കാനാവാത്തൊരു വേദനയേകി..

  ReplyDelete
 7. നല്ല ഫീല്‍

  ReplyDelete
 8. തുടിച്ചിരുന്നപ്പോൾ
  പറയാൻ മറന്ന സ്നേഹത്തിന്റെ
  വിങ്ങലാണത്.
  നല്ലൊരു കവിത ആശംസകള്‍ കേട്ടാ

  ReplyDelete
 9. ഈ അടുത്ത കാലത്ത് എനിക്കിഷ്ടപ്പെട്ട കവിതകിളില്‍ മറ്റൊന്നു കൂടി ...

  ReplyDelete
 10. അര്‍ത്ഥവ്യാപ്തിയുള്ള വരികള്‍ , വായന തേടുന്ന ഒരു കവിത ,,നല്ല എഴുത്തിന് ആശംസകള്‍

  ReplyDelete
 11. ഹൃദയത്തിൽ തൊടുന്നു..

  ReplyDelete
 12. സിയാഫ് പറഞ്ഞതിനു തുടച്ചയായി പറഞ്ഞാല്‍ ,നാസറിനു കവിതയും,കഥയും നന്നായി വഴങ്ങുന്നു. എന്നാല്‍ ഈ കവിത മറ്റെല്ലാറ്റിനും മേലെ നില്‍ക്കുന്നു. അത്രക്ക് ചാരുതയുണ്ട് ഈ കാവ്യശില്‍പ്പത്തിന്. ഇരുത്തം വന്ന രചന. വിപുലമായ വായന ആവശ്യപ്പെടുന്നുണ്ട് ബ്ലോഗുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഇത്തരം രചനകള്‍.....

  ReplyDelete
 13. നല്ല കവിത,
  വല്ലാത്തൊരു ഭാവതീവ്രതയുണ്ട് വരികളില്‍.
  പ്രിന്റ്‌ മീഡിയയില്‍ക്കൂടി പബ്ലിഷ് ചെയ്യാന്‍ ശ്രമിക്കൂ.

  ReplyDelete
 14. മരണം ഇട്ടേച്ചു പോവുന്ന ബാക്കി പത്രങ്ങള്‍....
  മനസ്സിലെ വല്ലാതെ സ്പര്‍ശിച്ചു...!

  ReplyDelete
 15. @ Khaadu
  Ismail
  Jefu
  Siyaf
  Ilanjippookkal
  Aachaaryan
  Faisal Babu
  Muhammad Shaji
  Viddiman
  Pradeep Mash
  Aroopan


  ബ്ലോഗിലെത്തിയതിനും കവിത വായിച്ച് അഭിപ്രായം
  അറിയിച്ചതിനും എന്റെ സ്നേഹവും കടപ്പാടും.നിങ്ങളുടെ പ്രോൽസാഹനമാണ് തുടർന്നെഴുതാൻ എനിക്ക് ഊർജ്ജം തരുന്നത്.

  @ Ismail

  അയ്യപ്പൻ മരിച്ചപ്പോൾ ആ കവിത കേട്ടിരുന്നെങ്കിലും ഇത് എഴുതാനിരിക്കുമ്പോൾ അതിന്റെ ഒരു വരി പോലും ഓർമ്മയുണ്ടായിരുന്നില്ല. താങ്കളുടെ കമന്റ് കണ്ടപ്പോൾ നെറ്റിൽ തപ്പി അതിന്റെ വരികൾ കണ്ടു പിടിച്ചു. അതിവിടെ ചേർക്കുന്നു. അഭിസംബോധന സമാനമായി തോന്നാമെങ്കിലും വരികളിലോ ആശയത്തിലോ എന്തെങ്കിലും സാമ്യം രണ്ടും തമ്മിൽ ഉണ്ടെന്ന് തോന്നുന്നില്ല. മഹാപ്രതിഭയായിരുന്ന അയ്യപ്പന്റെ ഭാവന, പണ്ടൊരു നിരൂപകൻ പറഞ്ഞതുപോലെ, നീലാകാശത്തു പറന്നു നടക്കുമ്പോൾ എന്റെ വരികൾ പറക്ക മുറ്റാതെ നിലത്തു വീണ് കൈകാലിട്ടടിക്കുന്നതേയുള്ളു.
  ജന്മനാ കവിയായിരുന്ന അയ്യപ്പനു മുന്നിൽ എന്റെ പ്രണാമം. ആ വരികളിതാ...

  എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് ....
  ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
  എന്റ്റെ ഹൃദയത്തിന്റ്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
  ജിജ്ഞ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
  ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
  മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
  ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
  രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
  പൂവിലൂടെ എനിക്കു തിരിച്ചു പോകണം
  പൂവിലൂടെ എനിക്കു തിരിച്ചു പോകണം
  മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം
  ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
  ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത്
  മൃതിയിലേയ്ക്ക് ഒളിച്ചു പോകും
  ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
  ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
  ഇനി എന്റെചങ്ങാതികള്‍ മരിച്ചവരാണല്ലോ

  ReplyDelete
 16. വരികള്‍ക്കിടയിലെ നോവ്‌ .............വല്ലാതെ നൊമ്പരം ഉണര്‍ത്തുന്നു

  ReplyDelete
 17. ഇനിയും ഒരു പാട് പറയൻ ഉണ്ട്,... ഓർമകൾക്ക്

  നല്ല വരികൾ

  ReplyDelete
 18. പകര്‍ന്നു തന്ന കനലും ,ആ രണ്ടു കുഞ്ഞികൈകളും ,വിരഹം പെയ്തിറിങ്ങിയതും സ്നേഹത്തിന്റെ വിങ്ങലും മനസ്സിനെ സ്പര്‍ശിച്ചു .
  വരികള്‍ക്ക് ആകര്‍ഷണത്തിന്റെ സൗന്ദര്യം .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 19. അതിമനോഹരാമായ ഒരു കവിത....ഈ അടുത്തകാലത്ത് വായിച്ചതിൽ മനസ്സിൽ തങ്ങിയത്....എഴുതു സോദരാ...ആ തൂലികയിൽ നിന്നും ഇനിയും പൊഴിയട്ടെ ഇത്തരം നല്ല ചിന്തകൾ

  ReplyDelete
 20. നന്നായി പറഞ്ഞു കൂടുതല്‍ എഴുതൂ ..നല്ലൊരു ശൈലിയാണ്.

  ReplyDelete
 21. ഞാന്‍ ഇവിടെ ആദ്യമാണെന്നു തോന്നുന്നു. ചിന്തനീയമായ വാക്കുകലാല്‍ തീര്‍ത്ത ഈ കവിത ഏറെ ഇഷ്ട്ടമായി ..

  ആശംസകള്‍

  ReplyDelete
 22. ആനുകാലികങ്ങൾക്ക് അയച്ച് കൊടുക്കൂ. നല്ല നിലവാരമുണ്ട്.

  ReplyDelete
 23. ആത്മാവിൽ തൊടുന്ന വരികൾ........

  ReplyDelete
 24. ആദ്യവായനയില്‍ തന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ആകര്‍ഷണീയത.
  വളരെ ഇഷ്ടായി.

  ReplyDelete
 25. വായിക്കാന്‍ വൈകി...
  പൊതുവേ കവിതകള്‍ എനിക്ക് പെട്ടന്ന് മനസ്സിലാവാറില്ല...
  പക്ഷെ ഇത് ആദ്യവായനയില്‍ തന്നെ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞു....
  വരികള്‍ ഹൃദയ സ്പര്‍ശിയായി.....
  വളരെ വളരെ ഇഷ്ടമായി.....
  മരണത്തെ കുറിച്ച് ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്‌................

  ReplyDelete
 26. നാട്യങ്ങളില്ലാത്ത ഭാഷയില്‍, ഒഴുകുന്നു ഈ കവിത. വളരെ വളരെ ഇഷ്ട്ടപ്പെട്ടു.

  ReplyDelete
 27. പല ദിവസങ്ങളിലായി പലതവണ വായിച്ചു.
  എന്താണ് എഴുതുക.
  മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച വരികള്‍.
  ദിവസവും കാണുമ്പോള്‍ മറന്നുവയ്ക്കുന്ന പലതിന്റെയും വില നാമറിയുന്നത്....

  ReplyDelete
 28. കവ്യന്നെ.

  ReplyDelete
  Replies
  1. നോമോ? ശിവ! ശിവ! എന്നാലും നന്ദീണ്ട്.

   Delete
 29. നാസ്സര്‍ , ഒരു ആസ്വാദകന്‍ എന്നാ നിലയില്‍ ഈ സൃഷ്ടി എനിക്ക് സമ്പൂര്‍ണ്ണ സംതൃപ്തി നല്‍കുന്നു.... !ഇനിയും എഴുതുക...!

  ReplyDelete
 30. മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ശക്തമായ വരികള്‍...
  കവിയ്ക്ക് ആശംസകള്‍....

  ReplyDelete
 31. ഞാന്‍ അദ്യമായാണിവിടെ.
  വളരെ മനോഹരമായി എഴുതിയിരിക്കുന്നു. സരളമായ ഭാഷയില്‍ മനസ്സിനെ വല്ലാതെ നേൊവിച്ച്‌ .....

  രണ്ടുമൂന്നാവര്‍ത്തി വായിച്ചു.
  "പിരിഞ്ഞു പോകാന്‍ വിസമ്മതിച്ച രണ്ടു കുഞ്ഞിക്കൈകള്‍ അവശേഷിപ്പിച്ച മുദ്രയാണത്‌"

  ഈ വായനയുടെ നോവ്‌ ഇപ്പോഴും ബാക്കിയാണ്‌.

  നന്നായെഴുതി. ആശംസകള്‍

  ReplyDelete
 32. നന്നായി എഴുതി.
  ആശംസകള്‍.

  ReplyDelete
 33. താമസിച്ചു പോയല്ലോ നാസ്സര്‍ ഇക്ക ...
  നല്ല കവിത ..ഒന്നാംതരം കവിത
  പറയാനുള്ളത് നമ്മള് പറയണം അവര്‍ക്കറിയില്ലല്ലോ
  ശവങ്ങളുടെ വേദനാ ...

  ReplyDelete
 34. മനുരാജിന്റെ ബ്ലോഗിലെ ഒരു കമന്റില്‍ നിന്ന് ഇവിടെയെത്തി. കുറഞ്ഞ വാക്കുകള്‍ കൊണ്ടും വേദനിപ്പിക്കാം എന്ന് ഈ കവിത പറയുന്നു.

  ReplyDelete
 35. മനസ്സിനെ സ്പറ്ശിച്ച വരികള്‍.. വല്ലാത്തൊരു നൊമ്പരം ഉള്ളില്‍ വായന കഴിഞ്ഞും ബാക്കി നില്‍ക്കുന്നു...നമ്മുടെ ഊഴവും കാത്ത് നമ്മള്‍ കഴിയുന്നൂല്ലെ??

  ReplyDelete
 36. ഇപ്പോഴാണീ കവിത ശ്രദ്ധയിൽ പെടുന്നത്, ലളിത സുന്ദര ഭാഷയിലുള്ള വരികളിലൂടെ ഒരു കവിത. ആർദ്രം, ചിന്തിപ്പിക്കുന്നത്... ആസംസകൾ ഭായ്

  ReplyDelete
 37. ഹൃദയത്തിൽ തൊടുന്ന വരികൾ..!

  ReplyDelete
 38. ഹൃദയത്തില്‍ തൊട്ടു.... ശരിക്കും എനിക്ക് ഞാന്‍ അനുഭവിച്ച പലതും എന്‍റെ കണ്ണില്‍ നിറഞ്ഞു വന്നു..... ആശംസകള്‍

  ReplyDelete
 39. പലതവണ വായിച്ചു ഞാനിത്.വായിക്കും തോറും ഇഷ്ടമേറുന്ന മനോഹരമായ വരികള്‍ .

  ReplyDelete
 40. after a long time ഒരു നല്ല കവിത വായിച്ചു..നന്നി ...

  ReplyDelete
 41. കുറെ നാളുകള്‍ക്കു ശേഷം നല്ലൊരു കവിത വായിച്ചു.നന്നി..ഭാവുകങ്ങള്‍.

  ReplyDelete
 42. ഈയിടെ വായിച്ചതില്‍ ഏറ്റവും സ്പര്‍ശിച്ച കവിത. ഓരോ മരണവും കുറെ മോഹങ്ങളും സ്വപ്നങ്ങളും ബാക്കി വെയ്ക്കും. ലളിതവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 43. മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച വരികള്‍. കവിതകളോട് പൊതുവേ പ്രതിപത്തി കാണിക്കാത്ത ആളാണ്‌ ഞാന്‍. പക്ഷെ വളരെ ലളിതമായ ഭാഷയില്‍ എഴുതിയതുകൊണ്ട് പൂര്‍ണമായും ആസ്വദിക്കാന്‍ കഴിഞ്ഞു.

  ReplyDelete
 44. തുടിച്ചിരുന്നപ്പോൾ
  പറയാൻ മറന്ന സ്നേഹത്തിന്റെ
  വിങ്ങലാണത്.

  ReplyDelete
 45. ഇഷ്ടമായൊരുപാട്

  ReplyDelete
 46. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍ - മനസ്സില്‍ നൊമ്പരം നിറയ്ക്കുന്നു...

  ഈ വരികള്‍ വരച്ചു കാട്ടുന്ന കാഴ്ചകള്‍ കണ്ണില്‍ ഒരല്പം നനവ് പകര്‍ന്നില്ലെങ്കില്‍ ഉള്ളിലുള്ളത് തുടിക്കാത്ത ഒരു ഹൃദയമാകണം...

  ReplyDelete
 47. എന്തു പറയണമെന്നറിയുന്നില്ല. ഇതെഴുതിയപ്പോള്‍ അങ്ങേക്ക് വിഷമമുണ്ടായോ എന്നറിയില്ല. പക്ഷേ, വായിക്കുന്നവരുടെ ഉള്ള് ഒരു ഒരു മാത്രയെങ്കിലും പിടച്ചിരിക്കും. ഉറപ്പ്...! അല്ലെങ്കിലും അതാണല്ലോ കവി. കവി കരഞ്ഞില്ലെങ്കിലും കവിയ്ക്ക് കരയിക്കാനറിയണം... നാസര്‍ജീ.... സ്‌നേഹം... ഇഷ്ടം.... ഒരുപാട്..!

  ReplyDelete
 48. ഇങ്ങനെ കൊളുത്തി വലിക്കുന്നു

  ReplyDelete
 49. പറിഞ്ഞു പോകാൻ വിസമ്മതിച്ച രണ്ടു കുഞ്ഞിക്കൈകൾ
  അവശേഷിപ്പിച്ച മുദ്രയാണത്.
  .
  .
  .വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു നൊമ്പരം ബാക്കി ..

  ഇഷ്ടമായി !!!!

  ReplyDelete
 50. ഹോ വല്ലാതെ വേദനിപ്പിച്ചു...കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വായിച്ചത് ,ഒരിക്കലും മറക്കാത്ത വരികള്‍ ആയി.

  ReplyDelete
 51. ശവമഞ്ചത്തിൽ നിന്നുയരുന്ന വിങ്ങലുകൾ..
  മരിച്ചാലും മറക്കാൻ കഴിയാത്ത വിങ്ങലുകൾ..

  മനോഹരം..ആശംസകൾ..

  ReplyDelete
 52. വല്ലാതെ പൊള്ളി...

  ReplyDelete
 53. ഈ വരികള്‍ ഒരു നീറ്റലായ്
  ഇടനെഞ്ചിലേറുമ്പോള്‍
  ഈറനണിഞ്ഞ കണ്ണുകളുമായ്
  ഹൃദയം നിറഞ്ഞ വേദനയുമായ്‌
  ഞാനിവിടം വിട്ടു പോകുമ്പോള്‍
  അര്‍പ്പിക്കാതെ പോകുവതെങ്ങിനൊരു-
  നല്‍പ്രണാമം .. ഈ തൂലികയ്ക്ക്...

  നാസര്‍ക്കാ... വേദനിപ്പിച്ചു....

  ReplyDelete
 54. ക്ലാസ്സ്....!!!
  അത്ര മാത്രമേ പറയാനുള്ളൂ..
  ആശംസകള്‍

  ReplyDelete
 55. എന്‍റെ ശവം ചുമക്കുവാന്‍ വിധിക്കപ്പെട്ടവര്‍ !!!

  ReplyDelete
 56. ഈ വരികൾ വായിക്കുമ്പോൾ നെഞ്ചകം
  ഒന്ന് പിടഞ്ഞതായി തോന്നിയെന്നാൽ
  അറിയുക, ഇത് കവിതയാണ്!

  ReplyDelete
 57. അഞ്ചു വട്ടം വായിച്ചു!!!

  വല്ലാത്ത ഒരു ഫീല്‍.....

  നാട്ടില്‍ പോകാന്‍ തോന്നുന്നു.... :)

  ഇതിനാണോ ഭയം എന്ന് പറയുന്നത്?..

  ReplyDelete
 58. നല്ല നിലവാരമുള്ള കവിത. തീവ്രമായ വരികൾ!

  ReplyDelete
 59. Gambheeram. pukazhthiyathalla. sherikkum ishtamaayi. iniyum ezhuthuka..

  ReplyDelete

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഒരാളോടെങ്കിലും പറയുക.