Wednesday, March 30, 2011

മറുനാടൻ മലയാളികളും കേരളീയ ജീവിതവും

 
മറുനാടൻ മലയാളികളും കേരളീയ ജീവിതവും


2001, ജൂലൈയിലെ ഒരു സായാഹ്നം.  അഞ്ചാറുവർഷങ്ങൾ നീണ്ട പ്രവാസത്തിന് താൽക്കാലിക വിരാമമിട്ട് നാട്ടിലെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആകുന്നുള്ളു.  കൗമാരത്തിൽ പട്ടണത്തിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടതാണു്.  ജനിച്ചു വളർന്ന ഗ്രാമം അന്നു മുതലേ ഹൃദയത്തിലൊരു ഗൃഹാതുരതയായിരുന്നു.  നീണ്ട പ്രവാസജീവിതം അതിനെ കൂടുതൽ തീക്ഷ്ണമാക്കി.  അതുകൊണ്ടാണു മറ്റുപല തിരക്കുകളുണ്ടായിട്ടും ഗ്രാമത്തിലേക്കുള്ള യാത്രയ്ക്ക് മുൻഗണന കൊടുത്തത്.  സൗമ്യമായ വെയിലും മഴമാറിയ ആകാശവും.  മരുഭൂമിയുടെ നരച്ച നിറങ്ങളിൽനിന്നു വന്ന് കേരളത്തിന്റെ പച്ചയിലേക്കു നടത്തുന്ന ഈ യാത്ര ബൈക്കിൽ മതിയെന്നു തീരുമാനിക്കാൻ കാരണം ജാലകക്കാഴ്ച്ചകളോടുള്ള വിപ്രതിപത്തിയായിരുന്നു.


ആറേഴു വർഷങ്ങൾക്കിടയിൽ പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും വന്ന മാറ്റങ്ങൾ സൂക്ഷ്മമായി നോക്കിക്കണ്ടുകൊണ്ടായിരുന്നു യാത്ര.  അതുകൊണ്ടുതന്നെ വഴിയോരത്ത് ഇടയ്ക്കിടെ ആവർത്തിച്ചുകൊണ്ടിരുന്ന ഒരു കാഴ്ച മനസ്സിലൊരു മുള്ളായി.  ആധുനികരീതിയിൽ പണികഴിപ്പിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയതും, എന്നാൽ പാതിയും മുക്കാലും തീർന്ന അവസ്ഥയിൽ പണിനിർത്തിയിട്ട് വളരെനാളുകളായതിനാൽ കാടും പടലും പിടിച്ചതുമായ കോൺക്രീറ്റുവീടുകളുടെ ദൃശ്യം ആകാംക്ഷയെ വർദ്ധിപ്പിച്ചുകൊണ്ടിരുന്നതിനാൽ ഇടയ്ക്കു കണ്ട അത്തരം ഒരു വീടിന്റെ മുൻപിൽ വണ്ടി നിർത്തി.  വീടിനോടു ചേർന്നുതന്നെ ഓലകൾ ദ്രവിച്ചു തുടങ്ങിയ ഒരു കുടിലും ഉണ്ടായിരുന്നു.  കുടിലിനുമുൻപിൽ അപരിചിതനെക്കണ്ട് അകത്തുനിന്നും ഒരു സ്ത്രീ കൈക്കുഞ്ഞുമായി ഇറങ്ങിവന്നു.  അല്പം സങ്കോചത്തോടെയാണെങ്കിലും, ആ വീട് ആരുടേതാണെന്ന് അവരോട് ചോദിച്ചു.  വീട് അവരുടേതുതന്നെയാണെന്നു പറയുമ്പോൾ കണ്ണുകളിൽ പ്രത്യാശ.  വീടും സ്ഥലവും വാങ്ങാൻ വന്ന ആളാണെന്ന ധാരണയിൽ ആ സ്ത്രീ തുടർന്നുള്ള സംഭാഷണത്തിൽ അവരുടെ ദുർവിധിയുടെ കെട്ടഴിച്ചു.  ഭർത്താവ് ഗൾഫിൽ നല്ലനിലയിൽ കച്ചവടം നടത്തിവരികയായിരുന്നു.  നിനച്ചിരിക്കാത്ത നേരത്ത് അവിടുത്തെ സ്വദേശിവൽക്കരണത്തിന്റെ പേരിൽ എല്ലാം ഇട്ടെറിഞ്ഞ് തിരിച്ചുപോരേണ്ടിവന്നു.  ബിസിനസ്സ് പിടിച്ചെടുത്ത സ്പോൺസർ നാട്ടിലേയ്ക്ക് ഒരു ടിക്കറ്റ് മാത്രം എടുത്തുകൊടുക്കാൻ ദയകാട്ടി.  അതുവരെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം ആ വീടിനും സ്ഥലത്തിനും മറ്റുമായി ചെലവായിരുന്നു.  ലോണെടുത്തും കടം വാങ്ങിയും കുറെ നാളുകൾ കഴിഞ്ഞുകൂടി.  ഇതിനിടെ വീടും സ്ഥലവും വിൽക്കാൻ നടത്തിയ ശ്രമങ്ങളും, വാങ്ങാൻ ആളില്ലാത്തതിനാൽ പാഴായി.  ലോണെടുത്ത പണംകൊണ്ടു നടത്തിയ ബ്ലേഡ്ബിസിനസ്സും പൊട്ടി.  ഗത്യന്തരമില്ലാതെ നാടുവിട്ട ഭർത്താവ് വേറൊരു വിസയ്ക്കായി ബോംബെയിൽ എവിടെയോ അലയുകയാണു്.  വീടുവാങ്ങുന്നതിനെപ്പറ്റിയുള്ള അഭിപ്രായം രണ്ടു ദിവസങ്ങൾക്കകം അറിയിക്കാമെന്നു പറഞ്ഞ് യാത്രചോദിച്ചപ്പോൾ, പിന്നിട്ട സമാനദൃശ്യങ്ങൾ ഇത്തരം ഗൾഫ് സ്വപ്നങ്ങളുടെ അസ്ഥികൂടങ്ങൾ ആകാതിരിക്കട്ടെയെന്ന് മനസ്സ് പ്രാർത്ഥിച്ചു. 


00            00            00

ആധുനിക കേരളീയ ജീവിതത്തിനു സമ്പന്നതയുടെ മുഖം കൊടുക്കാൻ കഴിഞ്ഞതിൽ മറുനാടൻ മലയാളികളുടെ വിയർപ്പിനു നിർണ്ണായകമായ പങ്കാണുള്ളത്.  ഇരുപതാംനൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലുണ്ടായ സാംസ്കാരിക നവോത്ഥാനവും ഉത്തരാർദ്ധത്തിലുണ്ടായ വിദ്യാഭ്യാസ പുരോഗതിയും മലയാളിക്ക് ലോകത്തിന്റെ കോണുകളിലേക്ക് പറക്കാനുള്ള ചിറകുകളായി.  ‘ആഗോള ഗ്രാമം’ വിദേശികൾക്ക് സമീപവർത്തമാനകാലമാണെങ്കിൽ മലയാളികൾ കാൽനൂറ്റാണ്ടു മുൻപുതന്നെ അതു പ്രാവർത്തികമാക്കിയിരുന്നു.  ഇവരിൽ ഒരു ന്യൂനപക്ഷം ഇങ്ങനെ ചെന്നുചേർന്ന ഇടങ്ങളിൽ അവരുടെ വേരുകൾ ആഴ്ത്തി.  തദ്ദേശസംസ്കാരവുമായിച്ചേർന്ന് അവർ തങ്ങളുടെ സ്വത്വവും നിലനില്പ്പും കണ്ടെത്തി.  കേരളം, അവരിൽ പഴയ തലമുറകളുടെമാത്രം മനസ്സിലെ ഗൃഹാതുരതയായി. 

 എന്നാൽ മഹാഭൂരിപക്ഷം പ്രവാസികളും കേരളത്തിലെ തൊഴിൽമേഖലയിലുണ്ടായ സ്തംഭനത്തിൽനിന്നും രക്ഷപെട്ട് സ്വന്തമായ ഒരു ജീവിതം കരുപ്പിടിപ്പിക്കാൻവേണ്ടി തൽക്കാലത്തേയ്ക്കു മാത്രം പ്രവാസത്തെ സ്വയം വരിച്ചവരാണു്. പക്ഷേ കാലക്രമത്തിൽ അത് അവർക്കൊരു രാവണൻകോട്ടയായി മാറുന്നു.  ഒരിക്കൽ അകത്തുകടന്നാൽ പുറത്തിറങ്ങാൻ കഴിയാത്ത കോട്ട.  പുറത്തിറങ്ങിയാൽ വീണ്ടും വലിച്ചടുപ്പിക്കുന്ന അയസ്കാന്തം.

കേരളം ഒരു ഉപഭോഗ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന പരാതി ഇടയ്ക്കിടെ നാം കേൾക്കാറുണ്ട്.  ഉൽപ്പാദനം കമ്മിയും ഉപഭോഗം അധികവുമാകുന്ന അവസ്ഥ.  ഇതിലേയ്ക്ക് എത്തിച്ചതിൽ മറുനാടൻമലയാളികളും ബോധപൂർവ്വമല്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്.  മറുനാട്ടിലുള്ള കുടുംബാംഗം നൽകിയ സുരക്ഷിതത്വത്തിന്റെ തണലിൽ കിളിർത്ത ഒരു പറ്റം ഇത്തിൾക്കണ്ണികൾ ഇവിടെ വളർന്നു പടർന്നു.  കമ്മ്യൂണിസ്റ്റുപച്ചകൾ മാത്രം തഴച്ചുവളരുന്ന സ്വന്തം തൊടികൾ പിന്നിട്ട് അയൽസംസ്ഥാനത്ത് ഉൽപ്പാദിപ്പിച്ച കായ്കറികൾക്കായി, സഞ്ചിയും തൂക്കി ഇവർ രാവിലെ ചന്തയിലേക്കു പോകുന്നു. 

 ഇതിന്റെ മറ്റൊരു വശം കൂടി പരാമർശിക്കേണ്ടിയിരിക്കുന്നു.  സമ്പന്നതയുടെ മടിത്തട്ടിലേക്കു ചേക്കേറിയ ഒരു ന്യൂനപക്ഷം വിദേശമലയാളികൾ, കേരളീയസമൂഹത്തിന്റെ മനസ്സാക്ഷിക്കുത്തുകളായ വൃദ്ധസദനങ്ങളുടെ അകത്തളങ്ങളിലേക്കു തള്ളിയ കുറെ ദൈന്യമുഖങ്ങളെപ്പറ്റി.  ചില സമകാലിക സിനിമകളിൽ നാം ഈ മുഖങ്ങൾ കണ്ടതുമാണല്ലോ.  നേട്ടങ്ങൾക്കുപിന്നാലെ പായുമ്പോൾ കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളാവുകയും സ്വന്തം പൈതൃകം പോലും അണുവിനു വെളിയിലായിപ്പോവുകയും ചെയ്യുന്നു. 

ഒരായുസ്സിന്റെ പ്രയത്നഫലം ബുദ്ധിപൂർവ്വമല്ലാതെ വിനിയോഗിക്കുന്നതിന്റെ ദുരന്തമാണു് ആദ്യം നാം കണ്ടത്.  ബുദ്ധി കാട്ടാനുള്ള അവസരങ്ങൾ പരിമിതമാണെന്നുള്ളത് പാർശ്വയാഥാർത്ഥ്യം.  സംഘടിച്ചാൽ ഇന്നു കേരളത്തിലെ ഭൂരിപക്ഷശക്തിയാകുന്ന പ്രവാസികൾക്കുള്ളത് മുറം പോലുള്ള ചെവികളാൽ മറയ്ക്കപ്പെട്ട ആനക്കാഴ്ച.  ഭരണാധികാരികൾക്ക് ഇവർ തങ്ങളുടെ ഖജനാവു നിറയ്ക്കാനായി തടിപിടിക്കാനുള്ള കരിജന്മങ്ങൾ.  ഇവരെ ബോധവാന്മാരാക്കുവാൻ ബാധ്യതയുള്ള മാധ്യമങ്ങൾ ഇവർക്കുമുൻപിൽ ഷക്കീലച്ചിത്രങ്ങൾ വിളമ്പുന്നു.

കേരളീയസമൂഹത്തിന്റെ കറിവേപ്പിലകളായിത്തീരുന്ന ഈ മറുനാടൻ മലയാളികൾക്ക് ഒരുപിടി മാറാരോഗങ്ങളും സ്വപ്നസൗധത്തിന്റെ പായലുപിടിച്ച അസ്ഥിവാരങ്ങളും നഷ്ടപ്പെട്ട യൗവനവും ബാക്കിപത്രം.  രാവണൻകോട്ടയിലേയ്ക്കുള്ള പുതിയ പ്രവേശനാനുമതിക്കായി നെട്ടോട്ടം.

00            00            00

യാത്ര തുടരുകയാണു്.  പണിതീരാത്ത വീടുകളും കമ്മ്യൂണിസ്റ്റുപച്ചകൾ വളർന്ന തൊടികളും ആവർത്തിക്കുന്ന കാഴ്ചകളായി.  വണ്ടി ഇപ്പോൾ ഗ്രാമാതിർത്തിയിൽ പ്രവേശിച്ചു.  ആകാശം മേഘാവൃതമായിരുന്നു.


(2002-ൽ എഴുതിയത്.)

           


5 comments:

 1. comment itte..pinne vishadamayi vayicha sesham..Ajithettane pattiche...

  ReplyDelete
 2. പ്രവാസം ആത്യന്തികമായി കേരളത്തിന് നന്മയോ തിന്മയോ...?
  തല്‍ക്കാലം കാണുന്ന കാഴ്ച്കകളിലെ പളപളപ്പല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍..?

  ReplyDelete
 3. വിരഹത്തിന്റെ നൊമ്പരങ്ങളും പുനഃസമാഗമത്തിന്റെ സമാശ്വാസവും ഇടവിട്ടിടവിട്ടനുഭവിച്ചു തീര്‍ക്കുന്ന തുടര്‍ക്കഥയാണ് കേരളീയപ്രവാസിസമൂഹത്തിന്റേത്; ഒപ്പം അവരുടെ പ്രിയപ്പെട്ടവരുടേതും.

  ലോകത്തിലെ മറ്റൊരു ഭൂവിഭാഗത്തിലും ഈ രീതിയില് ഇത്രയധികം ആളുകള് ഒന്നാകെ പ്രവാസികളും നാട്ടിലുള്ള പ്രിയജനങ്ങളൾ വിരഹാര്‍ത്തരുമായി കഴിയുന്നുണ്ടാവില്ല.....

  നാട്ടിൽ നിലനില്‍ക്കുന്ന സാമൂഹികാന്തരീക്ഷം അഭിവീക്ഷിക്കുമ്പോൾ ഈ ദുരവസ്ഥയില്‍നിന്ന് വരുംതലമുറയെങ്കിലും രക്ഷപ്പെടുമെന്നതിന്റെ ശുഭസൂചനകളും ലഭ്യമല്ല ...........

  ദൂഷിതവലയത്തിൽ പെട്ട് ഉഴലുന്ന ഈ അഭിശപ്തത തലമുറകളിലൂടെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.......

  സ്വപ്നങ്ങൾ പാതിവഴിയിൽ മുറിഞ്ഞുപോയ ഹതഭാഗ്യനായ ഒരു ഗൾഫുകാരന്റെയും കുടുംബത്തിന്റെയും കണ്ണീരിന്റെ നനവുള്ള അനുഭവാഖ്യാനത്തിലൂടെ ഈ സുഃഖസത്യത്തിന്റെ പൊള്ളൽ വീണ്ടും ഉള്ളം അറിഞ്ഞു......

  ReplyDelete
 4. കേരളത്തെ രക്ഷിച്ചത് ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികളാണെന്ന് കേട്ടിട്ടുണ്ട്. അൽപ്പം ഉപഭോഗതൃഷ്ണ ചുരുക്കം ചിലരിൽ കാണുന്നുണ്ടെങ്കിലും പ്രവാസസമൂഹമാണ് കേരളത്തിന്റെ സമ്പദ്ഘടന തകരാതെ നിലനിർത്തുന്നത്.

  ReplyDelete
 5. കേരളത്തിന്റെ സമ്പത്ത് ഘടനക്ക്, നമ്മുടെ ജീവിത നിലവാരം ഉയര്‍ന്നതിന്,ഒക്കെ പ്രവാസികള്‍ക്കുള്ള പങ്ക് സ്തുത്യര്‍ഹം തന്നെ.
  മലയാളിക്ക് പൊതുവേയുള്ള ഒരു സ്വഭാവമാണല്ലോ അയല്‍ക്കാരന്റെ മുറ്റത്തേക്കുള്ള എത്തി നോട്ടം. എത്രയും വേഗം അവനെക്കാള്‍ മെച്ചപ്പെട്ട ഒരു നില കൈവരിക്കുക എന്ന ആഗ്രഹമോ അത്യാഗ്രഹമോ കൊണ്ടാവണം ഓരോരുത്തരും നാടുവിടുന്നത്. അത്യതികമായി ഭൂരിഭാഗം പേരെയും അത് ഉയര്ച്ചയിലേക്കാണ് എത്തിക്കുന്നത്.
  അല്പം ചുറ്റുപാടൊക്കെ ആയിക്കഴിഞ്ഞാല്‍ സമൂഹത്തിനെ അവജ്ഞയോടെ കാണുകയും കാശുകൊണ്ട് എല്ലാം നേടിയെടുക്കാം എന്നുള്ള പ്രവണതയും കൈവരുന്നു. ചെറിയ ഉദാഹരണം പറഞ്ഞാല്‍ ഭൂമിക്കും മീനിനും വിലകൂട്ടുന്നതില്‍ ഗള്‍ഫ് മലയാളിക്കുള്ള പങ്ക് ചെറുതല്ല. നൂറു രൂപ വിലയുള്ള സാധനം മുന്നൂറു കൊടുത്തു സ്വന്തമാക്കി അവന്‍ മറ്റുള്ളവനെ പുശ്ചിക്കുകയാണ്. പാവപ്പെട്ടവന് നല്ല ആഹാരവും ഒരു തുണ്ട് ഭൂമിയും ഇന്ന് അന്യമാവുകയാണ്. അതുതന്നെയാണ് വ്യക്തി ബന്ധങ്ങളിലും രക്തബന്ധങ്ങളിലും സംഭവിക്കുന്നത്‌. മണ്ണിനോട് പോലും സ്നേഹമില്ലാതെ മാറുന്ന മനുഷ്യര്‍.
  പണം!എല്ലാറ്റിനും മീതെ പണം മാത്രം!

  ReplyDelete

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഒരാളോടെങ്കിലും പറയുക.