Saturday, January 12, 2013

ബോധിച്ചുവട്ടിലെ കൂണ്


അണുശക്തിയെക്കുറിച്ചായിരുന്നു യാത്രയിലുടനീളം ഗൗതമൻ ആലോചിച്ചിരുന്നത്.  പച്ചപ്പിനാൽ മനോഹരമായ താഴ്വരകളിലൂടെ  സഞ്ചരിക്കുകയായിരുന്നു ട്രെയിൻ. ഇടയ്ക്കു നിർത്തിയ സ്റ്റേഷനുകളിലെ ജനത്തിരക്കിന്റെ ഒച്ചയും ബഹളങ്ങളും മാത്രമായിരുന്നു ആലോചനക്ക് ഭംഗം വരുത്തിയത്. ഒന്നാംക്ലാസ് കമ്പാർട്ടുമെന്റിന്റെ സുഖകരമായ തണുപ്പിൽ, തന്റെ ലാപ്ടോപ്പിന്റെ കാഴ്ചപ്പുറത്തും അയാൾ പരതിയത് അണുശക്തിയെക്കുറിച്ചായിരുന്നു.

പഠിക്കുന്നകാലത്ത് മൂലകങ്ങളെയും രാസസംയുക്തങ്ങളെയും പറ്റി വളരെയൊന്നും തല പുകയ്ക്കേണ്ടിവന്നിരുന്നില്ല. ഫ്രോയിഡിന്റെയും യുങ്ങിന്റെയുമൊക്കെ ആശയമണ്ഡലങ്ങളെ ഇഴകീറിയെടുത്ത് പുതിയ നിഗമനങ്ങളിലെത്തിയായിരുന്നു അയാൾ തന്റെ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയത്. അധികം താമസിയാതെ തന്നെ ബാംഗ്ലൂരിലെ ലോകപ്രശസ്തമായ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിൽ ജോലിയും ലഭിച്ചു.  അതങ്ങനെയായിരുന്നു...  ജീവിതം എപ്പോഴും സൗമ്യമധുരമായിട്ടാണ് അയാൾക്കു വഴിപ്പെട്ടത്.  സമ്പത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദം ഓരോ വഴിത്തിരിവിലും കാത്തുനിന്നിരുന്നു.  അവയൊക്കെ ആസ്വദിക്കുക എന്ന കൃത്യം മാത്രം നടത്തിയാൽ മതിഎന്നാൽ അത്തരം ആസ്വാദനങ്ങളൊന്നും അതിരുവിടാതിരിക്കാനുള്ള പക്വത മുപ്പതു വയസ്സിനിടയിൽത്തന്നെ ഗൗതമൻ  നേടിയിരുന്നു.

ജീവിതത്തിലെ അത്തരമൊരു വഴിത്തിരിവിലാണ് മൈഥിലി അയാളെ കാത്തു നിന്നത്വ്യത്യസ്തമായ രണ്ടു പർവ്വത ശിഖരങ്ങളിൽനിന്ന് ഉരുവംകൊണ്ട രണ്ടരുവികൾ പൂർവ്വനിശ്ചിതമല്ലാത്ത ഒരു സ്ഥലരാശിയിൽ ഒന്നിച്ചുചേർന്ന് പ്രയാണം തുടരുന്നതുപോലെ തികച്ചും സ്വാഭാവികമായിരുന്നു അവരുടെ കണ്ടുമുട്ടലും സൗഹൃദവുംപിന്നീട് ഒന്നിച്ചുള്ള ഒഴുക്കിൽ പൊട്ടിച്ചിരികളും മകൻ രാഹുലിന്റെ തുള്ളിത്തെറിക്കലുകളും നിറഞ്ഞുനിന്നിരുന്നു.

സുഭിക്ഷമായിരുന്നു ഗൗതമന്റെ ബാല്യംതെരുവോരത്തെ മരച്ചില്ലകളിൽക്കെട്ടിയ തൊട്ടിലിൽ, മുലപ്പാലിനെക്കാൾ കൂടുതൽ, അധ്വാനശേഷം ഊർന്നിറങ്ങുന്ന വിയർപ്പുതുള്ളികൾ നുണയേണ്ടിവരുന്ന ശൈശവം അയാളുടെ വളർച്ചയുടെ കാണാമറയത്തായിരുന്നുവയൽച്ചേറിന്റെ മണമോ ഞാറ്റുപാട്ടിന്റെ ഈണമോ അറിയാതെ, രോഗപീഡകളുടെ അവശതയും തിരസ്കൃത വാർദ്ധക്യങ്ങളുടെ നിസ്സഹായതയുമറിയാതെ, വിളിപ്പുറത്തെത്തുന്ന സഹായികളാലും സ്നേഹത്താലും പരിചരിക്കപ്പെട്ട്, നവീന രുചികളാൽ പോഷിപ്പിക്കപ്പെട്ട് കടന്നുപോയ കൗമാരം.  അത്തരമൊരു കരുപ്പെടുത്തൽ പകർന്നു കൊടുത്ത ആത്മവിശ്വാസം അയാളുടെ പ്രവൃത്തികളിലും പ്രതിഫലിച്ചിരുന്നു.  അറ്റുപോയ ബന്ധങ്ങളെ വിളക്കിച്ചേർക്കുന്ന, താളം തെറ്റിയ മനസ്സുകളുടെ ചുളിവുകൾ നിവർത്തിയെടുക്കുന്ന അനേകം കൗൺസിലിങ്ങ് സെഷനുകളിൽ ആ ആത്മവിശ്വാസം കൈത്താങ്ങായിരുന്നു.

ആ വിജയകഥകളാണ് ഇങ്ങനെയൊരു ദൗത്യസംഘത്തിലെ അംഗമാകാൻ ഗൗതമന് നറുക്കു നേടിക്കൊടുത്തത്.  അകലെയൊരു കടൽത്തീര ഗ്രാമത്തിൽ, തങ്ങളുടെ ജീവിതത്തിനും ഉപജീവനത്തിനും മേൽ ഉയർന്നു വളരുന്ന ഒരു വിഷക്കൂണിനെതിരെ ഉയിരുകൊടുത്തു പൊരുതുന്ന ഗ്രാമീണരെ ആധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച്, ബോധവത്കരണത്തിലൂടെ ഭരണകൂടത്തിന്റെ വഴിക്കു കൊണ്ടുവരുക എന്നതായിരുന്നു അവരുടെ ദൗത്യം.  ചോരയൊഴുകാത്ത യുദ്ധങ്ങളും ഇടയ്ക്കെങ്കിലും അധികാരികൾക്ക് നടത്തണമായിരുന്നു.

ശാസ്ത്രത്തിന്റെ അക്ഷയപാത്രത്തിൽ നിന്നും സാധാരണക്കാരനു വിളമ്പാൻ കാലതാമസമുണ്ടാകുമെന്നും എന്നാലത് അസാധ്യമായ കാര്യമൊന്നുമല്ലെന്നും ഗൗതമൻ ധരിച്ചിരുന്നു.  അതുകൊണ്ട് അക്കാര്യം അവരെ ബോധ്യപ്പെടുത്തുക വെല്ലുവിളിയായി തോന്നിയതുമില്ല.  അതിനാൽത്തന്നെ, ആത്മവിശ്വാസത്തിന്റെ തീവണ്ടിയിലായിരുന്നു ഗൗതമൻ യാത്ര തുടങ്ങിയത്.  എന്നാൽ, വണ്ടി കുന്നുകളും പച്ചപ്പും പിന്നിട്ട് വറുതിയുടെയും ഊഷരതയുടെയും കാഴ്ചകളിലൂടെ ഓടിത്തുടങ്ങിയപ്പോഴേക്കും അയാൾ സന്ദേഹിയായി.  ലാപ്ടോപ്പിന്റെ ജാലകത്തിൽ അപ്പോഴേക്കും ആകാശത്തേക്കുയരുന്ന ഭീമാകാരമായ ഒരു കൂണും അതിനു താഴെ ചിതറിപ്പൊടിയുന്ന ഭൂമിയും മാംസം ഉരുകിയൊലിച്ച് നാലുപാടും പായുന്ന ജീവജാലങ്ങളും പല പ്രാവശ്യം വന്നുപോയിരുന്നു.  വർദ്ധിതോഷ്മാവിൽ വെന്ത വേലിക്കെട്ടുകൾ തകർത്ത ഊർജ്ജപ്രവാഹം കരിച്ചുകളഞ്ഞ കോശങ്ങളുമായി മരിച്ചുപോയവരുടെയും മരിച്ചു ജീവിക്കുന്നവരുടെയും കഥകൾ പലയാവർത്തി അയാൾ വായിച്ചു കഴിഞ്ഞിരുന്നു.  തങ്ങൾ സൃഷ്ടിച്ചെടുത്ത ഭൂതത്തെ തിരിച്ചടയ്ക്കാനുള്ള കുടങ്ങളും സംസ്കരിക്കാനുള്ള ശ്മശാനങ്ങളും തേടി പരക്കം പായുന്ന ശാസ്ത്ര സമൂഹത്തിന്റെ നിസ്സഹായാവസ്ഥ, വലക്കണ്ണികളിൽ  അവിടവിടെയായി തെളിഞ്ഞു വന്നിരുന്നു.

വിഷാദത്തിന്റെ നേർത്ത സന്ധ്യ ജാലകത്തിലൂടെ അരിച്ചു കയറി അയാൾക്കൊപ്പം യാത്ര തുടങ്ങി.

തീരദേശത്തെ ചെറിയ പട്ടണത്തിൽ ട്രെയിൻ നിന്നപ്പോൾ നേരം പുലർന്നുകഴിഞ്ഞിരുന്നു.  കടലിന്റെ വിയർപ്പുനിറഞ്ഞ ഉപ്പുകാറ്റ് വിസർജ്ജ്യങ്ങളുടെ ഗന്ധവുമായി കൂടിക്കുഴഞ്ഞ് അയാളെ വരവേറ്റു.  രാത്രിയിൽ പിണങ്ങിനിന്ന ഉറക്കത്തിന്റെ കനം കൺപോളകളിൽ തങ്ങിക്കിടന്നു.  സർക്കാർ ഗസ്റ്റ്‌ഹൗസിലേക്ക് വേറൊരു വാഹനത്തിൽ പോകേണ്ടിവന്നു.  ജോലിതുടങ്ങുംമുൻപ് പരിസരത്തെപ്പറ്റി കൂടുതൽ പഠിക്കണമെന്ന ആഗ്രഹത്താൽ മറ്റു സംഘാംഗങ്ങളെക്കാൾ രണ്ടു ദിവസം നേരത്തേ തിരിച്ചതായിരുന്നു അയാൾ.  എന്നാലും മുൻകൂട്ടി വിവരം അറിയിച്ചിരുന്നതിനാൽ താമസത്തിനു വേണ്ട ഏർപ്പാടുകളൊക്കെ തയ്യാറായിരുന്നു.  വളരെ പഴക്കം തോന്നിക്കുന്നതും അവിടുത്തെ ഭൂപ്രകൃതിക്കു തീരെ യോജിക്കാത്ത വിധത്തിൽ കരിങ്കല്ലുകൊണ്ടു നിർമ്മിച്ചതുമായിരുന്നു ആ ഇരുനിലക്കെട്ടിടം.  വിശാലമായ മുറ്റത്തിന്റെ അതിരിലായി നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന ഒരു അരയാൽ കാറ്റു തുള്ളിക്കുന്ന ഇലകളുമായി പടർന്നു പന്തലിച്ചു നിന്നിരുന്നു.

പ്രഭാതകൃത്യങ്ങൾക്കും പ്രാതലിനും ശേഷം, മുകൾനിലയിൽ തന്റെ ജനാലയിലൂടെ വെളിയിലേക്കു നോക്കി, തന്നെപ്പൊതിഞ്ഞ് പൊറുതിമുട്ടിക്കുന്ന വ്യാകുലതയെ കുടഞ്ഞെറിയാൻ പണിപ്പെട്ടുകൊണ്ടിരുന്ന ഗൗതമന്റെ കാഴ്ചയിൽ, വിറയ്ക്കുന്ന ആലിലകളുടെ ഇടയിലൂടെ, ഭീമാകാരമായ താഴികക്കുടങ്ങൾ മണ്ണിലാഴ്ന്നുപോയ ഒരു ദേവാലയം പോലെ ആണവ നിലയം വെളിപ്പെട്ടു.  കനത്ത ചൂടിന്റെ ഒരല മുറിയിൽ കടന്നുകയറിയതായി തോന്നിയതിനാൽ ഗൗതമൻ സാവധാനം വെളിയിലേക്കിറങ്ങി ലക്ഷ്യമില്ലാതെ നടക്കാൻ തുടങ്ങി.

കടലിന്റെ കാരുണ്യത്താൽ മാത്രം തളിർത്തുനിൽക്കുന്ന ഒരു മുക്കുവഗ്രാമമായിരുന്നു അത്.  താൻ പരിചയിച്ചിരുന്ന സുഭിക്ഷതയുടെ എതിരറ്റം എവിടെച്ചെന്നവസാനിക്കുന്നു, അഥവാ എവിടെനിന്നു തുടങ്ങുന്നുവെന്ന് ഗൗതമനു വെളിപ്പെട്ടു.  പാഠപുസ്തകങ്ങളിൽ അന്യമായിരുന്ന ജീവിതങ്ങളായിരുന്നു അവയത്രയും.  ഏതേതു സിദ്ധാന്തങ്ങൾകൊണ്ട് ഇവയെ ഒക്കെ ബോധവത്കരിക്കണമെന്ന് എത്ര ശ്രമിച്ചിട്ടും അയാൾക്കു പിടികിട്ടിയില്ല.

വിശപ്പിലൂടെയും ദാഹത്തിലൂടെയും നടന്ന് സന്ധ്യയായപ്പോൾ അയാളൊരു സമരപ്പന്തലിനടുത്തെത്തി.  അപ്പോഴേയ്ക്കും മുദ്രാവാക്യങ്ങളുടെയും ചാനൽബഹളങ്ങളുടെയും ചൂടാറിത്തുടങ്ങിയ അവിടം വിശ്രമത്തിലേക്കു വീണിരുന്നു.  ക്ഷോഭത്തിന്റെയും നിസ്സഹായതയുടെയും മേൽ കെട്ടിയുയർത്തിയ മുളയുടെയും പനയോലയുടെയും ഒരു നിർമ്മിതിയായി, അണുശക്തിനിലയത്തിലേക്കുള്ള വഴിയിൽ അത് ഒറ്റപ്പെട്ട് നിന്നു.  താഴ്ന്ന തലയുമായി ഗൗതമൻ തന്റെ താവളത്തിലേക്കു തിരിച്ചു നടന്നു.

കുളിമുറിയിലെ തണുത്ത വെള്ളത്തിൽ പകലത്തെ അലച്ചിലിന്റെ വിയർപ്പും ഉപ്പും അലിഞ്ഞുപോയെങ്കിലും തലച്ചോറിലേയ്ക്കു കടന്നുകയറിയ വിഷാദത്തിന്റെ അവക്ഷിപ്തങ്ങൾ അങ്ങനെതന്നെ കിടന്നു.

അത്താഴശേഷം നിലാവിൽക്കുളിച്ച മുറ്റം മുറിച്ചുകടന്ന് ഗൗതമൻ അരയാൽച്ചുവട്ടിലെ ഭീമൻ വേരിൽ തന്റെ ആകുലതകളെ ഇറക്കിവെച്ചു.  മനുഷ്യന് അവന്റെ ജീവിതപൂർത്തീകരണത്തിന് ഏതളവിൽ പ്രാണവായു, ഏതളവിൽ ജലം, ഏതളവിൽ ഭൂമി എന്നിത്യാദി സമസ്യകൾ അയാൾക്കുള്ളിൽ നിറഞ്ഞുവന്നു.  ദുഃഖത്തിന്റെ മൂലകാരണം ദുരയാണെന്ന് കണ്ടെത്തിയ ഒരു പൂർവ്വഗാമിയുടെ രൂപം മനസ്സിൽ തെളിഞ്ഞു.  രോഹിണീ നദിയുടെ ഓരം ചേർന്ന്,  കല്ലിലൂടെയും മുള്ളിലൂടെയും നടന്ന് ബോധിവൃക്ഷച്ചുവട്ടിലെത്തിയ യാത്രയുടെ അവസാനം.  അർദ്ധ നിമീലിതങ്ങളായ മിഴികൾ.   ഭൂമിസ്പർശ മുദ്ര*.  പിന്നെ മറ്റൊരു യാത്രയുടെ തുടക്കം.

പകലത്തെ ഉപാപചയശേഷിപ്പായ പ്രാണവായു ആലിലകളെ വിറപ്പിച്ച് തഴേയ്ക്കിറങ്ങിവന്നു.  ബോധോദയത്തിന്റെ രാത്രിയിലേക്ക് ഗൗതമൻ സാവധാനം കണ്ണടച്ചു.

താനിരുന്ന ആൽച്ചുവടിന്റെ ചുറ്റുവട്ടമാകെ ചാരനിറമുള്ള വിഷക്കൂണുകൾ പൊട്ടിമുളയ്ക്കുന്നതും കാണെക്കാണെ അവ വളർന്നു ഭീമാകാരമാർജ്ജിക്കുന്നതും സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ  പ്രഭാതത്തിൽ ആലിന്റെ വേരിൽ ഉറക്കമുണർന്നത്.  മുറിയിലെത്തി പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്, തനിക്കു കൈവന്ന ശാന്തിയിൽ ആശ്ചര്യപ്പെട്ട് ഗൗതമൻ വെളിയിലേക്കിറങ്ങി നടന്നു തുടങ്ങി.  അധികാരികളുടെ മാർഗ്ഗതടസ്സങ്ങളെയും പലവിധ ചോദ്യങ്ങളെയും കടന്ന് അയാൾ സാവധാനം സമുദ്രതീരത്തെത്തി.  അവിടെ, സമുദ്രജലത്തിൽ കഴുത്തോളം മുങ്ങി പ്രതിഷേധത്തിന്റെ ഒരു മനുഷ്യഭിത്തി തിരമാലകളിൽ ഇളകിക്കൊണ്ടിരുന്നു.  ജീവന്റെ ആദ്യകണങ്ങൾ നീന്തിത്തുടിച്ചു വളർന്ന ആ ജലരാശിയിലേക്ക് ഗൗതമൻ പതുക്കെ ഇറങ്ങിച്ചെന്നു.

                         00                     00                       00                        00

Note:  ഭൂമിസ്പർശ മുദ്ര സിദ്ധാർത്ഥന്റെ ബോധോദയ നിമിഷത്തെ കുറിക്കുന്നു.  കൂടുതൽ ഇവിടെ:‌


 

48 comments:

 1. ജീവന്റെ ആദ്യകണങ്ങൾ നീന്തിത്തുടിച്ചു വളർന്ന ആ ജലരാശിയിലേക്ക് ഗൗതമൻ പതുക്കെ ഇറങ്ങിച്ചെന്നു.


  മനസ്സിലേയ്ക്ക് ഈ കഥ പതുക്കെ ഇറങ്ങിച്ചെല്ലുന്നു

  ReplyDelete
 2. നല്ല കഥ. കൂടുതല്‍ എന്ത് പറയണം എന്നറിയില്ല ...

  ReplyDelete
 3. തകര്‍പ്പന്‍ കഥ .അതിസുന്ദരമായ ശൈലി .കാലികമായ വിഷയം .ഈ കഥ ചിന്തിപ്പിക്കുന്നു ,രസിപ്പിക്കുന്നു .അഭിനന്ദനങ്ങള്‍ നാസര്‍

  ReplyDelete
 4. മികച്ച കഥയാണ് ഇത്. ഒരുപക്ഷെ അടുത്ത കാലത്ത് ബ്ലോഗുകളില്‍ വന്ന കഥകളില്‍ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാവുന്ന ഒന്ന്.നാസര്‍ ഭായിയുടെ ഭാഷ എന്നെ അത്ഭുതപ്പെടുത്തുകയും ബഹുമാനം നിറക്കുകയും ചെയ്യാറുണ്ട്. ഈ കഥയിലും വ്യത്യസ്തമല്ല
  ഗംഭീരം

  ReplyDelete
 5. സമ്പന്നമായ ഭാഷയും ഒഴുക്കും
  നല്ല കഥ .
  അഭിനന്ദനങ്ങള്‍ നാസര്‍

  ReplyDelete
 6. ബൂലോഗത്ത് ഇത്തരം മികച്ച കഥകൾ ഇയ്യിടെയായി കൂടുതലായി കാണുന്നു. 
  അതിമനോഹരമായ ആഖ്യാനം!

  ReplyDelete
  Replies
  1. എന്ന് വെച്ചാല്‍ കക്കൂസ് സാഹിത്യം ഇപ്പോള്‍ യൂറോപ്പ്യന്‍ ക്ലോസെറ്റ് സാഹിത്യം ആയി അല്ലെ????

   Delete
 7. കൂടംകുളത്ത് ഇന്ന് നടക്കുന്ന അതിജീവനപ്പോരാട്ടത്തിന്റെ സൂചനകൾ തരുന്ന കഥ. മനുഷ്യനെയും അവന്റെ വെല്ലുവിളികളേയും അറിയാതെ സ്വസ്ഥമായ വിദ്യാഭ്യസകാലവും, നിറപ്പകിട്ടുള്ള തൊഴിൽ കുടുംബപാശ്ചാത്തലങ്ങളും ആർജിച്ചെടുത്ത ഗൗതമൻ ഇന്നത്തെ യുവതയുടെ പ്രതീകമാണ്. ബുദ്ധന് ബോധോദയമുണ്ടായതുപോലെ കടലോരഗ്രാമത്തിലെ കാഴ്ചകൾ അയാളിൽ പരിവർത്തനമുണ്ടാക്കുന്നു....
  നാസറിന്റേതായ ഒരു ഭാഷ എഴുത്തിലുടനീളം അടയാളപ്പെടുത്താനായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

  ബ്ലോഗെഴുത്തിലെ സ്ഥിരം ഫോർമുലകളിൽ നിന്ന് ഒരുപാട് മാറി സഞ്ചരിക്കുന്ന മികച്ച കഥ.....

  ReplyDelete
 8. നന്നായിരിക്കുന്നു .............ആശംസകള്‍ ...........

  ReplyDelete
 9. മനോഹരമായ നരേഷന്‍

  ReplyDelete
 10. അനുഭവത്തിന്റെ നേര്‍ച്ചൂടില്‍ ധരിച്ചതും പഠിച്ചതും പാടെ മാറ്റെണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍
  വളരെ നന്നായിരിക്കുന്നു.

  ReplyDelete
 11. രചനാ വൈഭവം കൊണ്ട് സുന്ദരമാക്കിയ കഥ.

  ആശംസകള്‍ ... നാസര്‍

  ReplyDelete
 12. അസൂയാര്‍ഹമായ ഭാഷാനൈപുണ്യത്തിനാണ് നാസര്‍ ആദ്യാഗീകാരം. ഇതൊരു അപൂര്‍വ്വ കഴിവാണ്, കൊടികുത്തിവാഴുന്ന പല കഥാകൃത്തുകള്‍ക്കും വഴങ്ങാത്തത്. കഥ പതിവുപോലെ മനസ്സിലേക്കാഴ്ന്നിറങ്ങുകയായിരുന്നു,അരയാല്‍ ചില്ലകള്‍പോലെ മനസ്സില്‍ പടര്‍ന്നുപന്തലിച്ച് നല്ലൊരുവായന സമ്മാനിച്ചു. നന്ദി.

  ReplyDelete
 13. ഒരു മഹത്തായ ആശയം നന്നായി പ്രതിഫലിപ്പിച്ച ഒന്നാം തരം കഥ. ഗൌതമനെ തന്നെ അതിലെ കഥാപാത്രവുമാക്കി. മികച്ച ഭാഷ. നല്ല വിവരണം. ആശംസകള്‍

  ReplyDelete
 14. ആകര്‍ഷകമായ പരസ്യങ്ങളിലൂടെ മനുഷ്യ മനസ്സിനെ വശീകരിച്ചു വിഷലിപ്തമായ ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കോര്‍പറേറ്റ് ഭീമന്മാര്‍ അവരുടെ പല പരസ്യ വാചകങ്ങളും മറ്റും മന:ശാസ്ത്രജ്ഞന്‍മാരെക്കൊണ്ട് പരിശോധിപ്പിച്ചു അത് എത്ര മാത്രം മനുഷ്യമനസ്സിനെ ആകര്‍ഷിക്കും എന്ന് ഉറപ്പു വരുത്തുന്നു എന്ന പുതിയ അറിവിന്‌ പിന്‍ ബലമേകുന്ന ഒരു കഥയാണ്‌ നാസ്സറിന്‍റെ 'ബോധിച്ചുവട്ടിലെ കൂണ്‍'.

  കഥയുടെ ലക്ഷ്യവും ഉള്ളടക്കവും മേല്‍പ്പറഞ്ഞത് അല്ലാ എന്ന് തര്‍ക്കിക്കുവാന്‍ വരുന്നവരെ ഒരു നിമിഷം . എന്നാല്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള മറ്റൊരു ലക്ഷ്യവുമായാണല്ലോ 'ആത്മവിശ്വാസത്തിന്റെ തീവണ്ടിയില്‍ ' കഥാനായകന്‍ ആ കടലോരപ്രദേശത്തേക്ക് യാത്ര തിരിക്കുന്നത് . ശാസ്ത്രത്തിന്‍റെ അക്ഷയപാത്രത്തില്‍ നിന്നും സാധാരണക്കാരന് നല്‍കുവാന്‍ കാലതാമസമെടുക്കുമെന്നു സ്വയം വിശ്വസിച്ചും മറ്റുള്ളവരെ വിശ്വസിപ്പിക്കുവാനുമുള്ള യാത്ര.

  തങ്ങള്‍ തന്നെ സൃഷ്ടിച്ച ആണവോര്‍ജ്ജ ഭൂതത്തെ അടക്കുവാനുള്ള കുടങ്ങളും ശ്മശാനങ്ങളും തേടി ഒരു കൂട്ടര്‍ പരക്കം പായുമ്പോള്‍ അതെ ഭൂതത്തെ വിലക്കെടുത്തു പണം കൊയ്യുന്ന ഭരണകൂടങ്ങള്‍ പാവപ്പെട്ടവന്റെ ജീവന് നോട്ടു കടലാസിന്റെ വില മാത്രം കണക്കാക്കുമ്പോള്‍ അന്ന് രോഹിണീ നദിയുടെ കരയില്‍ തെളിഞ്ഞ നിലാവില്‍ സിദ്ധാര്‍ത്ഥന്‍ തിരിച്ചറിഞ്ഞ സിദ്ധാന്തത്തിന്‍റെ മൂല്യം നമുക്ക് ഈ കഥയില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നു- ' ദു:ഖത്തിന്റെ മൂല കാരണം ദുരയാണ്.

  ഇനിയും വളര്‍ന്നു പൊന്താന്‍ വെമ്പുന്ന വിഷക്കൂണുകള്‍ ഭാവിയില്‍ ഉണര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് നമ്മുടെ പുതുതലമുറക്ക് ബോധവല്‍ക്കരണം നടത്തുവാന്‍ ഇനിയുമൊരു 'ഗൌതമബുദ്ധന്‍ ' എന്ന് പിറവിയെടുക്കും എന്ന ചോദ്യത്തോടെ ഈ കഥ അതിന്‍റെ അവസാനം തിരമാലകളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ പ്രതിഷേധത്തിന്റെ ഒരു സുനാമി ഓരോ വായനക്കാരനിലും പിറവിയെടുക്കുമ്പോള്‍ , കഥാകാരാ നിനക്ക് നമോവാകം .. !

  ReplyDelete
 15. ബ്ലോഗ്ഗിലെ എഴുത്തിന്റെ തലങ്ങള്‍ ഹൈ പിച്ചിലേക്ക് കുതിക്കുന്നു. സമകാലികമായ വിഷയത്തെ ഈ രീത്യില്‍ അവതരിപ്പിച്ച രീതിയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ഹാറ്റ്സ് ഓഫ്‌ യു നാസര്‍ ഭായ്

  ReplyDelete
 16. ഭാഷ , അതൊരു ശക്തി തന്നെയാണെന്ന് ഈ കഥ വായിക്കുമ്പോള്‍ ബോധ്യമാകുന്നു. പലയാവര്‍ത്തി വായിച്ചു. പലതും പഠിക്കാനുണ്ട് എനിക്ക് നാസര്‍ക്കയില്‍ നിന്നും. കഥയെക്കുറിച്ച് വിശദമായി ഇനിയെന്ത് പറയാന്‍ . അത്യുജ്വലം. കൂടുതല്‍ കൂടുതല്‍ മിഴിവുറ്റ കഥകള്‍ ആ തൂലികയില്‍ നിന്ന് പിറക്കട്ടെ എന്നാശംസിക്കാം

  ReplyDelete
 17. ഗൌതമന്മാര്ക്ക് ഇനിയും ബോധോദയം ഉണ്ടാകട്ടെ....

  ReplyDelete
 18. നന്നായി....വ്യത്യസ്തമായ അവതരണം.....ആശംസകൾ

  ReplyDelete
 19. അമ്പരപ്പിയ്ക്കുന്ന ആഖ്യാനചാതുരി. ഇത്തരം കഥകളാല്‍ ബ്ലോഗ്ഗ്ലോകം സമ്പന്നമാകട്ടെ.....

  ReplyDelete
 20. കൂടംകുളം ആണവ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ മനോഹരമായ ഒരു കഥ .അംജത് നടത്തിയ നിരീക്ഷണം കഥ ഒരിക്കല്‍ കൂടി അതേ വീക്ഷണത്തില്‍ വായിക്കാനും സഹായിച്ചു .

  ReplyDelete
 21. കഥക്ക് തിരഞ്ഞെടുത്ത വിഷയം നന്നായി
  നല്ല കഥ

  ReplyDelete
 22. സമകാലീക പ്രശ്നങ്ങളില്‍ എഴുത്തുകാരന്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന് ഉജ്വലമായ മറുപടി.
  നായകന്റെ ഭാര്യ, കുട്ടി, തുടങ്ങിയ പ്രതിപാദനങ്ങള്‍ കഥാവസാനത്തെ സ്പര്‍ശിക്കാതെ പോകും എന്നൊരു ചിന്ത വയനാവസാനം വരെ ഉണ്ടായിരുന്നു. സര്‍വം ത്യജിച്ചു ബോധിവൃക്ഷച്ചുവട്ടില്‍ അഭയംതേടിയ ബുദ്ധന്‍റെ പ്രതിരൂപമായി ഗൌതമന്‍ മാറുന്നതോടെ മറ്റെല്ലാ ചോദ്യവും അപ്രസക്തമാകുന്നു.
  സുന്ദരമായ ആഖ്യാനം. കഥാകൃത്തിന് പ്രണാമം.

  ReplyDelete
 23. സുഹൃത്തുക്കളേ, നിങ്ങളെല്ലാം തന്ന ഈ സ്നേഹത്തിനും പരിഗണനയ്ക്കും എന്റെ കടപ്പാട് അറിയിക്കുന്നു. വീണ്ടുമെന്തെങ്കിലും കുത്തിക്കുറിക്കാൻ അതെനിക്കു ശക്തി തരുന്നു.

  ReplyDelete
 24. ആശയതലത്തിൽ ഈ രചന നേരിട്ട് സംവദിക്കുന്ന സമകാലികവികാസങ്ങളെ പരാമർശിക്കുന്ന പ്രസക്തമായ അഭിപ്രായങ്ങളെ ശെരിവെക്കുന്നതിനൊപ്പം മറ്റൊരു നിരീക്ഷണം കൂടി സാദ്ധ്യമാണെന്ന് പറഞ്ഞുകൊള്ളട്ടെ.

  ‘വെള്ളം കോരികളുടേയും വിറക് വെട്ടികളുടേയും’ ജീവിതപ്രശങ്ങൾക്ക് പരിഹാരം കണ്ടത്തുകയും നടപ്പാക്കുകയും ചെയ്യേണ്ട ചുമതല ദന്തഗോപുരവാസികളായ അമുൽ ബേബിമാരുടെ കൈകളിൽ നിക്ഷിപ്തമാകുന്നതിന്റെ അഭിശപ്തതയും ഈ കഥയിൽ സൂചിതമാണ്.

  ഭരണശേഷിയാലും നേത്ര്‌പാടവത്താലും ഏതളവിൽ അനുഗ്രഹീതനാണെന്ന് ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്ന ഒരു വ്യക്തിയുടെ അപക്വഹസ്തങ്ങളിലേയ്ക്ക് ശതകോടി പൌരന്മാരുടെ ഭാഗധേയം ഏൽ‌പ്പിച്ച് കൊടുക്കുന്ന “ഗേംബ്ലിങ്ങി”ന് അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുന്ന അധികാരരാഷ്ട്രീയത്തിന്റെ വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഒരു ശാഖാചംക്രമണമായിട്ടായാലും അത്തരം ഒരു നിരീക്ഷണം സാധുവാണെന്ന് തന്നെ വിശ്വസിക്കുന്നു.

  അമുൽ ബേബിമാരായ എല്ലാ ഗൌതമന്മാർക്കും അശ്വത്ഥത്തിന്റെ വേരിൽ ഒരു രാത്രി അന്തിയുറങ്ങിയെണീക്കുമ്പോഴേക്ക് ഈ ബോധോദയും ഉണ്ടായിക്കൊള്ളണമെന്നില്ലഎന്ന ഭീഷണസത്യം നമ്മെ തുറിച്ചുനോക്കുന്നുണ്ട്. ആയിരത്തൊന്ന് രാവുകൾ ബോധിവ്ര്‌ക്ഷച്ഛായയിൽ കഴിച്ചുകൂട്ടിയാലും ആത്മാവിലടിഞ്ഞ അഴുക്ക് ഇളകിപ്പോകാത്ത അത്തരക്കാർ മസ്തിഷ്ക്കപ്രക്ഷാളനം ലക്ഷ്യമിട്ട് പുത്തൻ സൂത്രവാക്യങ്ങളുമായി കുത്തകകൾ വെച്ചു നീട്ടുന്ന കരാർ പണികളുമായി ബഹുജനങ്ങൾക്കിടയിറങ്ങുകതന്നെ ചെയ്യും.

  കഥയിലെ ഗൌതമൻ ഈ അനേകരിലെ അനന്വയം മാത്രമായിരിക്കാം. അത്തരം ഗൌതമനമാരുടെ പുതിയ പിറവിക്കായി പ്രാർത്ഥിക്കാമെന്നേയുള്ളു.

  ചിന്തകളെ ബഹുദിശകളിലേയ്ക്ക് പായിക്കാൻ പ്രാപ്തമായ ഈ രചന തികച്ചും സാർത്ഥകമെന്ന് കുറിക്കാൻ ഏറെ സന്തോഷമുണ്ട്.

  ഭാഷയിലെ കയ്യടക്കവും ആഖ്യാനത്തിലെ ശില്പഭദ്രതയും പ്രത്യേകം പരാമർശനീയം.

  അഭിനന്ദനങ്ങൾ.

  ReplyDelete
 25. ഭ്രാന്തന്‍ എഴുതിയ ദേഷ്യപ്പക്ഷികളും ഈ കൂണും ഒരേ ഗണത്തില്‍ ഞാന്‍ പെടുത്തുന്നു... വളരെ മനോഹരമായിരിക്കുന്നു ഈ രചന... ബുദ്ധന്‍റെ കാലടികള്‍ പിന്തുടര്‍ന്ന് എഴുതിയ കഥ മനോഹരം... ആശംസകള്‍ ഇക്കാ

  ReplyDelete
 26. കാലിക പ്രസക്തിയുള്ള വിഷയം. എഴുത്തില്‍ സമൂഹത്തിന്റെ വേദനകള്‍ സ്പന്ദിക്കുമ്പോളാണ് ഒരു എഴുത്തുകാരന്‍ പൂര്‍ണതയിലെത്തുന്നത്.
  ഈ കഥ പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചിരിന്നോ ?

  ReplyDelete
 27. വിഷയം, എഴുത്ത് , കഥ, വാക്കുകൾ എല്ലാം തകർപ്പൻ വേറെ ഒന്നും പറയില്ല

  ReplyDelete
 28. കൂടുതലാരും തെരെഞ്ഞെടുക്കാത്ത വിഷയം ,
  നല്ല മികവോടെ അവതരിപ്പിച്ചിരിക്കുന്നൂ...
  അഭിനന്ദനങ്ങൾ

  ReplyDelete
 29. വായിക്കാൻ വൈകി , മികച്ച കഥ

  ReplyDelete
 30. മികച്ച രചന !

  അഭിനന്ദനങ്ങള്‍

  ReplyDelete
 31. മനോഹരമായ ഭാഷ തന്നെ ഏറ്റവും വലിയ ആകര്‍ഷണം ..
  ഒരു പാടിഷ്ട്ടം .. അഭിനന്ദനങ്ങള്‍

  ReplyDelete
 32. നല്ല ഭാഷ. അഭിനന്ദനങ്ങള്‍

  ReplyDelete
 33. മികച്ച കഥയാണ് ഇത്.

  ReplyDelete
 34. ശക്തമാണ് വിഷയം . നൂലില്‍ ഒഴിച്ച എണ്ണത്തുള്ളിയുടെ ഒഴുക്കുമുണ്ട് .
  ((( വ്യത്യസ്തമായ രണ്ടു പർവ്വത ശിഖരങ്ങളിൽനിന്ന് ഉരുവംകൊണ്ട രണ്ടരുവികൾ പൂർവ്വനിശ്ചിതമല്ലാത്ത ഒരു സ്ഥലരാശിയിൽ ഒന്നിച്ചുചേർന്ന് പ്രയാണം തുടരുന്നതുപോലെ തികച്ചും സ്വാഭാവികമായിരുന്നു അവരുടെ കണ്ടുമുട്ടലും സൗഹൃദവും ))). ഈ ഒരു വരി മാത്രം ഖസാഖിന്റെ ഒരു വാചകത്തില്‍ പര്യായ പദങ്ങള്‍ ഉപയോഗിച്ചതു പോലെ . ശ്രദ്ധിക്കുമല്ലോ .

  ReplyDelete
  Replies
  1. ഖസാക്കിന്റെ ഉച്ചാടനം എളുപ്പമല്ല. എന്നാലും ഭാവിയിൽ ശ്രദ്ധിക്കാം. ചൂണ്ടിക്കാണിച്ചതിന് നന്ദി, ശിഹാബ്.

   Delete
 35. ആ ഇരുനിലക്കെട്ടിടം പോലെ തന്നെ ; അവിടുത്തെ ഭൂപ്രകൃതിക്കു തീരെ യോജിക്കാത്ത വിധത്തിൽ നിർമ്മിച്ചതാണ് ആ അണുനിലയവും .

  അതിശക്തമായ ഭാഷ ...., നല്ല ഒഴുക്ക് .
  ഗൗതമനെപൊലെ ഞാനും ഈ ബ്ലോഗിലേക്ക് സൌഹൃദ കൂട്ടത്തിലേക്ക് ...

  ReplyDelete
 36. മിനിപിസി16/2/13 10:43 AM

  കഥയുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പര്യാപ്തമായ സുഖകരമായ ഭാഷ ,ഭാവുകങ്ങള്‍ !

  ReplyDelete
 37. അക്ഷര മുത്തുകള്‍ കോര്‍ത്തൊരു മാല്യം...
  ഈ രചനയെ കുറിച്ച് മറ്റെന്തു പറയാന്‍...
  ആശംസകള്‍

  ReplyDelete
 38. ഈ പദ വിന്യാസം വല്ലാതെ കൊതിപ്പിക്കുന്നു
  അഭിനന്ദനങ്ങള്‍

  ReplyDelete
 39. നല്ല കഥ...
  വായിച്ചപ്പോള്‍ ഒരു സുഖം തോന്നുന്നു...

  ആ ഒരു സുഖമാണല്ലോ......, എഴുത്തുകാരന്‍റെ വിജയവും....

  അനുമോദനങ്ങള്‍......

  ReplyDelete
 40. മുന്പ് പൊഖ്രാനിൽ ചിരിച്ചതും അതിനുമെത്രയോ മുന്പ് ഒരേങ്ങിക്കരച്ചിൽ കേട്ടതും ഒരേ മുഖത്തു നിന്നായിരുന്നു. വര്ത്തമാനത്തിലും മറ്റൊരു ഗൗതമ ബുദ്ധനെ ആവശ്യപ്പെടുന്നു കാലം. അതുതന്നെയാണ് ഇക്കഥയും. ഏറ്റം മനോഹരമായ പദവിന്യാസത്തിലൂടെ സമരമുഖത്ത് നില്ക്കുന്ന അനേകങ്ങളെ ഈ അക്ഷരക്കൂട്ടം അഭിവാദ്യം ചെയ്യുന്നുണ്ട്. കൃത്യമായ രാഷ്ട്രീയം പങ്കുവെക്കുന്ന ഈ എഴുത്തിന് എന്റെയും പ്രത്യഭിവാദനങ്ങൾ.

  ReplyDelete
 41. നല്ല എഴുത്ത്...വരെ വളരെ വൈകിയോ എന്നൊരു തോന്നല്‍

  ആഖ്യാന ചാതുര്യം കലക്കി എന്ന് തന്നെ പറയട്ടെ..

  ReplyDelete
 42. രണ്ടാം വട്ടമാണ് വായിക്കുന്നത്... എന്നാല്‍ ഒട്ടും പുതുമ ചോരാതെ തന്നെ.. ഈ ആഖ്യാനശൈലിയെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോവുന്നു... :)

  ReplyDelete

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഒരാളോടെങ്കിലും പറയുക.