Sunday, January 29, 2012

നഗരജീവിതത്തിനുവേണ്ട അണുനാശിനികൾ

 
 



താൻ അനാവശ്യമായി അലക്കിയലക്കി പിഞ്ഞിപ്പോയ അനേകം തുണികളിലൊന്നുപോലെയായി തന്റെ ജീവിതവുമെന്ന് കമലയ്ക്കു് തോന്നാൻ തുടങ്ങിയിട്ട് നാളേറെയായി.  എന്നാൽ ജീവിതത്തെ നേരാംവണ്ണം ഒന്നലക്കിയെടുക്കാൻ പോലും തനിക്കായിട്ടില്ലെന്ന് കമലയ്ക്ക് ബോധ്യമുള്ളതാണ്.  പിന്നെങ്ങനെ അതിങ്ങനെയായെന്ന് ആലോചനാനേരങ്ങളിൽ അവൾ കുണ്ഠിതപ്പെട്ടു.  ഇടയ്ക്കിടയ്ക്ക് പൊടിതട്ടി, തിയ്യതിക്രമം തെറ്റാതെ ഷെൽഫിൽ താനടുക്കി വെച്ചിരിക്കുന്ന ദിനപ്പത്രങ്ങളും വാരികകളും പോലെ ജീവിതത്തെയും അടുക്കി ക്രമപ്പെടുത്താനായിരുന്നെങ്കിലെന്ന് കമല ആശിച്ചു.  പക്ഷേ, തന്റെ പോരാട്ടങ്ങൾ പരാജയത്തിലേക്കു വഴുതുന്നതായും താൻ ഇരുട്ടിന്റെ തുരങ്കത്തിലേയ്ക്കു വീണുപോകുന്നതായും  അവൾ പേടിച്ചു.


ഓഫീസിൽ കമല, ഘടികാരം പോലെ കൃത്യത പുലർത്തിയിരുന്നു.  ഒൻപതിനോ അതിനല്പം മുൻപോ ഓഫീസിലെത്തിയാൽ  ബാഗിൽ നിന്നും ടവ്വലെടുത്ത് ഇരിപ്പിടവും മേശയും വൃത്തിയായി തുടച്ച് തന്റെ മനസ്സിനിണങ്ങും വിധമാക്കിയിട്ടേ  ജോലി തുടങ്ങിയിരുന്നുള്ളു.  തലേന്നാൾ എഴുന്നേറ്റുപോയ കസേര ഇത്രമാത്രം തുടയ്ക്കാനെന്തിരിക്കുന്നുവെന്നുള്ള സഹപ്രവർത്തകരുടെ നോട്ടത്തെ ഒരു പുഞ്ചിരികൊണ്ടു നേരിടും.  താനൊഴിയുന്നിടത്ത് കയറിപ്പറ്റാൻ പരശ്ശതം കീടാണുക്കൾ കാത്തിരിയ്ക്കുകയാണെന്നു് കമലയ്ക്കറിയാമായിരുന്നു.  അവയെയൊക്കെ തുടച്ചകറ്റുന്നതിൽ അവൾ സദാ ജാഗരൂകയായിരുന്നു.  ഇടയ്ക്കിടെ കയ്യും മുഖവും കഴുകാൻ അല്പം സമയം പഴാക്കുമെന്നതൊഴിച്ചാൽ  തന്റെ ജോലികളെല്ലാം സമയത്തിനു തീർത്ത് സഹപ്രവർത്തകരുടെ ഈർഷ്യയ്ക്കു പാത്രമായെങ്കിലും കമലയുടെ മനസ്സ് എപ്പോഴും ബാക്കിയായ ഏതോ ജോലിയുടെ പൂർണ്ണതയ്ക്കായി വെമ്പി. 


വീട്ടിലെത്തിയാൽ കമലയ്ക്ക് മറ്റൊരങ്കം തുടങ്ങണമായിരുന്നു.  വീടിന്റെ മുക്കുമൂലകളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ശതമാനം അണുക്കൾക്കു നേരെ കമല അഹോരാത്രം പടവെട്ടി.  സാങ്കേതിക വിപ്ലവത്തിന്റെ ഇക്കാലത്ത് തൊണ്ണൂറ്റിയൊമ്പതിനു പകരം നൂറുശതമാനം ഫലം തരുന്ന അണുനാശിനികൾ ഉടൻ വിപണിയിലിറങ്ങുമെന്ന പ്രതീക്ഷയിൽ അത്തരം പരസ്യങ്ങൾക്കായി  ചാനലുകൾ പരതി. വീട്ടിൽ നടത്തുന്ന അങ്കങ്ങളിൽ അവൾക്കുണ്ടായിരുന്ന ഏക ആശ്വാസം മകൾ തന്റെ പക്ഷത്ത് നിൽക്കുമെന്നുള്ളതായിരുന്നു.  അമ്മയുടെ വിഹ്വല യുദ്ധങ്ങളിൽ മകൾ അലിവോടെ അമ്മയോടൊപ്പം നിലയുറപ്പിച്ചു..  കോളെജിൽ നിന്നു വന്നാൽ അല്പസമയം അവൾ അതിനായി നീക്കിവെച്ചു.  എന്നാൽ മകന്റെ പക്ഷം നിർണ്ണയിക്കുന്നതിൽ കമല എന്നും പരാജയപ്പെട്ടു.  ചെറുപ്പം മുതൽതന്നെ അമ്മയുടെ കോലാഹലങ്ങളോട് വിദ്വേഷമോ സഹാനുഭൂതിയോ ഇല്ലാത്ത ഒരുതരം സമദൂരം പാലിക്കുന്നതിൽ അവൻ ശ്രദ്ധിച്ചിരുന്നു.  അതാണവളെ ഏറെക്കുഴക്കിയതും.  അക്കാര്യത്തിൽ അവൻ അച്ഛനെ മാതൃകയാക്കുന്നതായി കമല സംശയിച്ചു.  ഭർത്താവ് അവധിക്ക് നാട്ടിലെത്തുന്ന സമയങ്ങളിൽ അദ്ദേഹം തന്നോടൊപ്പം ചേർന്ന് പടനയിക്കണമെന്ന് അവൾ ആശിച്ചു.  എന്നാൽ തൊടിയിറമ്പുകളിൽ പ്രത്യക്ഷപ്പെടുന്ന സിഗരറ്റു കുറ്റികളും ഷെല്ഫിൽ ക്രമം തെറ്റിയ വാരികകളും, അദ്ദേഹം ശത്രുപക്ഷത്താണെന്ന ഭീതി അവളിൽ ഉളവാക്കി.  അതുകൊണ്ടുതന്നെ, മുന്നിൽ മരവിച്ചു കിടക്കുന്ന ഒരു വർഷത്തിന്റെ വിരഹത്തെയും ഒറ്റപ്പെടലിനെയും അവഗണിച്ചും, ഭർത്താവിന്റെ അവധി ദിവസവും ചുരുങ്ങി വരുന്നത് കമല സ്വാഗതം ചെയ്തു. 


മകനാകട്ടെ, സ്വന്തം കാലിൽ നിൽക്കാനായപ്പോൾത്തന്നെ ജോലിയുടെ പേരുപറഞ്ഞ് അടുത്തുള്ള പട്ടണത്തിലേക്ക് അവന്റെ കൂട്ടുകാരോടൊപ്പം ചേക്കേറി.  ദിവസവും പോയിവരാവുന്ന ദൂരമായിരുന്നിട്ടും അതിനു തുനിയാതെ അവൻ നടത്തിയ കൂടുമാറ്റം തന്നോടുള്ള പ്രതിഷേധം കൂടിയാവാമെന്ന് കമല നീറി.  എന്നാൽ അതവനോടു ചോദിക്കാനാവുന്നതിലുമധികം അകലം ഇപ്പോൾ തങ്ങൾക്കിടയിലുണ്ടെന്ന് അവൾക്കറിയാമായിരുന്നു.. 


അങ്ങനെയുള്ള ഒറ്റപ്പെടലിന്റെ ചിന്തകൾക്കിടയിലാണ് തന്റെ ജീവിതം പിഞ്ഞിപ്പോയതായി കമല വ്യസനപ്പെട്ടത്.  ബന്ധങ്ങൾക്കിടയിലെ തുന്നിച്ചേർക്കാനവാത്ത അകലങ്ങളെപ്പറ്റി വേവലാതിപ്പെട്ടത്. 


ആയിടയ്ക്കാണ് കമല അതു ശ്രദ്ധിച്ചു തുടങ്ങിയതും.  ചെറുതും വലുതുമായ കവറുകളിൽ താൻ പടികടത്തിയിരുന്ന മാലിന്യങ്ങളത്രയും റോഡിലങ്ങോളമിങ്ങോളം തന്നെ പിന്തുടരുന്നു!  കവലകളിലും ചന്തയിലും കുമിഞ്ഞുകൂടി തന്റെ നേരെ വീർത്തു പൊട്ടുന്നു!  അതിൽനിന്നുയിർകൊണ്ട പരകോടി കീടാണുക്കൾ  തന്റെ മേൽ ചേക്കേറുന്നു!  വീട്ടിലെത്തിയാൽ കമല തൊണ്ണൂറ്റിയൊമ്പതു ശതമാനം ഫലപ്രദമായ അണുനാശിനി ഉപയോഗിച്ച് പലപ്രാവശ്യം കൈകൾ കഴുകി.  അലക്കിവെച്ചിരുന്ന തുണികളെല്ലാം ഒരുപ്രാവശ്യം കൂടി അലക്കി വെളുപ്പിച്ചു.  മുക്കുമൂലകളിൽ ഒളിച്ചിരിക്കുന്ന ഒരുശതമാനം അണുക്കൾക്കെതിരെ പൂർവ്വാധികം ശക്തിയോടെ അടരാടി. അവസാനം, ഓഫീസിലേയ്ക്കു പോകുന്ന കാര്യം ചിന്തയിൽ നിന്നുതന്നെ മായ്ച്ചു കളഞ്ഞു.  നൂറുശതമാനം ഫലപ്രദമായ അണുനാശിനിയ്ക്കായി ചാനലുകൾ അരിച്ചുപെറുക്കി. പക്ഷേ  അവിടെയൊക്കെ, കണ്ണീരും  മുറിച്ചു വിൽക്കപ്പെടുന്ന ഭക്തിയും തനിയ്ക്കാവശ്യമില്ലാത്ത നൂറായിരം ഉല്പന്നങ്ങളുടെ പരസ്യവും മാത്രമാണ് അവളെ വരവേറ്റത്.


അതിനിടയിലാണ് ആ വാർത്ത അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ‘ നിങ്ങൾ ആഹാരം കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ റിപ്പോർട്ടിന്റെ ഇനിയുള്ള ഭാഗം കാണരുത് ‘ എന്ന മുന്നറിയിപ്പോടെയാണ് വാർത്താവായനക്കാരൻ തുടർന്നുള്ള ദൃശ്യങ്ങൾ എയ്തുവിട്ടത്.  മാലിന്യനീക്കം നിലച്ച  പട്ടണത്തിന്റെ പുഴുവരിക്കുന്ന രാജരഥ്യകളൂം അങ്ങാടികളും ജലസ്രോതസ്സുകളുമാണ്  സ്ക്രീനിൽ മിന്നിമാഞ്ഞുകൊണ്ടിരുന്നത്. പട്ടണത്തിലെ സമ്പന്നരുടെ തീന്മേശകളിലും അടുക്കളകളിലും ബാക്കിയായതത്രയും നഗരജീവിതത്തെ നാറ്റത്തിൽ മുക്കി, നിരത്തുവക്കുകളിൽക്കിടന്ന് ഈച്ചയാർത്തു.  പതിവുപോലെ തങ്ങളുടെ മേൽ വർഷിക്കാൻ പട്ടണത്തിൽ നിന്നും കൊണ്ടുവന്ന മാലിന്യത്തെയും അതുമായി വന്നവരെയും  ഗ്രാമക്കാർ സംഘടിച്ച് അടിച്ചോടിച്ചിരുന്നു.  


അതെല്ലാം കണ്ടുകൊണ്ടിരിക്കെ, തന്റെ തലച്ചോറിലത്രയും വെളുത്ത നുരപ്പുഴുക്കൾ ഇഴയുന്നതായും സിരകളിലൂടെ അവയെല്ലാം ശരീരമാകെ അരിച്ചിറങ്ങുന്നതായും രോഗ ഹേതുക്കളായ കോടിക്കണക്കിനു ജീവാണുക്കളെ വഹിച്ചു കൊണ്ട് പ്രാണവായു ശ്വാസകോശങ്ങളിലേയ്ക്കു പ്രവേശിക്കുന്നതായും  കമല അറിഞ്ഞു.  ആഹാരം കഴിച്ചുകൊണ്ടിരിക്കുകയല്ലാഞ്ഞിട്ടും വായിലേയ്ക്ക് കൊഴുത്ത ഒരു ദ്രാവകം തികട്ടിവന്നു. അടുത്ത നിമിഷം, മുലപ്പാൽ മുതൽ തന്റെ ദഹനേന്ദ്രിയങ്ങളിലൂടെ കടന്നുപോയ രുചിയുടെ കണങ്ങളോരോന്നും കടലിരമ്പം പോലെ തിരിച്ചൊഴുകുന്നത് നിസ്സഹായതയോടെ കമല മനസ്സിലാക്കി.  അനുക്ഷണം ശക്തിയാർജ്ജിച്ച ആ തിരത്തള്ളലിൽ വിവശയായി , തനിക്കു മുന്നിൽപ്പടർന്ന മാലിന്യങ്ങളിലേയ്ക്കു കമല മൂക്കുകുത്തി വീണു.  ആ വീഴ്ചയിൽ, നൂറു ശതമാനം അണുനാശന ശേഷിയുള്ള ഏതോ അണുനാശിനിയുടെ പരസ്യം ചാനലിൽ മിന്നിപ്പായുന്നത് കമല കണ്ടു,


                                    ***                                ***                                ***