Sunday, December 11, 2011

പ്രവാസശേഷം

പ്രവാസശേഷം

വീടിന്റെ ചുമരുകൾ തേച്ചിരുന്നില്ല
മുറിയുടെ മൂലകളിൽ
കുഴിയാനകളുടെ വാരിക്കുഴികൾ.
അഞ്ചുവർഷത്തെ തുടർപ്രവാസത്തിന്റെ കണ്ണീരും
മൂന്നുമാസത്തെ അവധിയുടെ വിയർപ്പും
സമംചേർത്തുയർത്തിയത്.

തൊടിയിൽ കിണർ ഒരു പ്രലോഭനം പോലെ
തറനിരപ്പിൽ വാപിളർന്നു നിന്നിരുന്നു.
ഷൈമയും ഷെറിനും ചിത്രശലഭത്തോടൊപ്പം പറക്കുന്നത്
മനസ്സിലെ കാളൽ ഏറ്റിയിരുന്നെന്ന്.

അന്നമില്ലെങ്കിലും
അടച്ചുറപ്പുണ്ടല്ലോ എന്ന്
ആർത്തിക്കണ്ണുകളെ
പണ്ടു നേരിട്ടിരുന്ന അവൾ പറഞ്ഞെന്ന്.

പിരിയുമ്പോൾ കൊടുത്തിരുന്ന
രണ്ടുവർഷത്തിന്റെ ലവണരസമുള്ള ഉറപ്പ്
കടത്തിന്റ് കാടുകയറിയിട്ട് വർഷം രണ്ടായെന്ന്.

ഒക്കെയും ജോലിയുടെ ഇടനേരങ്ങളിൽ
പുകയോടൊപ്പം പുറത്തുവന്നവ.

അവസാനം,
പ്രാർത്ഥനാനേരത്തെ ആംബുലൻസിന്റെ നിലവിളിക്കിടയിൽ
നിലച്ചുപോയ പിടച്ചിലായി,
തലച്ചോറിലൊക്കെയും പുകപടർന്ന്,
ഒരാഴ്ച വെന്റിലേറ്റർ നീട്ടിയ ശ്വാസമായി,
തണുത്തു മരവിച്ച ഒരു തിരിച്ചുപോക്ക്.


9 comments:

  1. കവിത കോള്ളാം. പക്ഷെ ഫോണ്ട് വായിക്കാൻ പ്രയാസം!

    ReplyDelete
  2. നന്നായിരിക്കുന്നു. ഫോണ്ട് അഞ്ജലി ഓള്‍ഡ് ആക്കൂ...

    ReplyDelete
  3. നല്ല ഉപമകള്‍ ..നല്ല കവിത ..കൂടുതല്‍ എഴുതുക

    ReplyDelete
  4. നല്ല വരികള്‍., എനിക്കിഷ്ടപ്പെട്ടു...

    ReplyDelete
  5. അവസാനം,
    പ്രാർത്ഥനാനേരത്തെ ആംബുലൻസിന്റെ നിലവിളിക്കിടയിൽ
    നിലച്ചുപോയ പിടച്ചിലായി,
    തലച്ചോറിലൊക്കെയും പുകപടർന്ന്,
    ഒരാഴ്ച വെന്റിലേറ്റർ നീട്ടിയ ശ്വാസമായി,
    തണുത്തു മരവിച്ച ഒരു തിരിച്ചുപോക്ക്.

    പ്രവാസിയുടെ പ്രയാസങ്ങള്‍ ... ഹൃദയത്തില്‍ കൊള്ളുന്ന അവതരണം... നന്നായിട്ടുണ്ട് നാസര്‍ ...

    ReplyDelete
  6. >>തൊടിയിൽ കിണർ ഒരു പ്രലോഭനം പോലെ
    തറനിരപ്പിൽ വാപിളർന്നു നിന്നിരുന്നു<<

    ഷൈമയും ഷെറിനും?
    മക്കളാണോ?

    ReplyDelete
  7. മൊഴിമുട്ടി ഞാന്‍ മടങ്ങുന്നു

    ReplyDelete

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഒരാളോടെങ്കിലും പറയുക.