Wednesday, November 9, 2011

യുദ്ധത്തിൽ ബാക്കിയാവുന്നത്


യുദ്ധത്തിൽ ബാക്കിയാവുന്നത്

(ഇറാഖ് യുദ്ധകാലത്ത് ആയിരങ്ങളെ കൊന്നൊടുക്കിയവർതന്നെ തങ്ങളുടെ ബോംബിങ്ങിനിടെ കൈകാലുകൾ അറ്റുപോയ അലി(എന്നാണോർമ്മ) എന്ന ബാലനെ ഇംഗ്ലണ്ടിൽ കൊണ്ടുപോയി കൃത്രിമ കൈകാലുകൾ വെച്ചുകൊടുത്തതും മറ്റു സുഖസൗകര്യങ്ങളൊരുക്കിയതും അന്നത്തെ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയായിരുന്നു. അന്നെഴുതിയത് നഷ്ടപ്പെട്ടുപോയതിനാൽ ഓർമ്മയിൽ നിന്നും എഴുതുന്നത്.)

പ്രകൃതി നൽകിയ കരചരണങ്ങൾ
അറുത്തെറിഞ്ഞിട്ടാണെങ്കിലെന്ത്?
പളപളാത്തിളങ്ങുന്നവ പകരം തന്നില്ലേ?

പിച്ചവെച്ച വീടും
പാൽചുരത്തിയ സ്നേഹവും
ഭസ്മമാക്കിയിട്ടാണെങ്കിലെന്ത്?
പഞ്ചനക്ഷത്രങ്ങളുടെ കീഴെ
വിരുന്നുതന്നില്ലേ?

ഈന്തില മെനഞ്ഞു ഞാനുണ്ടാക്കിയ
കളിപ്പന്തു ചുട്ടെരിച്ചിട്ടായാലെന്ത്?
പുതുപുത്തൻ നോക്കിയ ഫോണും
മിക്കിമൗസും കളിക്കാൻ തന്നില്ലേ?

യൂഫ്രട്ടീസിലെ തെളിനീരിൽ
നിണമൊഴുക്കിയിട്ടായാലെന്ത്?
മധുരമൂറുന്ന പെപ്സിയും കോക്കും
കുടിക്കാൻ തന്നില്ലേ?
തെംസിലെ കുഞ്ഞോളങ്ങളിൽ ഞാൻ
കളിവഞ്ചിയിറക്കിയില്ലേ

എന്റെ കളിക്കൂട്ടുകാർക്ക്
ഖബറൊരുക്കിയിട്ടായാലെന്ത്?
‘പിക്കാഡില്ലി’യിലെ കോമാളികൾ
എനിക്കുചുറ്റും നൃത്തം വെച്ചില്ലേ?

    ***     ***    ***
എല്ലാം കഴിഞ്ഞ്,
ക്യാമറകളുടെ വെള്ളിവെളിച്ചത്തിൽ മുങ്ങി,
പടിഞ്ഞാറിന്റെ ഭൂതദയയുടെ പര്യായമായി
ഞാൻ തിരിച്ചുപോകുമ്പോൾ
അറുത്തെറിയപ്പെട്ട ഒരു കൈ
അവിടെ ബാക്കിയുണ്ടാവും.

ശിഷ്ട ജീവിതത്തിൽ
അതെന്നെ പിന്തുടരാതിരിക്കാൻ
ഞാനെന്തു ചെയ്യണം ?


12 comments:

  1. അതെ, യുദ്ധക്കെടുതികള്‍ അതിഭീകരം തന്നെ, നന്നയി എഴുതി

    ReplyDelete
  2. യുദ്ധത്തിന്റെ ഭീകരത ഈ വാക്കുകളില്‍ രുചിക്കുന്നു...
    തൊടുന്നു ഞാനും അറ്റു പോയ കബന്ധങ്ങള്‍ ...

    "ശിഷ്ട ജീവിതത്തിൽ
    അതെന്നെ പിന്തുടരാതിരിക്കാൻ
    ഞാനെന്തു ചെയ്യണം ?"

    ഫാന്റം ലിംബിനെയാണോ ഉദ്ദേശിച്ചത്...?? എന്തായാലും ഞാനതങ്ങനെ വായിക്കുന്നു...

    ReplyDelete
  3. നല്ലവരികള്‍
    പിച്ചവെച്ച വീടും
    പാൽചുരത്തിയ സ്നേഹവും
    ഭസ്മമാക്കിയിട്ടാണെങ്കിലെന്ത്?
    പഞ്ചനക്ഷത്രങ്ങളുടെ കീഴെ
    വിരുന്നുതന്നില്ലേ..
    ആശംസകള്‍

    ReplyDelete
  4. നല്ല വരികള്‍ ,ആശംസകള്‍

    ReplyDelete
  5. തീക്ഷ്ണമായ വരികള്‍ എന്നും പടിഞ്ഞാറിന്റെ ദയ വാഴ്ത്തപ്പെടും. അവരുടെ ഹിംസ എല്ലാവരും മറക്കുകയും ചെയ്യും..

    ReplyDelete
  6. ഈ ലോകത്ത് നിന്നും ഒഴിവാക്കപ്പെടേണ്ട ഒന്നാണു യുദ്ധങ്ങള്‍. പരസ്പ്പരം കൊള്ളുന്നവനും കൊല്ലപ്പെടുന്നവനും അറിയുന്നില്ല. തങ്ങളെന്തിനാണിത് ചെയ്യുന്നതെന്ന്‍. അതിന്റെ ബാക്കി പത്രമെന്നോണം അനുഭവിക്കുന്നതോ മറ്റുള്ളവരും..നല്ല എഴുത്ത്..

    ReplyDelete
  7. വരികളില്‍ തീക്ഷ്ണതയുണ്ട്.

    കവിത നന്നായി. ആശംസകള്‍

    ReplyDelete
  8. അടുത്തു ബ്ലോഗില്‍ വായിച്ചവയില്‍ ഒരു നല്ല കവിത.

    ReplyDelete
  9. കെടുതികളുടെ തീക്ഷണത വരികളില്‍ തീ നിറയ്ക്കുന്നു

    ReplyDelete
  10. വരികള്‍ സാഹിത്യ പരമായി അല്‍പ്പം കൂടി മെച്ചപ്പെട്ടിരുന്നു എങ്കില്‍ വായന കൂടുതല്‍ സുഖകരമാകുമായിരുന്നു.... എങ്കിലും നന്നായി.... അഭിനന്ദനങ്ങള്‍.....

    ReplyDelete
  11. അലിയെ നന്നായി ഓര്‍ക്കുന്നുണ്ട്.
    നുണകളുടെ ഗീബല്‍സിയന്‍ തമ്പ്രാക്കന്മാര്‍ക്ക് അലി ഒരു പുറം കവര്‍ ആയിരുന്നല്ലോ.

    ReplyDelete

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഒരാളോടെങ്കിലും പറയുക.