Tuesday, November 12, 2013

മരണത്തിന്റെ അതിരിൽ ഒരു വേലി

 
 

തന്നോളം തന്നെ വാർദ്ധക്യം ബാധിച്ച കുടിലിന്റെ ഇറയത്ത് ചൂടിക്കട്ടിലിൽ കിടക്കുകയായിരുന്നു രാജാവ്.  ഉച്ച കഴിഞ്ഞിരുന്നു.  മഴ തോർന്നെങ്കിലും, കിഴക്കൻമലയിറങ്ങി കാടിനെയുലച്ച് താഴ്വരയിലേക്ക് പടർന്നിറങ്ങിയ കോടക്കാറ്റ് രാജാവിനെ ശല്യം ചെയ്തു.  പഴമയുടെ എണ്ണമെഴുക്ക് ബലപ്പെടുത്തിയ കട്ടിപ്പുതപ്പ് തപ്പിയെടുത്ത് വൃദ്ധൻ തലയ്ക്കുമീതേ പുതച്ചു.  തോൽവി സമ്മതിച്ച കാറ്റ് മുഖം കറുപ്പിച്ച് ചാടിത്തുള്ളി മുറ്റത്തിറങ്ങി, മുൾവേലി നൂണ്ട്, ശ്മശാനത്തെ കവച്ചുകടന്ന്, അതിനപ്പുറമുള്ള പുൽമേടുകളിൽ പരന്നുനിറഞ്ഞു.  അവിടെ പുതുതായി, ഒരൊറ്റ ദിവസത്തിൽ ഉടലാർന്നു പൊന്തിയ കാറ്റാടിയന്ത്രങ്ങളുടെ നീണ്ടുകൂർത്ത് വെള്ളിനിറമുള്ള ഇലകളുടെ ഇടയിൽപ്പെട്ട് ചക്രശ്വാസം വലിച്ചു.  ഇലകളാകട്ടെ, മന്ദഗതിയിൽത്തുടങ്ങി ക്രമത്തിൽ വേഗതയാർജ്ജിച്ച കറക്കങ്ങൾ കൊണ്ട് കാറ്റിന്റെ ഊർജ്ജമൂറ്റിയെടുത്ത് ചാലകങ്ങളിലൂടെ താഴ്വരയിലേക്ക് ഒഴുക്കി. 

കാറ്റൊഴിഞ്ഞപ്പോൾ ചൂടിക്കട്ടിലിൽക്കിടന്നുകൊണ്ട് രാജാവ് കുടിലിനപ്പുറത്തു തെളിഞ്ഞു വന്ന മുൾവേലിയിലേക്കും അതിനപ്പുറം പരന്ന ശ്മശാനത്തിലേക്കും നോക്കി വിഷാദം പൂണ്ടു.  പൂർവ്വികർ ലയിച്ചുചേർന്ന മണ്ണ് വേലിക്കപ്പുറം, തനിക്കപ്രാപ്യമായ ഒരു ദ്വീപുപോലെ വേഷം മാറിയത് രാജാവറിഞ്ഞു.  കാറ്റടങ്ങിയ നേരങ്ങളിൽ പിതൃക്കളുടെ വേദന വേലി താണ്ടി വന്നു് തന്നെപ്പൊതിയുന്നത് വൃദ്ധൻ അനുഭവിച്ചു.

കീർത്തിക്കും സമ്പത്തിനും വേണ്ടി   പടനിലങ്ങളിൽ ചോരപ്പുഴയൊഴുക്കി തേർവാഴ്ചകൾ നടത്തിയ രാജാക്കന്മാരെപ്പറ്റി വൃദ്ധൻ കേട്ടിട്ടുണ്ടായിരുന്നില്ല.  പ്രകൃതിയിൽ ജനിച്ചു ജീവിച്ച്, അതിൽനിന്നെടുത്തു ഭക്ഷിച്ച്, അതിലേക്കുതന്നെ മടങ്ങിപ്പോകുന്ന മനുഷ്യരായിരുന്നു വൃദ്ധന്റെ പ്രജകൾ.  ആദിമമായ അറിവുകളും വഴക്കങ്ങളും വഴികാട്ടിയാക്കി വൃദ്ധന്റെ മുത്തച്ഛന്മാർ ഊരുവാണു.  പ്രജകളാകട്ടെ, രാജാവാകട്ടെ, നാലു തലമുറകൾക്കുള്ളതു കൂട്ടിവെക്കുകയോ നാലൂരിനുള്ളതു കയ്യടക്കുകയോ ചെയ്തില്ല.  വെളിച്ചത്തിന്റെയും കാടിന്റെയും മൂർത്തികളെ പൂജിച്ച്, പ്രകൃതിയുടെ കോപങ്ങളെ ഭയപ്പെട്ട്, അതിന്റെ അലിവിൽ മനം നിറഞ്ഞ് അവർ ജീവിച്ചു മരിച്ചു.

കാലം പോകെ, തന്റെ വംശപരമ്പര ചെറിയൊരു വൃത്തമായിച്ചുരുങ്ങുന്നതും സംസ്കാരത്തിന്റെ പതാകാവാഹകരായ മറ്റൊരു സമൂഹം അതിനപ്പുറത്ത് വലിയൊരു സമുദ്രമായി അലയടിക്കുന്നതും വൃദ്ധനറിഞ്ഞു.  വിശപ്പാറ്റാൻ വേണ്ടി മാത്രം നായാടിയ തന്റെ ജനതക്കുമേൽ സംസ്കൃത മനുഷ്യരുടെ ആർത്തി നിയമങ്ങളായും വേലികളായും വന്നു പൊതിയുന്നതു കണ്ട് വൃദ്ധനു ശ്വാസം മുട്ടി..

ഉച്ചവെയിലിന്റെ ഊഷ്മളതയിൽ വൃദ്ധൻ പുതപ്പു മാറ്റി രാവിലത്തെ കൗതുകങ്ങളെപ്പറ്റി ഓർക്കാൻ തുടങ്ങി.  അഞ്ചാറുപേരടങ്ങിയ ഒരു സംഘമായാണ് അവരെത്തിയത്; വിചിത്രമായ വേഷങ്ങളും ഭാഷയും ഉപകരണങ്ങളുമായി.  ഊരിൽനിന്ന് പുറത്തുപോയിപ്പഠിച്ച് ആ സമുദ്രത്തിൽ ലയിച്ചുചേർന്ന ഒരു യുവാവായിരുന്നു അവരുടെ വഴികാട്ടി.  ആണിനെപ്പോലെ വസ്ത്രം ധരിച്ച ഒരു യുവതി ഏതോ ഒരുപകരണം നീട്ടി, വൃദ്ധന് അരികും മൂലയും മാത്രം മനസ്സിലാകുന്ന ഭാഷയിൽ എന്തൊക്കെയോ ചോദിച്ചു.  ഊരിന്റെയും വംശപരമ്പരകളുടെയും ചരിത്രത്തെപ്പറ്റിയാണ് അവർ ചോദിച്ചതെന്ന് ഊരുകാരൻ യുവാവ് മൊഴിമാറ്റി.  കേട്ടറിവുകളിലും ഓർമ്മയുടെ ആഴങ്ങളിലും മുങ്ങിത്തപ്പി വൃദ്ധൻ തനിക്കറിയാവുന്ന ഉത്തരങ്ങൾ നൽകി.

അവസാനം, ശ്മശാനം കടന്നു കയറിവന്ന മുൾവേലികളെപ്പറ്റി ചോദിച്ചപ്പോൾ, അവർ നീട്ടിയ വെളിച്ചത്തിൽ ചെടിച്ചിട്ടെന്നവണ്ണം വൃദ്ധന്റെ കണ്ണിൽനിന്നും നീരടർന്നു.  രാജാക്കന്മാരും അവരുടെ ഗോത്രപരമ്പരയും പൊടിഞ്ഞുചേർന്ന മണ്ണ് അധികാരവും കയ്യൂക്കും കൊണ്ടു നേടിയ ചില ശാസനങ്ങളുടെ ബലത്തിൽ ചിലർ പതിച്ചെടുത്തത് പറഞ്ഞപ്പോൾ വൃദ്ധന്റെ സ്വരം വിറച്ചു.  വിവരണങ്ങളിൽ സംതൃപ്തരായി, ശ്മശാനത്തിന്റെയും കാറ്റാടിപ്പാടത്തിന്റെയും കാഴ്ചകൾ പകർത്തി ഉച്ചക്കു മുൻപുതന്നെ സംഘം സ്ഥലം വിട്ടു.  ഓർമ്മകളുടെയും കാറ്റിന്റെയും താരാട്ടിൽ വൃദ്ധനുറങ്ങി.

                                      **                 **                 **

ചാലകങ്ങളിലൂടെ താഴ്വരയിലേക്കൊഴുകിയ ഊർജ്ജം തണുപ്പിച്ചെടുത്ത മുറിയിൽ, തന്റെ പ്രിയപ്പെട്ട ചാരുമഞ്ചത്തിൽ, ഉച്ചയുറക്കം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു മന്ത്രി.  ഭരണത്തിന്റെ ആയാസങ്ങൾ ചിത്രങ്ങളായും  ശബ്ദങ്ങളായും മന്ത്രിക്കുമുന്നിലെ സ്ക്രീനിൽ തെളിഞ്ഞുമാഞ്ഞു.  അതിനിടയിൽ, താൻ പുതുതായി നട്ടുപിടിപ്പിച്ച കാറ്റാടിപ്പാടത്തിന്റെ ദൃശ്യങ്ങൾ വന്നുവീണത് അദ്ദേഹത്തെ ജാഗരൂകനാക്കി. അതവസാനം കുടിലിന്റെ മുറ്റത്തുനിൽക്കുന്ന രാജാവിലെത്തി നിശ്ചലമായി.  രാജാവ്, പിതൃപരമ്പരയിൽ നിന്നു വേർപെട്ടുപോയ തന്റെ ജന്മത്തെപ്പറ്റി വിലപിക്കുകയായിരുന്നു.  കാഴ്ചകളിൽ ഒരു മുൾവേലി വളർന്നുവളർന്നുവന്നു.  അതിന്റെ ആഘാതത്തിൽ മന്ത്രി വിവശനായി.  കൂടെയുണ്ടായിരുന്ന സഹായി നേതാവിന്റെ മനസ്സറിഞ്ഞ്, അദ്ദേഹത്തിന്റെ പരവേശം അകറ്റാനുള്ള പാനീയക്കൂട്ട് തയ്യാറാക്കാൻ ശ്രമം തുടങ്ങി.

                                      **                 **                 **

താഴ്വരയിൽ നിന്ന് ഇരുട്ടു പടർന്നു വന്ന് കനംവെച്ചു.  കുടിലിൽ, ഉറക്കത്തിന്റെ കനിവിലലിഞ്ഞ്, ഒരു ഗോത്രനൃത്തത്തിനു സാക്ഷിയാകുകയായിരുന്നു രാജാവ്.  ഊരിനു നടുവിലെ ദൈവത്തറയിൽ ഒരാഴി തെളിഞ്ഞു കത്തി.  അരികിലെ പീഠത്തിൽ പ്രൗഢിയോടെ രാജാവിരുന്നു.  പെരുമ്പറകളുടെ താളത്തിൽ ചുവടുവെച്ച ഗോത്രക്കാർ സംതൃപ്തിയുടെ സ്വരത്തിൽ പാട്ടുപാടി.  പ്രീതരായ ദൈവങ്ങൾ അദൃശ്യരായ കാഴ്ചക്കാരായി.  പെരുമ്പറയുടെ താളം മുറുകിയപ്പോൾ ആഴി ഉയർന്നുകത്തി.  ചൂട് തരംഗങ്ങളായി ഉയർന്നതും നൃത്തക്കാരും ദൈവങ്ങളും ദൈവത്തറയുപേക്ഷിച്ച് പലായനം ചെയ്തു.  കണ്ണു തുറന്ന രാജാവ് ഗോത്രക്കാർക്കു പകരം തനിക്കുചുറ്റും നൃത്തംവെക്കുന്നത് അഗ്നിയാണെന്നറിഞ്ഞ് സങ്കടപ്പെട്ടു.

രാവിലെ മലയിറങ്ങി കാടുകടന്നു വന്ന കാറ്റ് മുൾവേലിക്കു മുൻപിൽ കുടിലിന്റെ തടസ്സമൊഴിഞ്ഞതു കണ്ട് വിഷണ്ണനായി അവിടെയാകെ ചുറ്റിത്തിരിഞ്ഞ്, ക്രമേണ വേഗതയാർന്ന് ഒരു ചുഴലിയായി.  കുടിലിരുന്ന സ്ഥലത്തുനിന്നും വെണ്ണീറിന്റെ ഒരു മേഘം കറങ്ങിപ്പൊങ്ങി.  മുൾവേലി കടന്ന മേഘം ശ്മശാനത്തിനു മുകളിൽ ധൂളികളായി പറന്നു താണു.  പരമ്പരകളുടെ കൂടിച്ചേരലിന്റെ സാന്ദ്രതയിൽ താഴ്‌വരയിൽ വെയിലുയർന്നു.

                                                       **         **       **


                                        ( ഇലസ്ട്രേഷൻ : അല്പം ചോരണം, അല്പം കൈക്രിയ)
 


Saturday, January 12, 2013

ബോധിച്ചുവട്ടിലെ കൂണ്






അണുശക്തിയെക്കുറിച്ചായിരുന്നു യാത്രയിലുടനീളം ഗൗതമൻ ആലോചിച്ചിരുന്നത്.  പച്ചപ്പിനാൽ മനോഹരമായ താഴ്വരകളിലൂടെ  സഞ്ചരിക്കുകയായിരുന്നു ട്രെയിൻ. ഇടയ്ക്കു നിർത്തിയ സ്റ്റേഷനുകളിലെ ജനത്തിരക്കിന്റെ ഒച്ചയും ബഹളങ്ങളും മാത്രമായിരുന്നു ആലോചനക്ക് ഭംഗം വരുത്തിയത്. ഒന്നാംക്ലാസ് കമ്പാർട്ടുമെന്റിന്റെ സുഖകരമായ തണുപ്പിൽ, തന്റെ ലാപ്ടോപ്പിന്റെ കാഴ്ചപ്പുറത്തും അയാൾ പരതിയത് അണുശക്തിയെക്കുറിച്ചായിരുന്നു.

പഠിക്കുന്നകാലത്ത് മൂലകങ്ങളെയും രാസസംയുക്തങ്ങളെയും പറ്റി വളരെയൊന്നും തല പുകയ്ക്കേണ്ടിവന്നിരുന്നില്ല. ഫ്രോയിഡിന്റെയും യുങ്ങിന്റെയുമൊക്കെ ആശയമണ്ഡലങ്ങളെ ഇഴകീറിയെടുത്ത് പുതിയ നിഗമനങ്ങളിലെത്തിയായിരുന്നു അയാൾ തന്റെ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയത്. അധികം താമസിയാതെ തന്നെ ബാംഗ്ലൂരിലെ ലോകപ്രശസ്തമായ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിൽ ജോലിയും ലഭിച്ചു.  അതങ്ങനെയായിരുന്നു...  ജീവിതം എപ്പോഴും സൗമ്യമധുരമായിട്ടാണ് അയാൾക്കു വഴിപ്പെട്ടത്.  സമ്പത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദം ഓരോ വഴിത്തിരിവിലും കാത്തുനിന്നിരുന്നു.  അവയൊക്കെ ആസ്വദിക്കുക എന്ന കൃത്യം മാത്രം നടത്തിയാൽ മതിഎന്നാൽ അത്തരം ആസ്വാദനങ്ങളൊന്നും അതിരുവിടാതിരിക്കാനുള്ള പക്വത മുപ്പതു വയസ്സിനിടയിൽത്തന്നെ ഗൗതമൻ  നേടിയിരുന്നു.

ജീവിതത്തിലെ അത്തരമൊരു വഴിത്തിരിവിലാണ് മൈഥിലി അയാളെ കാത്തു നിന്നത്വ്യത്യസ്തമായ രണ്ടു പർവ്വത ശിഖരങ്ങളിൽനിന്ന് ഉരുവംകൊണ്ട രണ്ടരുവികൾ പൂർവ്വനിശ്ചിതമല്ലാത്ത ഒരു സ്ഥലരാശിയിൽ ഒന്നിച്ചുചേർന്ന് പ്രയാണം തുടരുന്നതുപോലെ തികച്ചും സ്വാഭാവികമായിരുന്നു അവരുടെ കണ്ടുമുട്ടലും സൗഹൃദവുംപിന്നീട് ഒന്നിച്ചുള്ള ഒഴുക്കിൽ പൊട്ടിച്ചിരികളും മകൻ രാഹുലിന്റെ തുള്ളിത്തെറിക്കലുകളും നിറഞ്ഞുനിന്നിരുന്നു.

സുഭിക്ഷമായിരുന്നു ഗൗതമന്റെ ബാല്യംതെരുവോരത്തെ മരച്ചില്ലകളിൽക്കെട്ടിയ തൊട്ടിലിൽ, മുലപ്പാലിനെക്കാൾ കൂടുതൽ, അധ്വാനശേഷം ഊർന്നിറങ്ങുന്ന വിയർപ്പുതുള്ളികൾ നുണയേണ്ടിവരുന്ന ശൈശവം അയാളുടെ വളർച്ചയുടെ കാണാമറയത്തായിരുന്നുവയൽച്ചേറിന്റെ മണമോ ഞാറ്റുപാട്ടിന്റെ ഈണമോ അറിയാതെ, രോഗപീഡകളുടെ അവശതയും തിരസ്കൃത വാർദ്ധക്യങ്ങളുടെ നിസ്സഹായതയുമറിയാതെ, വിളിപ്പുറത്തെത്തുന്ന സഹായികളാലും സ്നേഹത്താലും പരിചരിക്കപ്പെട്ട്, നവീന രുചികളാൽ പോഷിപ്പിക്കപ്പെട്ട് കടന്നുപോയ കൗമാരം.  അത്തരമൊരു കരുപ്പെടുത്തൽ പകർന്നു കൊടുത്ത ആത്മവിശ്വാസം അയാളുടെ പ്രവൃത്തികളിലും പ്രതിഫലിച്ചിരുന്നു.  അറ്റുപോയ ബന്ധങ്ങളെ വിളക്കിച്ചേർക്കുന്ന, താളം തെറ്റിയ മനസ്സുകളുടെ ചുളിവുകൾ നിവർത്തിയെടുക്കുന്ന അനേകം കൗൺസിലിങ്ങ് സെഷനുകളിൽ ആ ആത്മവിശ്വാസം കൈത്താങ്ങായിരുന്നു.

ആ വിജയകഥകളാണ് ഇങ്ങനെയൊരു ദൗത്യസംഘത്തിലെ അംഗമാകാൻ ഗൗതമന് നറുക്കു നേടിക്കൊടുത്തത്.  അകലെയൊരു കടൽത്തീര ഗ്രാമത്തിൽ, തങ്ങളുടെ ജീവിതത്തിനും ഉപജീവനത്തിനും മേൽ ഉയർന്നു വളരുന്ന ഒരു വിഷക്കൂണിനെതിരെ ഉയിരുകൊടുത്തു പൊരുതുന്ന ഗ്രാമീണരെ ആധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച്, ബോധവത്കരണത്തിലൂടെ ഭരണകൂടത്തിന്റെ വഴിക്കു കൊണ്ടുവരുക എന്നതായിരുന്നു അവരുടെ ദൗത്യം.  ചോരയൊഴുകാത്ത യുദ്ധങ്ങളും ഇടയ്ക്കെങ്കിലും അധികാരികൾക്ക് നടത്തണമായിരുന്നു.

ശാസ്ത്രത്തിന്റെ അക്ഷയപാത്രത്തിൽ നിന്നും സാധാരണക്കാരനു വിളമ്പാൻ കാലതാമസമുണ്ടാകുമെന്നും എന്നാലത് അസാധ്യമായ കാര്യമൊന്നുമല്ലെന്നും ഗൗതമൻ ധരിച്ചിരുന്നു.  അതുകൊണ്ട് അക്കാര്യം അവരെ ബോധ്യപ്പെടുത്തുക വെല്ലുവിളിയായി തോന്നിയതുമില്ല.  അതിനാൽത്തന്നെ, ആത്മവിശ്വാസത്തിന്റെ തീവണ്ടിയിലായിരുന്നു ഗൗതമൻ യാത്ര തുടങ്ങിയത്.  എന്നാൽ, വണ്ടി കുന്നുകളും പച്ചപ്പും പിന്നിട്ട് വറുതിയുടെയും ഊഷരതയുടെയും കാഴ്ചകളിലൂടെ ഓടിത്തുടങ്ങിയപ്പോഴേക്കും അയാൾ സന്ദേഹിയായി.  ലാപ്ടോപ്പിന്റെ ജാലകത്തിൽ അപ്പോഴേക്കും ആകാശത്തേക്കുയരുന്ന ഭീമാകാരമായ ഒരു കൂണും അതിനു താഴെ ചിതറിപ്പൊടിയുന്ന ഭൂമിയും മാംസം ഉരുകിയൊലിച്ച് നാലുപാടും പായുന്ന ജീവജാലങ്ങളും പല പ്രാവശ്യം വന്നുപോയിരുന്നു.  വർദ്ധിതോഷ്മാവിൽ വെന്ത വേലിക്കെട്ടുകൾ തകർത്ത ഊർജ്ജപ്രവാഹം കരിച്ചുകളഞ്ഞ കോശങ്ങളുമായി മരിച്ചുപോയവരുടെയും മരിച്ചു ജീവിക്കുന്നവരുടെയും കഥകൾ പലയാവർത്തി അയാൾ വായിച്ചു കഴിഞ്ഞിരുന്നു.  തങ്ങൾ സൃഷ്ടിച്ചെടുത്ത ഭൂതത്തെ തിരിച്ചടയ്ക്കാനുള്ള കുടങ്ങളും സംസ്കരിക്കാനുള്ള ശ്മശാനങ്ങളും തേടി പരക്കം പായുന്ന ശാസ്ത്ര സമൂഹത്തിന്റെ നിസ്സഹായാവസ്ഥ, വലക്കണ്ണികളിൽ  അവിടവിടെയായി തെളിഞ്ഞു വന്നിരുന്നു.

വിഷാദത്തിന്റെ നേർത്ത സന്ധ്യ ജാലകത്തിലൂടെ അരിച്ചു കയറി അയാൾക്കൊപ്പം യാത്ര തുടങ്ങി.

തീരദേശത്തെ ചെറിയ പട്ടണത്തിൽ ട്രെയിൻ നിന്നപ്പോൾ നേരം പുലർന്നുകഴിഞ്ഞിരുന്നു.  കടലിന്റെ വിയർപ്പുനിറഞ്ഞ ഉപ്പുകാറ്റ് വിസർജ്ജ്യങ്ങളുടെ ഗന്ധവുമായി കൂടിക്കുഴഞ്ഞ് അയാളെ വരവേറ്റു.  രാത്രിയിൽ പിണങ്ങിനിന്ന ഉറക്കത്തിന്റെ കനം കൺപോളകളിൽ തങ്ങിക്കിടന്നു.  സർക്കാർ ഗസ്റ്റ്‌ഹൗസിലേക്ക് വേറൊരു വാഹനത്തിൽ പോകേണ്ടിവന്നു.  ജോലിതുടങ്ങുംമുൻപ് പരിസരത്തെപ്പറ്റി കൂടുതൽ പഠിക്കണമെന്ന ആഗ്രഹത്താൽ മറ്റു സംഘാംഗങ്ങളെക്കാൾ രണ്ടു ദിവസം നേരത്തേ തിരിച്ചതായിരുന്നു അയാൾ.  എന്നാലും മുൻകൂട്ടി വിവരം അറിയിച്ചിരുന്നതിനാൽ താമസത്തിനു വേണ്ട ഏർപ്പാടുകളൊക്കെ തയ്യാറായിരുന്നു.  വളരെ പഴക്കം തോന്നിക്കുന്നതും അവിടുത്തെ ഭൂപ്രകൃതിക്കു തീരെ യോജിക്കാത്ത വിധത്തിൽ കരിങ്കല്ലുകൊണ്ടു നിർമ്മിച്ചതുമായിരുന്നു ആ ഇരുനിലക്കെട്ടിടം.  വിശാലമായ മുറ്റത്തിന്റെ അതിരിലായി നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന ഒരു അരയാൽ കാറ്റു തുള്ളിക്കുന്ന ഇലകളുമായി പടർന്നു പന്തലിച്ചു നിന്നിരുന്നു.

പ്രഭാതകൃത്യങ്ങൾക്കും പ്രാതലിനും ശേഷം, മുകൾനിലയിൽ തന്റെ ജനാലയിലൂടെ വെളിയിലേക്കു നോക്കി, തന്നെപ്പൊതിഞ്ഞ് പൊറുതിമുട്ടിക്കുന്ന വ്യാകുലതയെ കുടഞ്ഞെറിയാൻ പണിപ്പെട്ടുകൊണ്ടിരുന്ന ഗൗതമന്റെ കാഴ്ചയിൽ, വിറയ്ക്കുന്ന ആലിലകളുടെ ഇടയിലൂടെ, ഭീമാകാരമായ താഴികക്കുടങ്ങൾ മണ്ണിലാഴ്ന്നുപോയ ഒരു ദേവാലയം പോലെ ആണവ നിലയം വെളിപ്പെട്ടു.  കനത്ത ചൂടിന്റെ ഒരല മുറിയിൽ കടന്നുകയറിയതായി തോന്നിയതിനാൽ ഗൗതമൻ സാവധാനം വെളിയിലേക്കിറങ്ങി ലക്ഷ്യമില്ലാതെ നടക്കാൻ തുടങ്ങി.

കടലിന്റെ കാരുണ്യത്താൽ മാത്രം തളിർത്തുനിൽക്കുന്ന ഒരു മുക്കുവഗ്രാമമായിരുന്നു അത്.  താൻ പരിചയിച്ചിരുന്ന സുഭിക്ഷതയുടെ എതിരറ്റം എവിടെച്ചെന്നവസാനിക്കുന്നു, അഥവാ എവിടെനിന്നു തുടങ്ങുന്നുവെന്ന് ഗൗതമനു വെളിപ്പെട്ടു.  പാഠപുസ്തകങ്ങളിൽ അന്യമായിരുന്ന ജീവിതങ്ങളായിരുന്നു അവയത്രയും.  ഏതേതു സിദ്ധാന്തങ്ങൾകൊണ്ട് ഇവയെ ഒക്കെ ബോധവത്കരിക്കണമെന്ന് എത്ര ശ്രമിച്ചിട്ടും അയാൾക്കു പിടികിട്ടിയില്ല.

വിശപ്പിലൂടെയും ദാഹത്തിലൂടെയും നടന്ന് സന്ധ്യയായപ്പോൾ അയാളൊരു സമരപ്പന്തലിനടുത്തെത്തി.  അപ്പോഴേയ്ക്കും മുദ്രാവാക്യങ്ങളുടെയും ചാനൽബഹളങ്ങളുടെയും ചൂടാറിത്തുടങ്ങിയ അവിടം വിശ്രമത്തിലേക്കു വീണിരുന്നു.  ക്ഷോഭത്തിന്റെയും നിസ്സഹായതയുടെയും മേൽ കെട്ടിയുയർത്തിയ മുളയുടെയും പനയോലയുടെയും ഒരു നിർമ്മിതിയായി, അണുശക്തിനിലയത്തിലേക്കുള്ള വഴിയിൽ അത് ഒറ്റപ്പെട്ട് നിന്നു.  താഴ്ന്ന തലയുമായി ഗൗതമൻ തന്റെ താവളത്തിലേക്കു തിരിച്ചു നടന്നു.

കുളിമുറിയിലെ തണുത്ത വെള്ളത്തിൽ പകലത്തെ അലച്ചിലിന്റെ വിയർപ്പും ഉപ്പും അലിഞ്ഞുപോയെങ്കിലും തലച്ചോറിലേയ്ക്കു കടന്നുകയറിയ വിഷാദത്തിന്റെ അവക്ഷിപ്തങ്ങൾ അങ്ങനെതന്നെ കിടന്നു.

അത്താഴശേഷം നിലാവിൽക്കുളിച്ച മുറ്റം മുറിച്ചുകടന്ന് ഗൗതമൻ അരയാൽച്ചുവട്ടിലെ ഭീമൻ വേരിൽ തന്റെ ആകുലതകളെ ഇറക്കിവെച്ചു.  മനുഷ്യന് അവന്റെ ജീവിതപൂർത്തീകരണത്തിന് ഏതളവിൽ പ്രാണവായു, ഏതളവിൽ ജലം, ഏതളവിൽ ഭൂമി എന്നിത്യാദി സമസ്യകൾ അയാൾക്കുള്ളിൽ നിറഞ്ഞുവന്നു.  ദുഃഖത്തിന്റെ മൂലകാരണം ദുരയാണെന്ന് കണ്ടെത്തിയ ഒരു പൂർവ്വഗാമിയുടെ രൂപം മനസ്സിൽ തെളിഞ്ഞു.  രോഹിണീ നദിയുടെ ഓരം ചേർന്ന്,  കല്ലിലൂടെയും മുള്ളിലൂടെയും നടന്ന് ബോധിവൃക്ഷച്ചുവട്ടിലെത്തിയ യാത്രയുടെ അവസാനം.  അർദ്ധ നിമീലിതങ്ങളായ മിഴികൾ.   ഭൂമിസ്പർശ മുദ്ര*.  പിന്നെ മറ്റൊരു യാത്രയുടെ തുടക്കം.

പകലത്തെ ഉപാപചയശേഷിപ്പായ പ്രാണവായു ആലിലകളെ വിറപ്പിച്ച് തഴേയ്ക്കിറങ്ങിവന്നു.  ബോധോദയത്തിന്റെ രാത്രിയിലേക്ക് ഗൗതമൻ സാവധാനം കണ്ണടച്ചു.

താനിരുന്ന ആൽച്ചുവടിന്റെ ചുറ്റുവട്ടമാകെ ചാരനിറമുള്ള വിഷക്കൂണുകൾ പൊട്ടിമുളയ്ക്കുന്നതും കാണെക്കാണെ അവ വളർന്നു ഭീമാകാരമാർജ്ജിക്കുന്നതും സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ  പ്രഭാതത്തിൽ ആലിന്റെ വേരിൽ ഉറക്കമുണർന്നത്.  മുറിയിലെത്തി പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്, തനിക്കു കൈവന്ന ശാന്തിയിൽ ആശ്ചര്യപ്പെട്ട് ഗൗതമൻ വെളിയിലേക്കിറങ്ങി നടന്നു തുടങ്ങി.  അധികാരികളുടെ മാർഗ്ഗതടസ്സങ്ങളെയും പലവിധ ചോദ്യങ്ങളെയും കടന്ന് അയാൾ സാവധാനം സമുദ്രതീരത്തെത്തി.  അവിടെ, സമുദ്രജലത്തിൽ കഴുത്തോളം മുങ്ങി പ്രതിഷേധത്തിന്റെ ഒരു മനുഷ്യഭിത്തി തിരമാലകളിൽ ഇളകിക്കൊണ്ടിരുന്നു.  ജീവന്റെ ആദ്യകണങ്ങൾ നീന്തിത്തുടിച്ചു വളർന്ന ആ ജലരാശിയിലേക്ക് ഗൗതമൻ പതുക്കെ ഇറങ്ങിച്ചെന്നു.

                         00                     00                       00                        00

Note:  ഭൂമിസ്പർശ മുദ്ര സിദ്ധാർത്ഥന്റെ ബോധോദയ നിമിഷത്തെ കുറിക്കുന്നു.  കൂടുതൽ ഇവിടെ:‌


 

Sunday, July 15, 2012

ദ്രാണകൂർമ്മാസനം








യോ ശരീരത്തിനെന്നപോലെ മനസ്സിനും ഉന്മേഷം നൽകുമെന്ന് എന്നെ പ്രലോഭിപ്പിച്ചത്  എന്റെ ഡോക്ടറായിരുന്നു.  നഗരത്തിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ മാനസിക പിരിമുറുക്കങ്ങളുമായി ധാരാളം രോഗികൾ എത്താറുണ്ടായിരുന്നു.  ചിലർക്കെങ്കിലും, ഏതു മരുന്നിനേക്കാളും പ്രയോജനപ്പെട്ടത് യോഗയായിരുന്നെന്നും കൂടി പറഞ്ഞു വെച്ചിട്ട് അതു പരിശീലിപ്പിക്കുന്ന ഒരാചാര്യന്റെ വിലാസം അദ്ദേഹം മേശവലിപ്പിൽ നിന്നും  എടുത്തു തന്നത് ഏതാനും മാസങ്ങൾക്കു മുമ്പാണ്.
ഞാൻ ഡോക്ടറെ പരിചയപ്പെട്ടിട്ട് പത്തു വർഷത്തോളമാകുന്നു.  എന്റെ മനസ്സിൽ ഇടയ്ക്കിടെ ഉരുണ്ടു കൂടുന്ന കാർമേഘങ്ങളെയെല്ലാം ആട്ടിയോടിച്ച് അവിടെയൊരു നീലാകാശം പുനസ്സൃഷ്ടിച്ചു തരുന്നത് അദ്ദേഹത്തിന്റെ ജോലിയാണ്. അതദ്ദേഹം ഭംഗിയായി ചെയ്തു വന്നു. കാർമേഘങ്ങൾ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും കടന്നു വരാം.  ശോക പര്യവസായിയായ ഒരു കഥയിൽ നിന്നാവാം ചിലപ്പോളവ ഉരുവം കൊള്ളുക. ഭൂഖണ്ഡങ്ങൾക്കപ്പുറത്ത് വിശപ്പാൽ മെലിഞ്ഞ ഒരു രൂപത്തെ ആർത്തിയോടെ നോക്കുന്ന  കഴുകന്റെ ദൃശ്യം കാണുമ്പോഴോ, ഏതെങ്കിലും കാമാർത്തന്റെ കൈകളാൽ പിച്ചിച്ചീന്തപ്പെട്ട ഒരു പിഞ്ചു ശരീരം പത്രത്താളിൽ നിവർന്നു കിടക്കുമ്പോഴോ, കുത്തകക്കമ്പനിയുടെ കെണിയിൽപ്പെട്ടു കൃഷി നശിച്ച്  കടത്തിൽ മുങ്ങിച്ചത്ത കർഷകന്റെ വാർത്ത വായിക്കുമ്പോഴോ,  അതങ്ങനെ  തിടം വെക്കുന്നു.  പിന്നെ വാക്കുകൾ മനസ്സിൽത്തന്നെ ഛിദ്രമാക്കപ്പെടുകയും  ചുണ്ടുകൾ മൗനമുദ്രിതങ്ങളാവുകയും ചെയ്യുന്നു.  ഊഷരമായ മരുഭൂമിയാൽ വലയം ചെയ്യപ്പെട്ട നിലയിലാവും ഞാൻ.  എനിക്കു ചുറ്റും താപം ഉയർന്നു വരും.  ഉറക്കം തരുന്ന ഗുളികകളെല്ലാം നിഷ്ഫലമാവുകയും, പത്തുവർഷമായി ശൂന്യമായ കിടക്കയുടെ പാതി നോക്കി, രാത്രി മുഴുവൻ നെടുവീർപ്പിടുകയും ചെയ്യും.  അഥവാ ഒന്നു മയങ്ങിപ്പോവുകയാണെങ്കിൽ നീണ്ടു വളഞ്ഞ കൊക്കും കൂർത്ത നഖങ്ങളുമായി ഒരു കഴുകൻ എവിടെ നിന്നോ പറന്നു വന്നു് നേരത്തേതന്നെ ചോര വാർന്നുകൊണ്ടിരുന്ന എന്റെ ഹൃദയം കൊത്തി വലിക്കാൻ തുടങ്ങും.  അതി കഠിനമായ ദാഹത്തോടെ ഞാൻ ഞെട്ടിയെഴുന്നേൽക്കും.  ദുരയും കപടതയും നിറഞ്ഞ ലോകത്തു നിന്നും പുറത്തേയ്ക്കുള്ള വഴിയന്വേഷിച്ച് എന്റെ വലിയ വീടിന്റെ മുറികളോരോന്നും കയറിയിറങ്ങും. എന്നാൽ രാവണൻകോട്ടയിൽ, പുറത്തേയ്ക്കുള്ള വഴികളൊന്നും അപ്പോൾ കാണപ്പെടുകയില്ല.  വീട്ടുജോലിക്കാർ ഉറങ്ങുന്ന മുറികളിൽ നിന്നുയർന്നു കേൾക്കുന്ന, ഉറക്കത്തിന്റെ താളനിബദ്ധമായ സംഗീതം സഹിക്കാനാവാതെ വല്ല വിധേനയും വിശാലമായ ഊണുമുറിയിലെത്തി തണുത്ത ജലം മതിവരുവോളം കുടിക്കും.  തങ്ങളുടെ സ്വന്തം നീലാകാശങ്ങൾ തേടി പറന്നു പോയ മക്കളുടെ ബാല്യകാല കുതൂഹലങ്ങൾ മുറിയിലെ അലമാരകളിൽ നിറഞ്ഞിരിക്കുന്നുണ്ട്. അവ പകർന്നു തരുന്ന അല്പ ശാന്തിയിൽ ഞാൻ തിരിച്ച് വേച്ചു വേച്ച് മുറിയിലെത്തും.


ഉറക്കച്ചടവു നിഴലിക്കുന്ന കണ്ണുകളുമായി രാവിലെ തന്നെ എത്തുന്ന എന്നെ ഡോക്ടർ സാന്ത്വനം തരുന്ന ഒരു പുഞ്ചിരിയോടെ സ്വീകരിക്കും.  പിന്നെ അത്യന്തം വിവേകപൂർണ്ണമായ വാക്കുകൾ കൊണ്ട് അദ്ദേഹം തന്റെ ജോലി തുടങ്ങുകയായി.  ഏറെ സമയത്തിനു ശേഷം ചെറിയ ചില മരുന്നുകളും തെളിഞ്ഞ നീലാകാശവുമായി ഞാൻ വീട്ടിലേക്കു തിരിക്കും. 
എന്റെ സന്ദർശനങ്ങളുടെ ഇടവേള കുറഞ്ഞു വരാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം യോഗയെപ്പറ്റി എന്നെ ബോധ്യപ്പെടുത്തിയത്.  എന്നിട്ടും, കുറച്ചുനാൾ കഴിഞ്ഞാണ് ഞാൻ മേൽവിലാസം വീണ്ടും തപ്പിയെടുത്തത്.  നഗര പ്രാന്തത്തിലായിരുന്നു അതിൽ പറഞ്ഞിരുന്ന ആശ്രമം.  മുൻകൂട്ടി അനുവാദം വാങ്ങിയിട്ട്, വെള്ളിമേഘങ്ങളും സൗമ്യമായ സൂര്യനുമുള്ള ഒരു ദിവസം ഞാൻ അവിടെച്ചെന്നു.  നഗര ജീവിതത്തെ വളരെ വേഗം വിസ്മൃതമാക്കുന്ന ഒരന്തരീക്ഷം അവിടെ നിലനിന്നിരുന്നു.  പച്ചപ്പിന്റെ സാന്ദ്രത അതൊരു കാടിന്റെ തുടക്കമാണോ എന്ന് സംശയം ജനിപ്പിക്കും.  തണലത്തയവിറക്കുന്ന പുള്ളിമാനുകളെവിടെയെന്ന്  സന്ദർശകന്റെ കണ്ണുകൾ ഉഴറും.
 

കാത്തിരിപ്പൊന്നുമില്ലാതെ തന്നെ ഞാൻ ആചാര്യന്റെ അടുക്കലേയ്ക്ക് ആനയിക്കപ്പെട്ടു. ശാന്തി വികിരണം ചെയ്യുന്ന കണ്ണുകളും നെഞ്ചോളമെത്തുന്ന നര ബാധിക്കാത്ത താടിരോമങ്ങളും സ്ത്രൈണത തുളുമ്പുന്ന സൗമ്യമായ ശബ്ദവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. എന്റെ ഡോക്ടർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു.  അതുകൊണ്ടുതന്നെ എനിക്കു മാത്രമായി ദിവസവും കുറച്ചു സമയം നീക്കിവെക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.  ആദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വലിയൊരു തുക സംഭാവനയായി നൽകാൻ എനിക്കു മടിയുമില്ലായിരുന്നു.  പിറ്റേന്നു മുതൽ ഞാൻ പരിശീലനം ആരംഭിക്കുകയും ചെയ്തു. 
യോഗയെപ്പറ്റി വിശദമായി പറഞ്ഞുകൊണ്ടാണ്  അദ്ദേഹം തുടങ്ങിയത്.  കൂട്ടിച്ചേർക്കുക, ബന്ധിപ്പിക്കുക എന്നൊക്കെ അർത്ഥം വരുന്നയുജ്എന്ന സംസ്കൃത ശബ്ദത്തിൽ നിന്നാണ് യോഗ എന്ന വാക്കുണ്ടായത്.  മനസ്സ്, ശരീരം, ആത്മാവ് എന്നിവയുടെ പൂർണ്ണമായ ഐക്യപ്പെടലാണ് യോഗ. ശാരീരികവും മാനസികവുമായ അടിസ്ഥാനങ്ങൾ അതിനുണ്ട്.  ശാരീരിക വിഷയത്തിൽ ആസനങ്ങൾ, ക്രിയകൾ, ബന്ധനം, പ്രാണായാമം എന്നിവയും നാലു മാത്രകളുമാണുള്ളത്.”  തുടർന്നു്, പല തരത്തിലുള്ള ആസനങ്ങളെപ്പറ്റിയും അവയുടെ പ്രയോജനങ്ങളെപ്പറ്റിയും വിവരിച്ചിട്ട്, ശരിയായ പരിശീലനം തുടങ്ങാനായി ശരീരത്തെ പാകപ്പെടുത്തിയെടുക്കാൻ നാലഞ്ചു മാസങ്ങൾ എടുക്കുമെന്നു് അദ്ദേഹം സൂചിപ്പിച്ചു.

എന്റെ ദിവസങ്ങൾ ശാന്തമായി കടന്നു പൊയ്ക്കൊണ്ടിരുന്നു.  പാഠങ്ങൾക്ക്, എന്റെ ശരീരം പെട്ടെന്നു വഴങ്ങി.  ഒന്നിലധികം നിലകളുടെ യോഗമായ സൂര്യ നമസ്കാരം, കടിചക്രാസനം, പദഹസ്താസനം, അർദ്ധ ചന്ദ്രാസനം, തദാസനം, മകരാസനം, ശവാസനം, മയൂരാസനം, മത്സ്യാസനം, പദ്മാസനം ആചാര്യൻ ഓരോന്നും ക്ഷമാപൂർവം പഠിപ്പിച്ചുകൊണ്ടിരുന്നു.  ഞാനവയെല്ലാം അടുക്കോടെ സ്വായത്തമാക്കി വന്നു.  ഡോക്ടറെ കാണുന്നത് സൗഹൃദം പുതുക്കാൻ മാത്രമായിത്തീർന്നു.

ഒരു ദിവസം ആചാര്യൻ പറഞ്ഞു.  ഇന്നൊരു പുതിയ നിലയാണ് പഠിക്കുന്നത്.  ദ്രാണകൂർമ്മാസനം’.  ഉറങ്ങുന്ന ആമയാണു മാതൃക.  ശാരീരികവും മാനസികവുമായ ഒരു തരം സുഷുപ്താവസ്ഥ.  പഞ്ചേന്ദ്രിയങ്ങളെയും ബാഹ്യാവയവങ്ങളെത്തന്നെയും നമുക്കുള്ളിലുള്ള ഒരു സാങ്കല്പിക ബിന്ദുവിലേക്ക് ചുരുക്കുന്നു.  പരമമായ വിശ്രാന്തിയിലെത്തുകയാണു ലക്ഷ്യം.”  അനന്തരം പുൽപ്പായിൽ കമിഴ്ന്നു കിടന്ന് അതിന്റെ രീതികൾ അദ്ദേഹം വിശദമാക്കിത്തന്നു.  ഞാനത് അനുകരിക്കാൻ ശ്രമിച്ചു.  ഉച്ഛ്വസിക്കുക!”.  ഞാൻ ശ്വാസം ഉള്ളിലേക്കു വലിച്ചു.  കൈകാലുകൾ, കണ്ണുകൾ. വായ്, ചെവി, മൂക്ക്;  ഇനി തലയാകെത്തന്നെ ഉള്ളിലേക്കു ചുരുക്കുക.  ഷഡാധാര പ്രതിഷ്ഠയിൽ ഹൃദയ പദ്മത്തിൽ പ്രതിപാദിച്ചിരിക്കുന്ന കൂർമ്മമാവുക!”  എനിക്കു തല കറങ്ങി.  അദ്ദേഹത്തിന്റെ വാക്കുകൾ അർത്ഥരഹിതമായ ജല്പനങ്ങൾ പോലെ എനിക്കു ചുറ്റും വലം വെച്ചു. തോൽവി സമ്മതിച്ച് ഞാൻ പായിൽ നിന്നും എഴുന്നേറ്റു.  ആചാര്യൻ എനിക്ക് വിശ്രമം കല്പിച്ചു.     

ഏതാനും ദിവസങ്ങൾക്കു ശേഷം, അത്താഴം കഴിഞ്ഞ് നീലാകാശവും നോക്കി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഞാൻ; എന്നെ നോക്കി കണ്ണിറുക്കാറുള്ള ഒരു നക്ഷത്രത്തെ തെരഞ്ഞു കൊണ്ട്. പത്തു വർഷമായി ഞാനതിനെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. എന്റെ മന്ദസ്മിതങ്ങളെപ്പോലും കവർന്നിട്ടായിരുന്നു അതവിടെ ചേക്കേറിയത്.  പെട്ടെന്നു് തെരുവിൽ ഒരു വാഹനം കരച്ചിലോടെ വന്നു നിന്നു.    അതിൽ നിന്നും ഏതാനും ആൾരൂപങ്ങൾ ചാടിയിറങ്ങി. ചില ആക്രോശങ്ങൾ, തെരുവു വിളക്കിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന ഒരു വാൾമുന,  പാതിയിൽ നിലച്ചുപോയ ഒരു നിലവിളി...

എന്റെ കണ്ണിൽ ഇരുട്ടു കയറി.  കാലുകൾ ബലഹീനങ്ങളായി.  ആകാശത്ത് കറുകറുത്ത മേഘങ്ങൾ ഉരുണ്ടു കൂടി.  ഇനിയൊരിക്കലും ഏച്ചുചേർക്കാനാവാത്ത തരത്തിൽ എന്റെ നീലാകാശം ചിന്നിപ്പോയെന്ന് എനിക്ക് മനസ്സിലായി.  ഞാൻ വേച്ചു വേച്ച് എന്റെ വ്യായാമ മുറിയിലെത്തി.  പുല്പായ നിവർത്തിയിട്ട് അതിൽ കമിഴ്ന്നു കിടന്നു.  ഉച്ഛ്വസിക്കുക!” ആചാര്യന്റെ ശബ്ദം കാതുകളിൽ മുഴങ്ങി.  ഞാൻ ശ്വാസം ഉള്ളിലേക്കു വലിച്ചു.  കൈകാലുകൾ, കണ്ണുകൾ. വായ്, ചെവി, മൂക്ക്;  ഇനി തലയാകെത്തന്നെ ഉള്ളിലേക്കു ചുരുക്കുക.”  ഞാൻ അങ്ങനെ ചെയ്തു.  എന്റെ കൈകാലുകൾ ശരീരത്തിലേയ്ക്ക് ഉൾവലിഞ്ഞു.  കണ്ണുകൾ അതിന്റെ കുഴികളിൽ ആണ്ടിറങ്ങി.  തല ശരീരത്തിൽ ഒതുങ്ങിക്കൂടി.  ത്വക്കിനു കനം ഏറി വന്നു.  അവസാനം അതൊരു പുറന്തോടായി മാറി. ലോകത്തിന്റെ നൃശംസതകളൊന്നും ഇപ്പോൾ എന്നെ അലട്ടുന്നില്ല.  വിശക്കുന്നവന്റെ ഞരക്കമോ കൊല ചെയ്യപ്പെടുന്നവന്റെ നിലവിളിയോ എന്റെ കർണ്ണങ്ങളിൽ പതിയുന്നില്ല. എന്റെ ഹൃദയം യാതൊരു കഴുകനും പ്രാപ്യമല്ലാത്തവണ്ണം കവചിതമായി.  സൃഷ്ടിയോ സ്ഥിതിയോ സംഹാരമോ വേവലാതിപ്പെടുത്താത്ത, തിരിച്ചുണരാൻ ആഗ്രഹമില്ലാത്ത യോഗനിദ്രയിലേക്ക് ഞാൻ ആണ്ടു പോയി. 

                          ***                  ***                ***

(ഇതിൽ പ്രതിപാദിച്ചിരിക്കുന്നദ്രാണകൂർമ്മാസനംഭാവനാസൃഷ്ടി മാത്രമാണ്.  യോഗാചാര്യന്മാർ മൂലഗ്രന്ഥങ്ങൾ ഉദ്ധരിച്ച് വഴക്കിനു വരുകയോ വായനക്കാർ നില അനുകരിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നപേക്ഷ.)


ചിത്രം :  മീനാക്ഷി ചാറ്റർജിയുടെ ഒരു പെയിന്റിങ്ങ്.