Friday, April 27, 2012

പറയാൻ മറന്നത്


ശവശുശ്രൂഷകരേ,
അവസാന സ്നാനത്തിനായെടുക്കുമ്പോൾ
ഉറഞ്ഞു തുടങ്ങിയ കവിളുകളിലൊന്നിൽ
ചൂടുമാറാത്ത അല്പമിടം കാണപ്പെടുന്നെങ്കിൽ
അവിടം നനയ്ക്കാതെ വിട്ടേയ്ക്കുക.
പിരിഞ്ഞ നേരത്ത് ഒരിളംകവിൾ
പകർന്നുതന്ന കനലാണത്.

കഴുത്തിൽ താമര വള്ളികൾ മുറുകിയാലെന്നവണ്ണം
ചുവപ്പു രാശി തെളിഞ്ഞു കാണുന്നെങ്കിൽ
അവിടം ഒഴിവാക്കിയേക്കുക.
പറിഞ്ഞു പോകാൻ വിസമ്മതിച്ച രണ്ടു കുഞ്ഞിക്കൈകൾ
അവശേഷിപ്പിച്ച മുദ്രയാണത്.

ഇടതുനെഞ്ചിൽ നേർത്തൊരു പൊള്ളലിന്റെ കല
സ്നാന ജലത്തെ ബാഷ്പമാക്കുന്നെങ്കിൽ
അവിടം ഉരയ്ക്കാതെ വിടുക.
നീണ്മിഴികളിൽ നിന്നും
വിരഹം പെയ്തിറങ്ങിയത്
അവിടെയായിരുന്നു.

അതിനടുത്തുനിന്നും
മിടിക്കാത്തൊരു ഹൃദയത്തിന്റെ
നെടുവീർപ്പുയർന്നു കേൾക്കുന്നെങ്കിൽ
ഭയക്കാതിരിക്കുക.
തുടിച്ചിരുന്നപ്പോൾ
പറയാൻ മറന്ന സ്നേഹത്തിന്റെ
വിങ്ങലാണത്.

          **          **          **