Sunday, December 25, 2011

ഗ്രാമചത്വരത്തിലെ പക്ഷി


ഗ്രാമചത്വരത്തിലെ പക്ഷി


We have a natural right to make use of our pens as of our tongue, at our peril, risk and hazard. ~Voltaire
                                         

അതവിടെ വന്നതെങ്ങനെയെന്ന് ഞാൻ ഓർമ്മിക്കുന്നില്ല.  അതിനെ ചൂഴ്ന്നുനിന്ന വിസ്മയവർണ്ണങ്ങളാണു` ആദ്യം കണ്ണിൽപ്പെട്ടത്. പിന്നെ ഒരു ദിവസം തന്റെ മധുരശബ്ദത്തിൽ അത് പാടിത്തുടങ്ങി.  ഗ്രാമത്തിലുള്ളവരെല്ലാം അതിന്റെ ശബ്ദത്തിന്റെയും വർണ്ണത്തിന്റെയും മാസ്മരികതയിൽ ഭ്രമിച്ച് അതിനു ചുറ്റും നൃത്തം വെച്ചു.  അവർക്കിടയിലുണ്ടായിരുന്ന കവികളിൽ പാരമ്പര്യക്കാർ വൃത്തബദ്ധമായും ആധുനികർ വൃത്തമില്ലാതെ മുറിഞ്ഞ വരികളിലും അതിനെപ്പറ്റി കവിതകളെഴുതി, പാടിനടന്നു.  ക്രമേണ ഞങ്ങളുടെയെല്ലാം ദിവസങ്ങളിൽ ഒരു ഭാഗം, അതിരുന്ന ഗ്രാമചത്വരത്തിലെ വൃക്ഷത്തിനു ചുറ്റുമായി കറങ്ങിത്തിരിഞ്ഞു.  ഗ്രാമത്തിലെ കുട്ടികൾ പാഠശാലകളിലെത്താതെ ചത്വരത്തിലും അതിനടുത്തുള്ള ഊടുവഴികളിലും ചുറ്റിനടന്നു.  അവിടെ പുതുതായുയർന്ന മുറുക്കാൻ കടകളിൽ നിന്നും വാങ്ങിയ വർണ്ണക്കടലാസിൽ പൊതിഞ്ഞ ലഹരിത്തരികൾ നുണഞ്ഞ് ഇടവഴികളിൽ തുപ്പി അവിടമാകെ ചുവപ്പുനിറം പടർത്തി.  അവരുടെ അമ്മമാർ തങ്ങളുടെ മക്കൾക്കു നഷ്ടപ്പെടുന്ന പാഠങ്ങളെയോർത്ത് വേവലാതിപ്പെട്ടെങ്കിലും ചത്വരത്തിലെത്തുന്നത് ആധുനികതയുടെ വഴക്കമായി അതിനകം തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞതിനാൽ അവർ തങ്ങളുടെ വേപഥുവൊതുക്കി ശാന്തരായി.

ഗ്രാമത്തിലെ പക്ഷിശാസ്ത്രജ്ഞരും പ്രകൃതിസ്നേഹികളും തങ്ങൾ പഠിച്ച പരിണാമശാസ്ത്രത്തിലോ വർഗ്ഗീകരണപ്പട്ടികയിലോ അങ്ങനെയൊരു ജനുസ്സിനെ കാണാഞ്ഞ് ആശങ്കപ്പെട്ടു.  സൂക്ഷ്മനിരീക്ഷണത്തിൽ, മിക്ക പക്ഷികളെയും പോലെ ഫലാഹാരിയായ ഒരു സാധുവാണതെന്ന് അവർ മനസ്സിലാക്കി.  ചില യുവാക്കൾ, ചത്വരത്തിനടുത്ത് പുതുതായിത്തുടങ്ങിയ തീന്മാളികയിൽ നിന്നും വാങ്ങിയ പന്നിയുടെ മാംസം അരച്ചുപരത്തി പൊരിച്ചെടുത്ത് വശങ്ങളിൽ അപ്പക്കഷണങ്ങൾ വെച്ചു പൊതിഞ്ഞ പുതിയൊരു വിഭവം (എന്നാലത് പടിഞ്ഞാറുകാരുടെ നിത്യഭക്ഷണത്തിന്റെ ഭാഗമായിരുന്നു) പക്ഷിയുടെ മുന്നിൽ വെച്ച് അതിനെ പ്രലോഭിപ്പിക്കാൻ നോക്കി.  പക്ഷിയാകട്ടെ, നിർമമമായ ഒരു നോട്ടത്തോടെ അതിനെ അവഗണിച്ചു.  എന്നാൽ ചത്വരം വിജനമായ രാത്രികാലത്ത് പക്ഷിനിരീക്ഷകരുടെ കണ്ണുകൾ തന്റെമേൽ ഇല്ലെന്ന് ഉറപ്പാക്കിയ പക്ഷി ക്ഷണനേരംകൊണ്ട് അതെല്ലാം അകത്താക്കി തന്റെ ഗൃഹാതുരതയോട് കൂറുകാട്ടി.

അങ്ങനെയിരിക്കെ ഒരുദിവസം പക്ഷി സംസാരിക്കാൻ തുടങ്ങി.  തനിക്കുചുറ്റും കൂടുന്നവരുടെ ആശംസകളും കുശുകുശുക്കലുകളും ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു തുടക്കം.  ക്രമേണ, ഗ്രാമം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നവയൊക്കെ, രഹസ്യം സൂക്ഷിപ്പുകാരിൽനിന്നു തന്നെ പക്ഷിയുടെ ചെവിയിലെത്തി.  പക്ഷി തന്നെത്തേടിയെത്തിയവരോട് അതൊക്കെ രഹസ്യമായി എറ്റുപറഞ്ഞു.  ഗ്രാമമുഖ്യന്റെ അപഥസഞ്ചാരവും ഖജനാവുസൂക്ഷിപ്പുകാരന്റെ കയ്യിട്ടുവാരലും മുതൽ ഗ്രാമസമൂഹത്തിന്റെ ഓരോ അപഭ്രംശവും അങ്ങാടിപ്പാട്ടായി.  കൂട്ടിക്കൊടുപ്പുകാരനും നോട്ടിരട്ടിപ്പുകാരനും തങ്ങൾ സൂര്യനു താഴെ നഗ്നരായി നിൽക്കുന്നതായി അനുഭവപ്പെട്ടു.  പൂഴ്ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും തങ്ങളുടെ ഗുദാമുകളുടെ വാതിലുകൾ അനാവൃതമാകുന്നതുകണ്ട് ഞെട്ടി. തങ്ങളെ നിത്യദാരിദ്ര്യത്തിലേക്കു തള്ളിയിട്ടിരിക്കുന്ന ഭരണക്കാരുടെ നൃശംസതകൾ കണ്ട് ഗ്രാമജനത ഇളകിവശായി.  അവർ ചത്വരത്തിനു ചുറ്റും ഒത്തുകൂടുകയും ഭരണാധിപന്മാർക്കെതിരെ പന്തം കൊളുത്തി ആക്രോശിക്കുകയും ചെയ്തു.  പക്ഷിയാകട്ടെ, ദേശാന്തരങ്ങൾ താണ്ടുന്ന തന്റെ ശബ്ദത്താൽ, അയൽഗ്രാമങ്ങളിലും പൂമണമുള്ള പന്തങ്ങൾക്ക് തീ പകർന്നു.  

ഏതൊരു സമൂഹത്തിന്റെയും കെട്ടുറപ്പ്, അതിനെ ബാധിച്ച വ്രണങ്ങളെ മൂടിവെക്കുന്നതിലുള്ള അധികാരികളുടെ ശുഷ്കാന്തിയെ ആശ്രയിച്ചാണിരിക്കുന്നത്.  തങ്ങൾക്കെതിരെ രൂപം കൊള്ളുന്ന കൊടുങ്കാറ്റിനെപ്പറ്റി ഭരണാധിപന്മാർ ജാഗ്രവാന്മാരായി.  മുഖ്യ ന്യായാധിപനെ കാര്യങ്ങൾ തെര്യപ്പെടുത്തി, തങ്ങൾക്കു വേണ്ട ഉത്തരവുകൾ എഴുതിവാങ്ങി.  അനന്തരം ഉത്തരവുകളുമായി മുന്നേറിയ പീരങ്കിപ്പട ചത്വരത്തിനു ചുറ്റും തടിച്ചുകൂടിയ ജനതതിക്കുനേരെ കനിവുണ്ടകൾ കത്തിച്ചുവിട്ടു.  ശ്വാസം നിലച്ചുപോയവരെ ഗ്രാമത്തിന്റെ പടിഞ്ഞാറുള്ള ചതുപ്പു നികത്താൻ വിട്ട് മറ്റുള്ളവരെ കോട്ടയ്ക്കുള്ളിലെ പ്രകാശനിബദ്ധമായ അറകളിൽ സുഖവാസത്തിനയച്ചു. 

ചത്വരത്തിൽ മടങ്ങിയെത്തിയ കിങ്കരന്മാർ ന്യായശാസനങ്ങളിൽ എഴുതിയിരുന്നതുപോലെ, പക്ഷിയെപ്പിടിച്ച് നാവരിഞ്ഞ് ചുണ്ടുകൾ ചേർത്തുവെച്ച് ഭരണമുദ്രയായ സ്വസ്തിക അടയാളപ്പെടുത്തി വർണ്ണമനോഹരമായ ചില്ലുകൂട്ടിലടച്ചു. 

                                      ***                ***                ***

ഗ്രാമത്തിലിപ്പോൾ ശാന്തിയും സമാധാനവും കളിയാടുന്നു.  ന്യായപാലനം എത്രയും ശുഷ്കാന്തിയോടെ നടത്തപ്പെടുന്നു.  ഞാനിതാ, വളരെനാളായി നിലച്ചുപോയ എന്റെ രാത്രിസഞ്ചാരത്തിനായി ഇറങ്ങുന്നു.





Sunday, December 11, 2011

പ്രവാസശേഷം

പ്രവാസശേഷം

വീടിന്റെ ചുമരുകൾ തേച്ചിരുന്നില്ല
മുറിയുടെ മൂലകളിൽ
കുഴിയാനകളുടെ വാരിക്കുഴികൾ.
അഞ്ചുവർഷത്തെ തുടർപ്രവാസത്തിന്റെ കണ്ണീരും
മൂന്നുമാസത്തെ അവധിയുടെ വിയർപ്പും
സമംചേർത്തുയർത്തിയത്.

തൊടിയിൽ കിണർ ഒരു പ്രലോഭനം പോലെ
തറനിരപ്പിൽ വാപിളർന്നു നിന്നിരുന്നു.
ഷൈമയും ഷെറിനും ചിത്രശലഭത്തോടൊപ്പം പറക്കുന്നത്
മനസ്സിലെ കാളൽ ഏറ്റിയിരുന്നെന്ന്.

അന്നമില്ലെങ്കിലും
അടച്ചുറപ്പുണ്ടല്ലോ എന്ന്
ആർത്തിക്കണ്ണുകളെ
പണ്ടു നേരിട്ടിരുന്ന അവൾ പറഞ്ഞെന്ന്.

പിരിയുമ്പോൾ കൊടുത്തിരുന്ന
രണ്ടുവർഷത്തിന്റെ ലവണരസമുള്ള ഉറപ്പ്
കടത്തിന്റ് കാടുകയറിയിട്ട് വർഷം രണ്ടായെന്ന്.

ഒക്കെയും ജോലിയുടെ ഇടനേരങ്ങളിൽ
പുകയോടൊപ്പം പുറത്തുവന്നവ.

അവസാനം,
പ്രാർത്ഥനാനേരത്തെ ആംബുലൻസിന്റെ നിലവിളിക്കിടയിൽ
നിലച്ചുപോയ പിടച്ചിലായി,
തലച്ചോറിലൊക്കെയും പുകപടർന്ന്,
ഒരാഴ്ച വെന്റിലേറ്റർ നീട്ടിയ ശ്വാസമായി,
തണുത്തു മരവിച്ച ഒരു തിരിച്ചുപോക്ക്.