Wednesday, November 9, 2011

യുദ്ധത്തിൽ ബാക്കിയാവുന്നത്


യുദ്ധത്തിൽ ബാക്കിയാവുന്നത്

(ഇറാഖ് യുദ്ധകാലത്ത് ആയിരങ്ങളെ കൊന്നൊടുക്കിയവർതന്നെ തങ്ങളുടെ ബോംബിങ്ങിനിടെ കൈകാലുകൾ അറ്റുപോയ അലി(എന്നാണോർമ്മ) എന്ന ബാലനെ ഇംഗ്ലണ്ടിൽ കൊണ്ടുപോയി കൃത്രിമ കൈകാലുകൾ വെച്ചുകൊടുത്തതും മറ്റു സുഖസൗകര്യങ്ങളൊരുക്കിയതും അന്നത്തെ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയായിരുന്നു. അന്നെഴുതിയത് നഷ്ടപ്പെട്ടുപോയതിനാൽ ഓർമ്മയിൽ നിന്നും എഴുതുന്നത്.)

പ്രകൃതി നൽകിയ കരചരണങ്ങൾ
അറുത്തെറിഞ്ഞിട്ടാണെങ്കിലെന്ത്?
പളപളാത്തിളങ്ങുന്നവ പകരം തന്നില്ലേ?

പിച്ചവെച്ച വീടും
പാൽചുരത്തിയ സ്നേഹവും
ഭസ്മമാക്കിയിട്ടാണെങ്കിലെന്ത്?
പഞ്ചനക്ഷത്രങ്ങളുടെ കീഴെ
വിരുന്നുതന്നില്ലേ?

ഈന്തില മെനഞ്ഞു ഞാനുണ്ടാക്കിയ
കളിപ്പന്തു ചുട്ടെരിച്ചിട്ടായാലെന്ത്?
പുതുപുത്തൻ നോക്കിയ ഫോണും
മിക്കിമൗസും കളിക്കാൻ തന്നില്ലേ?

യൂഫ്രട്ടീസിലെ തെളിനീരിൽ
നിണമൊഴുക്കിയിട്ടായാലെന്ത്?
മധുരമൂറുന്ന പെപ്സിയും കോക്കും
കുടിക്കാൻ തന്നില്ലേ?
തെംസിലെ കുഞ്ഞോളങ്ങളിൽ ഞാൻ
കളിവഞ്ചിയിറക്കിയില്ലേ

എന്റെ കളിക്കൂട്ടുകാർക്ക്
ഖബറൊരുക്കിയിട്ടായാലെന്ത്?
‘പിക്കാഡില്ലി’യിലെ കോമാളികൾ
എനിക്കുചുറ്റും നൃത്തം വെച്ചില്ലേ?

    ***     ***    ***
എല്ലാം കഴിഞ്ഞ്,
ക്യാമറകളുടെ വെള്ളിവെളിച്ചത്തിൽ മുങ്ങി,
പടിഞ്ഞാറിന്റെ ഭൂതദയയുടെ പര്യായമായി
ഞാൻ തിരിച്ചുപോകുമ്പോൾ
അറുത്തെറിയപ്പെട്ട ഒരു കൈ
അവിടെ ബാക്കിയുണ്ടാവും.

ശിഷ്ട ജീവിതത്തിൽ
അതെന്നെ പിന്തുടരാതിരിക്കാൻ
ഞാനെന്തു ചെയ്യണം ?